സുറ: പ്രേക്ഷകരെ കളിയാക്കുന്ന സിനിമ

ദയാ ഹരേഷ്

WEBDUNIA|
PRO
ക്ഷമയ്ക്ക് ഒരു നെല്ലിപ്പലകയുണ്ടെങ്കില്‍ അത് പലതവണ കാണേണ്ടി വന്നത് കളിക്കുന്ന തിയേറ്ററിനുള്ളിലാണ്. ഇത് ഒരര്‍ത്ഥത്തിലും ‘സിനിമ’ എന്ന പേരുകൂട്ടി വിളിക്കപ്പെടേണ്ട ഉത്പന്നമല്ല. തമിഴകത്തെ ഒരു വലിയ താരം അഭിനയിച്ച നാലാം കിട നാടകം. എസ് പി രാജ്‌കുമാര്‍ എന്ന സംവിധായകനും വിജയ് എന്ന സൂപ്പര്‍താരവും തമിഴ് സിനിമാപ്രേക്ഷകരെ വളരെ ഭംഗിയായി കബളിപ്പിച്ചിരിക്കുന്നു.

തന്‍റെ സിനിമ കാണേണ്ടത് ആരാണെന്ന് വിജയ് മുന്‍‌കൂട്ടി തീരുമാനിച്ച് ആ ന്യൂനപക്ഷത്തിനു വേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ട ചിത്രമാണ് സുറ. മലയാളത്തിലെ ‘ഛോട്ടാമുംബൈ’ എന്ന ചിത്രത്തിന്‍റെ റീമേക്കാണ് സുറ എന്നൊരു വാര്‍ത്ത നേരത്തേ പ്രചരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒരു ഭേദപ്പെട്ട സിനിമയായിരിക്കും എന്ന പ്രതീക്ഷയിലാണ് സുറ കാണാന്‍ പോയത്. അങ്ങനെയുള്ള പ്രതീക്ഷയില്‍ ഇനിയും സുറ കാണാന്‍ തീരുമാനിച്ചിരിക്കുന്ന പ്രേക്ഷകരോട് പറയട്ടേ, ഇത് ഛോട്ടാമുംബൈയുടെ റീമേക്കല്ല!

അമ്പതാം ചിത്രമാണ് തന്‍റെ കരിയറിലെ ഏറ്റവും മോശപ്പെട്ട സിനിമയെന്ന് വിജയ്ക്ക് തന്നെ സമ്മതിക്കേണ്ടി വരുന്ന തരത്തിലുള്ള പടപ്പാണ് സുറ. പ്ലസ് പോയിന്‍റ്‌ എന്നു പറയാന്‍ വടിവേലുവിന്‍റെ കുറെ തമാശകള്‍ മാത്രം(അമ്പര്‍ല എന്നാണ് വടിവേലുവിന്‍റെ കഥാപാത്രത്തിന്‍റെ പേര്. പതിവു പോലെ തമാശ ജനിപ്പിക്കാനായി മുഖത്തും തലയിലുമൊക്കെ വച്ചുകെട്ടലുകള്‍ ഈ കഥാപാത്രവും നടത്തുന്നുണ്ട്). എന്നാല്‍ ആ തമാശകള്‍ മാത്രമെങ്കിലും ആസ്വദിക്കാന്‍ മറ്റ് അട്ടഹാസങ്ങള്‍ അനുവദിക്കുന്നില്ല.

യാഴ് നഗര്‍ എന്ന കടലോരഗ്രാമത്തിലെ മീന്‍‌പിടുത്തക്കാരനാണ് വിജയ് അവതരിപ്പിക്കുന്ന സുറ(സുറ എന്നാല്‍ സ്രാവ് എന്നര്‍ത്ഥം). പതിവു പോലെ ഇത്തവണയും നാട്ടുകാരുടെ രക്ഷകനാണ് വിജയ്. ഗ്രാമീണര്‍ക്ക് നല്ലകാര്യങ്ങള്‍ ചെയ്തുകൊണ്ട്, അവരുടെ പ്രിയപ്പെട്ടവനായി അയാള്‍ കഴിയുകയാണ്.

അതിനിടയിലാണ് ദേവ് ഗില്‍ അവതരിപ്പിക്കുന്ന സമുദ്രരാജ എന്ന മന്ത്രിയുടെ രംഗപ്രവേശം. യാഴ് നഗറിലെ ജനങ്ങളെ ഒഴിപ്പിച്ച് ആ ഭൂമി സ്വന്തമാക്കുകയാണ് മന്ത്രിയുടെ ലക്‍ഷ്യം. സുറ അയാളുടെ നീക്കങ്ങളോട് ഏറ്റുമുട്ടുന്നു. എങ്ങനെയും സുറയെ ഇല്ലാതാക്കാ‍നായി അയാളുടെ ശ്രമം. ഒടുവില്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സുറ ഗ്രാമീണരെ രക്ഷിക്കുകയാണ്.

തമന്നയാണ് ചിത്രത്തിലെ നായിക. പൂര്‍ണിമ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ആത്മഹത്യ ചെയ്യാനായി കടലില്‍ ചാടിയ പൂര്‍ണിമയെ സുറ രക്ഷപെടുത്തുന്നതോടെ അവരുടെ പ്രണയകഥ തുടങ്ങുകയാണ്. പിന്നീട് പാട്ടും ആട്ടവും. പോക്കിരിയിലെയും അഴകിയ തമിഴ്മകനിലെയും സ്റ്റെപ്പുകള്‍ ഡാന്‍സില്‍ ആവര്‍ത്തിച്ചിരിക്കുകയാണ് വിജയ്. മണിശര്‍മ്മ ഈണമിട്ട ഗാനങ്ങള്‍ കേട്ടിരിക്കാം. നാന്‍ നടന്താല്‍ അതിരടി, തഞ്ചാവൂര്‍ ജില്ലക്കാരീ തുടങ്ങിയ ഗാനങ്ങള്‍ വിജയ് ആരാധകര്‍ക്ക് വിസിലടിച്ച് കൂടെ നൃത്തം ചെയ്യാന്‍ പറ്റിയവയാണ്.

വിജയ്‌ക്കോ തമന്നയ്ക്കോ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത കഥയും തിരക്കഥയും. കുരുവി, വില്ലു തുടങ്ങിയ സിനിമകള്‍ നല്‍കിയ രസം പോലും പ്രദാനം ചെയ്യാനാകാതെ സമ്പൂര്‍ണമായ പരാജയമാണ് സിനിമ എന്ന നിലയില്‍ ഈ ചിത്രം. വടിവേലുവുള്ളതുകൊണ്ട് ഇടവേളവരെ എങ്ങനെയെങ്കിലും കണ്ടിരിക്കാം. അതിനുശേഷം അതിക്രൂരമായ പ്രേക്ഷകവധമാണ് അരങ്ങേറുന്നത്.

വണ്‍‌സ്‌മോര്‍, കാര്‍മേഘം, അഴകര്‍ മലൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എസ് പി രാജ്കുമാര്‍ അതിനേക്കാള്‍ ഒരു ശതമാനം പോലും സംവിധാനമികവ് ഈ ചിത്രത്തില്‍ പുലര്‍ത്തുന്നില്ല. പാട്ടിനും നൃത്തത്തിനും ആക്ഷന്‍ രംഗങ്ങള്‍ക്കും വേണ്ടിയൊരു ചിത്രം. അവ കാണാനായി സിനിമ കാണേണ്ടതുണ്ടോ, ഏതെങ്കിലും ക്ലബ്ബില്‍ മെമ്പര്‍ഷിപ്പെടുക്കാം എന്നാണ് ഒരു പ്രേക്ഷകന്‍റെ ചോദ്യം.

എന്തായാലും, കടുത്ത വിജയ് ആരാധകര്‍ക്കു പോലും ബോറടിക്കുന്ന ചിത്രമായിരിക്കും ‘സുറ’. വിജയ് തന്‍റെ നിലപാട് വീണ്ടും വീണ്ടും പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :