കുഞ്ഞാട് ചരിത്ര വിജയം, ടൂര്‍ണമെന്‍റ് കിതയ്ക്കുന്നു

WEBDUNIA|
PRO
ദിലീപ് - ഷാഫി - ബെന്നി പി നായരമ്പലം ടീം ‘കല്യാണരാമന്‍’ ആവര്‍ത്തിക്കുകയാണ്. തകര്‍പ്പന്‍ വിജയമാണ് ഈ ക്രിസ്മസ് ചിത്രം നേടുന്നത്. റിലീസായ എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഫുള്‍ ഹൌസിലാണ് കളിക്കുന്നത്. മികച്ച കഥയും നല്ല തിരക്കഥയുമാണ് ചിത്രത്തിന് ഗുണമായത്.

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജ് കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ഒരു കഥാപാത്ര സൃഷ്ടിയാണ് ദിലീപിന്‍റെ കുഞ്ഞാട് സോളമന്‍. ഒരു പാവം പയ്യന്‍. നാട്ടുകാരുടെ ചെണ്ടയാണിയാള്‍ എന്നുപറയാം. കൊച്ചുകുട്ടികള്‍ പോലെ കുഞ്ഞാടിനെ കണ്ടാല്‍ പെരുമാറാതെ വിടില്ല. ‘തെരുവിന്‍റെ നൊമ്പരം’ എന്ന കുട്ടികളുടെ സിനിമയും പള്ളിയിലെ മോഷണം പോയ പൊന്‍‌കുരിശ് പുനര്‍നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് ശേഖരിക്കുന്നതിനായി ഇടവക നിര്‍മ്മിച്ച സിനിമയും സംവിധാനം ചെയ്ത് പാതിവഴിയില്‍ നിര്‍ത്തിയ ചീത്തപ്പേര് കുഞ്ഞാട് സോളമനെ വിട്ടുമാറുന്നതേയില്ല. പോരാത്തതിന് ഇട്ടിച്ചന്‍ മുതലാളിയുടെ മകള്‍ മേരിയുമായി സോളമന്‍ പൊരിഞ്ഞ പ്രേമത്തിലും.

സോളമന്‍ എന്ന കഥാപാത്രത്തെ ദിലീപ് ഗംഭീരമാക്കി. ഏറെക്കാലത്തിന് ശേഷം ബിജു മേനോന്‍ തകര്‍ത്തഭിനയിച്ച സിനിമകൂടിയാണ് മേരിക്കുണ്ടൊരു കുഞ്ഞാട്. ‘ജോസേട്ടന്‍’ എന്ന കഥാപാത്രം ബിജുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ജോസേട്ടന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നുള്ള സസ്പെന്‍സാണ് ഈ സിനിമയെ മുന്നോട്ടു നയിക്കുന്നത്.

ഓരോ രംഗവും ചിരിയുടെ അലയൊലികള്‍ സൃഷ്ടിക്കുന്ന രീതിയിലാണ് ഷാഫി ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച ഗാനങ്ങളും ഈ സിനിമയുടെ പ്രത്യേകതയാണ്. കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ഈ ലോ ബജറ്റ് സിനിമ കോടികളുടെ ലാഭം നേടുമെന്നാണ് സിനിമാ വിദഗ്ധരുടെ പ്രവചനം.

അതേസമയം, ലാല്‍ സംവിധാനം ചെയ്ത ടൂര്‍ണമെന്‍റ് പരാജയത്തിലേക്ക് നീങ്ങുന്നു. പ്രേക്ഷകരെ ആകര്‍ഷിക്കാനോ ആവേശമുണര്‍ത്താനോ ടൂര്‍ണമെന്‍റിന് കഴിയുന്നില്ല. മമ്മൂട്ടിയുടെ ബെസ്റ്റ് അക്ടറും വാരാന്ത്യങ്ങളില്‍ മികച്ച ബോക്സോഫീസ് പ്രകടനം നടത്തുന്നു. അതേസമയം, മോഹന്‍ലാലിന്‍റെ കാണ്ഡഹാര്‍ ദയനീയ പരാജയമായി മാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :