മകന്‍റെ അച്ഛന്‍ - പഴങ്കഥപ്പായസം

യാത്രി ജെസെന്‍

WEBDUNIA|
‘ഒന്നും പറയാനില്ലെങ്കില്‍ എന്തെങ്കിലും പറയുക’ എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് മലയാളത്തിലെ ചില സിനിമക്കാരുടെ കാര്യം. കൈകാര്യം ചെയ്യുന്ന സബ്ജക്ടില്‍ അവര്‍ക്കു തന്നെ വിശ്വാസമുണ്ടാകില്ല, എങ്കിലും ആടയും ആഭരണങ്ങളുമിട്ട് തിയേറ്ററിലെ സ്ക്രീനിലേക്ക് ഇറക്കി നിര്‍ത്തും. ആടയാഭരണങ്ങള്‍ കണ്ട് മതിമയങ്ങിയ പാവം പ്രേക്ഷകനാകട്ടെ തിയേറ്ററിലെത്തി ഇളിഭ്യനാകും. ആഭരണങ്ങളെല്ലാം മുക്കുപണ്ടമായിരുന്നെന്ന്, അകലെ നിന്ന് തോന്നിയ സൌന്ദര്യം വെറും ‘മേക്കപ്പ് ബ്യൂട്ടി’യായിരുന്നെന്ന് സിനിമയുടെ അവസാനം മാത്രം തിരിച്ചറിയും.

ഇത്തരത്തില്‍ പ്രേക്ഷകര്‍ വഞ്ചിതരായിപ്പോകുന്ന ഒരു സിനിമയാണ് സെവന്‍ ആര്‍ട്സ് നിര്‍മ്മിച്ച് വി എം വിനു സംവിധാനം ചെയ്ത ‘മകന്‍റെ അച്ഛന്‍’. ശ്രീനിവാസന്‍റെയും മകന്‍ വിനീതിന്‍റെയും കോമ്പിനേഷന്‍ സൌന്ദര്യം പോസ്റ്ററുകളിലും മറ്റും ആസ്വദിച്ച് തിയേറ്ററിലെത്തുന്ന പ്രേക്ഷകനെ സംവിധായകന്‍ ഇളിഭ്യനാക്കുന്നു. മലയാളസിനിമയില്‍ കഴിഞ്ഞ അമ്പത് വര്‍ഷങ്ങളായി കുറഞ്ഞത് ആയിരം തവണയെങ്കിലും പറഞ്ഞു പഴകിയ ‘അച്ഛന്‍ - മകന്‍ ഹൃദയബന്ധം’ തന്നെയാണ് വി എം വിനു പുതിയ കുപ്പിയിലാക്കി വില്‍ക്കാന്‍ ശ്രമിക്കുന്നത്.

അഴിമതിക്കാരനല്ലാത്ത വില്ലേജ് ഓഫീസര്‍ വിശ്വനാഥനും(ശ്രീനിവാസന്‍), തലതെറിച്ച മകന്‍ മനുവും(വിനീത് ശ്രീനിവാസന്‍), ഇവരുടെ ഇടയില്‍ ധര്‍മ്മ സങ്കടമനുഭവിക്കുന്ന വിശ്വനാഥന്‍റെ ഭാര്യയും(സുഹാസിനി) അടങ്ങുന്ന കുടുംബത്തെയാണ് തിരക്കഥാകൃത്ത് അവതരിപ്പിക്കുന്നത്. തിരക്കഥാകൃത്ത് സംജദ് നാരായണന്‍. ആദ്യ ചെയ്തിയുടെ ബാലാരിഷ്ടതകള്‍ മുഴുവന്‍ തെളിഞ്ഞുകാണുന്ന ഒരു തിരക്കഥയാണ് അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നത്. ഒരു നവാഗതന്‍ എഴുതിയ തിരക്കഥയുടെ ദൌര്‍ബല്യങ്ങള്‍ സംവിധാനമികവിലൂടെ പരിഹരിക്കാന്‍ വി എം വിനു ശ്രമിച്ചു കണ്ടതുമില്ല.

വിശ്വനാഥന് മകനെ ഒരു എഞ്ചിനീയറാക്കണമെന്നാണ് ആഗ്രഹം. അതിനായി അദ്ദേഹം ഇപ്പോള്‍ തന്നെ വലിയൊരു തുക ചെലവാക്കിക്കഴിഞ്ഞു. എന്നാല്‍ മകനാകട്ടെ, റിയാലിറ്റി ഷോയില്‍ പങ്കെടുക്കണമെന്നും പാട്ടുകാരനാകണമെന്നുമാണ് മോഹം. മകന്‍റെ മോഹം അച്ഛന് എത്ര പറഞ്ഞാലും മനസിലാകില്ലല്ലോ. കാരണം ജനറേഷന്‍ ഗ്യാപ്. (ഈ ജനറേഷന്‍ ഗ്യാപ് മനോഹരമായി അവതരിപ്പിച്ച ‘ഇഷ്ടം’ എന്ന സിനിമ നമ്മുടെ മുമ്പിലുണ്ട്.)

അച്ഛനും മകനും തമ്മിലുള്ള വാദപ്രതിവാദങ്ങളില്‍ ആദ്യപകുതി മുന്നോട്ടു കൊണ്ടുപോകാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. വി എം വിനുവിന്‍റെ കഴിഞ്ഞ ചിത്രങ്ങളൊക്കെ കണ്ടിട്ടുള്ള ഒരു പത്തുവയസുകാരനു പോലും ഈ സിനിമയുടെ രണ്ടാം പകുതി പ്രവചിക്കാന്‍ കഴിയും. എല്ലാം കലങ്ങിത്തെളിഞ്ഞ്, അച്ഛനും അമ്മയും മകനും സന്തോഷമായി ഒരു നൂറു കൊല്ലം ജീവിച്ചു എന്ന് വേണമെങ്കില്‍ ചിത്രത്തിന്‍റെ അവസാനം എഴുതിവയ്ക്കാമായിരുന്നു. കുടുംബചിത്രം എന്നാല്‍ ഇതാണ് എന്ന് ധരിച്ചുവശായിപ്പോയ സംവിധായകരുടെ മുന്‍‌നിരയിലേക്ക് ഒരു ചുവടുകൂടെ അടുത്തിരിക്കുന്നു വി എം വിനു.

നന്ദനത്തില്‍ ജഗതിശ്രീകുമാര്‍ അവതരിപ്പിച്ച കപടസ്വാമിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു വേഷം ഈ സിനിമയിലും ജഗതി അവതരിപ്പിക്കുന്നു. ജഗതി തന്‍‌മാത്രയില്‍ അവതരിപ്പിച്ച പ്യൂണിനെ അനുസ്മരിപ്പിക്കുന്ന ഒരു പ്യൂണ്‍ കഥാപാത്രമായി സലിം കുമാര്‍ വേഷമിടുന്നു. തിലകന്‍ സ്ഫടികത്തില്‍ അവതരിപ്പിച്ച കര്‍ക്കശക്കാരനായ അധ്യാപകനെ ഓര്‍മ്മിപ്പിക്കുന്ന കഥാപാത്രമായി തിലകന്‍ തന്നെ ഈ ചിത്രത്തിലും വരുന്നു. ഇങ്ങനെ മുന്‍‌കാല ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും കൊണ്ട് ദുര്‍ബലമായിപ്പോകുന്ന ഒരു പാവം സൃഷ്ടി മാത്രമായി ‘മകന്‍റെ അച്ഛന്‍’ മാറുന്നു.

ശ്രീനിവാസന്‍ ഭാഗമാകുന്ന ചിത്രങ്ങളില്‍ ഒരു വസന്തകാലമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുക. എന്നാല്‍, ഒരു പ്ലാസ്റ്റിക് പൂവ് നീട്ടി പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍. പൂവിന് മണമില്ലെന്ന് മാത്രമല്ല, മുള്ളാല്‍ മുറിവേല്‍ക്കുകയും ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :