ഉട്ടോപ്യയിലെ രാജാവ് - നിരൂപണം

Last Updated: വ്യാഴം, 27 ഓഗസ്റ്റ് 2015 (20:38 IST)
പൊളിറ്റിക്കല്‍ സറ്റയര്‍ എന്നതിന് മലയാളത്തില്‍ എന്നും എക്കാലത്തും പഞ്ചവടിപ്പാലമെന്നോ സന്ദേശമെന്നോ ഒക്കെയാണ് അര്‍ത്ഥം. അതിനുമപ്പുറത്തേക്ക് സിനിമകള്‍ ചെയ്യാന്‍ പലതവണ നമ്മുടെ സംവിധായകര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പലവിധ പാകപ്പിഴകളാല്‍ എങ്ങുമെത്താതെ പോകുകയാണ് പതിവ്. അത്തരമൊരു ശ്രമമാണ് കമല്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ‘ഉട്ടോപ്യയിലെ രാജാവ്’.
 
എന്നാല്‍ നല്ല ഒരു പ്ലോട്ടിന്‍റെ അഭാവം, ദുര്‍ബലമായ തിരക്കഥ, താരങ്ങളില്‍ ചിലരുടെ അമിതാഭിനയം എല്ലാം ഈ സിനിമയെ കുഴപ്പത്തിലാക്കി. രസകരമായി കണ്ടിരിക്കാവുന്ന ലളിതമായ ഒരു ചിത്രത്തിനുള്ള ശ്രമമായിരുന്നെങ്കിലും അതില്‍ ഭാഗിക വിജയം മാത്രമാണ് കമലിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
 
ചിത്രത്തിന്‍റെ ആദ്യപകുതി രസകരമാണെങ്കിലും തമാശയ്ക്കുവേണ്ടി തമാശ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പ്രേക്ഷകരില്‍ മടുപ്പുളവാക്കി. ആദ്യത്തെ പ്ലോട്ടില്‍ നിന്ന് രണ്ടാം പകുതി തെന്നിമാറിയപ്പോള്‍ ദിശ നഷ്ടപ്പെട്ട് സിനിമ എങ്ങുമെത്താതെ തീരുമെന്ന് തോന്നി. എന്നാല്‍ ക്ലൈമാക്സ് തന്‍റെ പരിചയ സമ്പത്തിന്‍റെ ബലത്തില്‍ കമല്‍ മെരുക്കിയെടുത്തപ്പോള്‍ അധികം കുഴപ്പത്തിലേക്ക് പോകാതെ സിനിമ ലാന്‍ഡ് ചെയ്തു.
 
‘ആമേന്‍’ എന്ന ഗംഭീര സിനിമയില്‍ പ്രദര്‍ശിപ്പിച്ച കൈയടക്കം തിരക്കഥാകൃത്ത് പി എസ് റഫീഖിന് ഉട്ടോപ്യയിലെ രാജാവില്‍ നഷ്ടമായി. എങ്കിലും രാഷ്ട്രീയ വിമര്‍ശനം ഫലവത്തായി നടത്താന്‍ ചില രംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരള നിയമസഭയിലെ ആ കറുത്ത ദിനത്തെ ഫലിതമാക്കി അവതരിപ്പിച്ചതുതന്നെ ഉദാഹരണം. 

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
മമ്മൂട്ടി എന്ന മഹാനടന് ഒരു മുഹൂര്‍ത്തത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതെ പോയ കഥാപാത്രമാണ് ഈ ചിത്രത്തിലെ സി പി സ്വതന്ത്രന്‍. എന്നാല്‍ അഭിനയത്തിന് സാധ്യതയുണ്ടായിരുന്ന പല കഥാപാത്രങ്ങളും പ്രേക്ഷകരില്‍ ചലനം സൃഷ്ടിച്ചതുമില്ല. ശ്രീകുമാര്‍ ഭേദപ്പെട്ടുനിന്നപ്പോള്‍ സുനില്‍ സുഖദ ക്ലിക്കായില്ല. നായികയായ ജ്യുവല്‍ മേരി മികച്ച പ്രകടനമാണ് നടത്തിയത്.
 
നീല്‍ ഡി കുഞ്ഞയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. കോക്രാങ്കര എന്ന സാങ്കല്‍പ്പിക ഗ്രാമത്തെ മനോഹരമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ നീലിന് കഴിഞ്ഞിട്ടുണ്ട്. കാക്കയും കഴുതയും പ്രതിമയുമൊക്കെ സംസാരിക്കുന്ന ഗ്രാമമെന്ന ഭാവന കൊള്ളാം. എന്നാല്‍ ആമേനിലെ കുമരം‌കരിയുടെ മാജിക് പൂര്‍ണമായും ഇവിടെ ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
 
ഔസേപ്പന്‍ ഈണമിട്ട ഗാനങ്ങള്‍ രസകരമാണ്. ‘ഉപ്പിനുപോണ വഴിയേത്’ ഇപ്പോഴും നാവില്‍ നിന്ന് പോയിട്ടില്ല. വൈക്കം വിജയലക്‍ഷ്മിയും ജാസി ഗിഫ്റ്റും ഒന്നാന്തരമെന്നേ പറയേണ്ടൂ. ചന്തം തെളിഞ്ഞു എന്ന ഗാനവും നന്നായി.
 
ഒരിടവേളയ്ക്ക് ശേഷം കമലും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടാകുന്ന പ്രതീക്ഷയെ പൂര്‍ണമായും സഫലമാക്കാന്‍ ഉട്ടോപ്യയിലെ രാജാവിന് കഴിഞ്ഞിട്ടില്ല. അഴകിയ രാവണനെ മറികടക്കുന്ന ഒരു സൃഷ്ടി ഇവര്‍ക്കായില്ല. എങ്കിലും ഒരു തവണ കണ്ടിരിക്കാവുന്ന, ബോറടിപ്പിക്കാത്ത സിനിമ തന്നെയാണ് ഉട്ടോപ്യയിലെ രാജാവ്.

റേറ്റിംഗ്: 2.5/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :