യാത്രി ജെസെൻ|
Last Updated:
തിങ്കള്‍, 18 ജനുവരി 2016 (12:35 IST)
ചില കാര്യങ്ങളിൽ എനിക്ക് വാശിയുണ്ട്. അത് ജോസഫിന് നന്നായറിയാം. അതിലൊന്നാണ് പൃഥ്വിരാജിൻറെ സിനിമ ആദ്യനാൾ കാണുക എന്നുള്ളത്. ഇന്നലെ രാത്രിയിൽ എനിക്കുറങ്ങാൻ കഴിഞ്ഞിരുന്നില്ല. കടുത്ത ശ്വാസം മുട്ടൽ. മുഖം നീരുവന്ന് വീങ്ങിയതുപോലെയിരുന്നു. അമ്മുവിന് കാര്യം മനസിലായി. ബിപി വല്ലാതെ കൂടിയിരിക്കുന്നു. ഇപ്പോൾ ഞാൻ ഒരു കെയറും എടുക്കുന്നില്ല എന്ന് അവളുടെ പരാതിയാണ്. അതിൽ സത്യവുമുണ്ട്. എനിക്ക് തോന്നുന്ന ആഹാരമൊക്കെ കഴിക്കുന്നുണ്ട്. ചിക്കൻ കറി കാണുമ്പോൾ വായിൽ വെള്ളം നിൽക്കുന്നില്ല. ജോസഫിൻറെ അമ്മച്ചി പട്ടാമ്പീന്ന് കൊടുത്തുവിട്ട ഇഞ്ചിപ്പുളി ഇഷ്ടംപോലെ തട്ടുന്നുണ്ട്. ബിപി നോക്കിയിരുന്നാൽ അവിടിരിക്ക്വേള്ളൂ.
അമ്മു വിളിച്ചിട്ടാണ് ജോസഫ് രാവിലെ തന്നെ എത്തിയത്. ഉടൻ തന്നെ ഹോസ്പിറ്റലിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കക്ഷി വന്നത്. ഞാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. ജോസഫിനോട് കാറിൽ കയറുമ്പോൾ തന്നെ പറഞ്ഞു - ഹോസ്പിറ്റലിലേക്കല്ല, 'പാവാട' സിനിമ കളിക്കുന്ന തിയേറ്ററിലേക്ക്. ജോസഫിന്റെ ദേഷ്യം ഞാൻ കാര്യമാക്കുന്നില്ല. എൻറെ വാശിയുടെ മൂർച്ച എന്താണെന്ന് നന്നായി അറിയാവുന്ന ആൾ ആണല്ലോ.
ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത സിനിമയാണ്. പുള്ളീടെ മുമ്പത്തെ രണ്ടുപടങ്ങളും ഞാൻ കണ്ടിട്ടുള്ളതാണ്. രണ്ടുപടങ്ങളെയും എല്ലാവരും കുറ്റം പറഞ്ഞുകൊന്നതാണല്ലോ. എന്നാൽ ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ് എനിക്ക് പിടിച്ച സിനിമയാണ്. അത് മമ്മൂട്ടിയുടെ ഒരു വ്യത്യസ്തമായ വേഷമായിരുന്നു. തിരക്കഥകളിൽ ഉണ്ടാകുന്ന പാളിച്ചകളാണ് ആ സിനിമകൾക്കൊക്കെയും പറ്റിയത്. സംവിധായകൻ എന്ന നിലയിൽ മാർത്താണ്ഡൻ ഏബിളാണെന്ന് തെളിയിക്കുന്ന സിനിമകളായിരുന്നു രണ്ടും.
'പാവാട'യിൽ പൃഥ്വിരാജിനെക്കൂടാതെ അനൂപ് മേനോനുണ്ട്. അയാൾടെ സോൾട്ട് 'ൻ പെപ്പർ ലുക്ക് എനിക്ക് പണ്ടേയിഷ്ടമാണ്. ഐ ലവ് മീ എന്നൊരു സിനിമയുണ്ടല്ലോ. ആ പടം മുഴുവൻ ഞാൻ കണ്ടിരുന്നത് തന്നെ അനൂപിൻറെ ആ ലുക്കിൻറെ ആശ്വാസത്തിലായിരുന്നു. പൃഥ്വിയും അനൂപും നെടുമുടിയും മണിയൻപിള്ളയും ചേർന്നപ്പോൾ തന്നെ അതൊരു വല്ലാത്ത കോമ്പിനേഷനായി. സമയം പറന്നുപോയതറിയില്ല. മാർത്താണ്ഡൻറെ കഴിഞ്ഞ രണ്ടുസിനിമകളും നമുക്ക് മറക്കാം. അസാധാരണമായ ഒരു സിനിമാനുഭവമാണ് പാവാട. പൃഥ്വിരാജിൻറെ ഗംഭീരമായ പ്രകടനത്തിൽ മതിമറന്നിരുന്നുപോയി ഞാൻ.
പൃഥ്വിക്ക് കോമഡി വഴങ്ങില്ലെന്ന് കുശുമ്പുപറഞ്ഞിരുന്നവരുടെ തലയ്ക്കിട്ടൊരു കിഴുക്കായിരുന്നു 'അമർ അക്ബർ ആൻറണി' എങ്കിൽ ഇത് അതുക്കും മേലെയാണ്. പാവാടയുടെ ആദ്യ പകുതിയിൽ പൃഥ്വിയുടെ 'പാമ്പാട്ട'മാണ്. പാമ്പ് ജോയി നിറഞ്ഞുകളിക്കുന്നു. ഇൻറർവെൽ വരെ തലയറഞ്ഞ് ചിരിച്ചെങ്കിൽ ഇൻറർവെല്ലിന് അൽപ്പം ടെൻഷൻ വിതച്ചുകൊണ്ട് ഒരു സൂപ്പർ പഞ്ച്. ആദ്യ പകുതി സൂപ്പർ. രണ്ടാം പകുതിയാകട്ടെ ഗൗരവമുള്ള ഒരു കഥയിലേക്ക് കാര്യങ്ങൾ കടക്കുകയാണ്. എന്നാൽ ഒരു സീരിയസ് ഘട്ടത്തിലൂടെ കഥ മുന്നോട്ടുപോകുമ്പോഴും ഒരു നിമിഷം പോലും ബോറടിക്കുന്നില്ല. ക്ലൈമാക്സിലേക്ക് കയറുമ്പോൾ കഥ സിക്‌സ്‌ത് ഗിയറിലാണ് പായുന്നത്.
കൂടുതല്‍ നിരൂപണങ്ങള്‍ക്ക്
ബുക്ക് മൈ ഷോയിലേക്ക്
പാമ്പും പാവാടയും തകർക്കുന്ന രംഗങ്ങളാണ് സിനിമയുടെ ജീവൻ. പാമ്പ് ജോയിയുടെ ജീവിതത്തിൽ അനൂപ് മേനോൻറെ കഥാപാത്രം എങ്ങനെ ഇടപെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് നമ്മളിൽ ക്യൂരിയോസിറ്റി വളർത്തും. ആദ്യപകുതിയിൽ പൃഥ്വിയുടെ വിളയാട്ടമായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ അനൂപ് മേനോൻറെ തകർപ്പൻ പ്രകടനത്തിന് നമുക്ക് സാക്‌ഷ്യം വഹിക്കാം.
ക്ലീറ്റസിലും അച്ഛാദിന്നിലും കണ്ട മാർത്താണ്ഡനേയല്ല പാവാടയിൽ. ബിപിൻ ചന്ദ്രൻറെ ഗംഭീര തിരക്കഥ കൂടിയായപ്പോൾ
പാവാട ഒരു ഒന്നാന്തരം ദൃശ്യവിരുന്നാക്കാൻ മാർത്താണ്ഡന് കഴിഞ്ഞു. ചിരിക്കാനും ചിന്തിക്കാനുമുള്ള സിനിമയാണ് പാവാട. മികച്ച സന്ദേശം വഹിക്കുന്ന സിനിമ. എന്നാൽ പ്രേക്ഷകരെ പിടിച്ചിരുത്തി ക്ലാസ് എടുപ്പിക്കുന്ന രീതിയുമല്ല. ഒന്നാന്തരം എൻറർടെയ്നർ.
അഭിനേതാക്കളിൽ 100ൽ 101 മാർക്കും നേടുന്നത് പൃഥ്വിയാണ്. അനൂപും നെടുമുടിയും മണിയൻപിള്ളയും സൂപ്പറായി. ആശാ ശരത്തിൻറെ കഥാപാത്രം എനിക്കൊരു ഒരു സർപ്രൈസ് ഗിഫ്റ്റായി. ആശ ഈ ചിത്രത്തിലുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ആശ രണ്ട് സീനിൽ വരുന്നുണ്ടെന്ന് പറഞ്ഞുമാത്രം തൂങ്കാവനം സിനിമ കണ്ടയാളാണ് ഞാൻ. അത്രയ്ക്ക് കടുത്ത ഫാൻ. തകർപ്പൻ പെർഫോമൻസാണ് ആശ പാവാടയിൽ കാഴ്ച വയ്ക്കുന്നത്.
മിയ, ചെമ്പൻ വിനോദ്, ഷാജോൺ, സുധീർ കരമന എന്നിവരും അവരവരുടെ റോളുകൾ നന്നായി ചെയ്തു. പ്രദീപ് നായരുടെ ഛായാഗ്രഹണം മികച്ചതായിരുന്നു. ഗോപി സുന്ദറിൻറെ പശ്ചാത്തല സംഗീതം ചിത്രത്തിൻറെ മാറ്റ് കൂട്ടുന്നു.
ഇന്നത്തെ എൻറെ ദിവസം സൂപ്പറാക്കിയതിന് പൃഥ്വിക്ക് നന്ദി. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ ജോസഫ് എന്നെ നോക്കി. "ആശുപത്രിയിലേക്കല്ല, നേരെ വീട്ടിലേക്ക്..." ഞാൻ പറഞ്ഞു. ജോസഫ് ചിരിച്ചുപോയി - "അല്ലെങ്കിലും... നിന്നെ കണ്ടാലറിയാം... ബിപിയൊക്കെ പാമ്പ് ജോയി കൊണ്ടുപോയിരിക്കുന്നു" !
റേറ്റിംഗ്: 3.5/5