BIJU|
Last Updated:
വെള്ളി, 27 ഒക്‌ടോബര്‍ 2017 (17:12 IST)
അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ക്കും കഴുകിക്കളയാന്‍ കഴിയാത്ത ചോരയുടെ മണവുമായി അയാള്‍, മാത്യു മാഞ്ഞൂരാന്‍. ഷേക്സ്പിയര്‍ വാചകങ്ങളുടെ ഉള്‍ക്കരുത്ത് ആവാഹിച്ച ഒരു കഥാപാത്രമെന്ന്, ഒരു സിനിമയെന്ന് പ്രതീക്ഷിച്ച് തിയേറ്ററുകളിലെത്തിയ എനിക്ക് ആ കരുത്തൊന്നും ഫീല്‍ ചെയ്യാനായില്ല. ആവറേജിന് മുകളില്‍ നില്‍ക്കുന്ന ഒരു ബി ഉണ്ണികൃഷ്ണന്‍ സിനിമ എന്നുമാത്രമാണ് തോന്നിയത്.
ഉണ്ണികൃഷ്ണന്‍റേതായി വന്ന ചിത്രങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത് ‘ഗ്രാന്‍റ്മാസ്റ്റര്‍’ ആണ്. ആ സിനിമയുടെ ഫ്ലേവര്‍ തന്നെയാണ് വില്ലനും നല്‍കിയിരിക്കുന്നത്. പക്ഷേ വില്ലന്‍ കണ്ടതിന് ശേഷവും എന്‍റെ സിനിമ ഗ്രാന്‍റ്‌മാസ്റ്റര്‍ തന്നെ. സാങ്കേതികമായി മികച്ച ഒരു സിനിമ എന്നതിലുപരി എന്‍റെ മനസിനെ സ്പര്‍ശിക്കാന്‍ ഈ മോഹന്‍ലാല്‍ ചിത്രത്തിന് കഴിഞ്ഞില്ല.
കുറച്ചുനാള്‍ മുമ്പ് ‘മെമ്മറീസ്’ എന്ന ജീത്തുജോസഫ് ത്രില്ലര്‍ കണ്ടതിന്‍റെ ഓര്‍മ്മയാണ് വില്ലന്‍റെ തുടക്കം എന്നിലുണര്‍ത്തിയത്. എന്നാല്‍ തുടക്കത്തിലെ പഞ്ച് നിലനിര്‍ത്താന്‍ ചിത്രത്തിലൊരിടത്തും സംവിധായകന് കഴിഞ്ഞില്ല. വലിയ സസ്പെന്‍സുകള്‍ ഒളിച്ചുവയ്ക്കുന്ന തുടക്കം പക്ഷേ പിന്നീട് ആര്‍ക്കും പ്രവചിക്കാവുന്ന വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.
ഒരു വലിയ ആക്സിഡന്‍റാണ് മാത്യു മാഞ്ഞൂരാന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെ തകര്‍ത്തത്. മകള്‍ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. പക്ഷേ ഭാര്യ ഡോ.നീലിമ കോമ സ്റ്റേജില്‍ മരണത്തോട് മല്ലടിച്ചുകിടന്നു. ഒരു മനുഷ്യജീവിതത്തില്‍ അയാളെ നായകനാക്കുന്നതും വില്ലനാക്കുന്നതും വിധിയാണ്. ഇവിടെ മാത്യു മാഞ്ഞൂരാന്‍ നായകനാണോ വില്ലനാണോ? ഈ സിനിമയിലൂടെ ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്ന ചോദ്യം അതാണ്.
മോഹന്‍ലാലിനെ സംബന്ധിച്ച് അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഈ സിനിമയില്‍ കിട്ടിയത്. എന്നാല്‍ വേണ്ടത്ര ബലമില്ലാത്ത തിരക്കഥയില്‍ അദ്ദേഹത്തിന്‍റെ പെര്‍ഫോമന്‍സിന് എത്രനേരം സിനിമയെ താങ്ങിനിര്‍ത്താന്‍ കഴിയും. കഥാപാത്രങ്ങള്‍ മിക്കതും വ്യക്തിത്വമുള്ളവര്‍ ആകുമ്പോഴും സിനിമ ദുര്‍ബലമാകുന്ന നിര്‍ഭാഗ്യകരമായ കാര്യം ഇവിടെ സംഭവിക്കുന്നു.
വിശാലിന് അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് ഡോ.ശക്തിവേല്‍ പളനിസാമി. മലയാളത്തിലേക്കുള്ള വരവ് ഉഗ്രനായി. എന്നാല്‍ ശ്രീകാന്തിനോ ഹന്‍സികയ്ക്കോ റാഷി ഖന്നയ്ക്കോ അധികം സ്പേസ് സംവിധായകന്‍ അനുവദിക്കുന്നില്ല. ശ്രീകാന്തിന്‍റെ കഥാപാത്രം സിനിമ കഴിഞ്ഞിറങ്ങിയാലും പ്രേക്ഷകര്‍ക്ക് കണക്ട് ചെയ്യാന്‍ കഴിയുമോ എന്ന് സംശയമാണ്.
ബിഗ്ബജറ്റില്‍ ഒരുങ്ങുന്ന ഒരു കൊമേഴ്സ്യല്‍ സിനിമയ്ക്ക് ആവശ്യമായ ഘടകങ്ങളൊക്കെ ചേര്‍ന്നിട്ടുണ്ടെങ്കിലും പ്രേക്ഷകരെ വില്ലന്‍ ത്രില്ലടിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇതൊരു ത്രില്ലറുമല്ല. വില്ലന്‍ എന്ന പേരില്‍ പിടിച്ചുതൂങ്ങി ഒരു കൊമേഴ്സ്യല്‍ അട്ടഹാസം പ്രതീക്ഷിച്ചുവരുന്നവരെ കടുത്ത നിരാശയിലേക്ക് തള്ളിവിടും ഈ സിനിമ എന്ന് നിസംശയം പറയാം.
പുതിയകാലത്തിന്‍റെ ആഖ്യാനരീതികള്‍ പരീക്ഷിക്കുമ്പോഴും പഴയ ശൈലിയില്‍ നിന്ന് പൂര്‍ണമായും മോചിതനാകാത്ത ബി ഉണ്ണികൃഷ്ണനെ വില്ലനില്‍ കാണാം. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളുടെ ആധിക്യം വില്ലനെ വിരസമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം മനസിലാക്കിവരാന്‍ പ്രേക്ഷകന്‍ ഏറെ സമയമെടുക്കുന്നതും അതിലെ അവ്യക്തതയുമൊക്കെ സിനിമ ആസ്വദിക്കുന്നതിനെ ബാധിച്ചു. വളരെ സാവധാനത്തിലുള്ള നരേഷനും വില്ലന് ദോഷമായെന്ന് പറയാതെ വയ്യ.
സുഷിന്‍ ശ്യാമിന്‍റെ പശ്ചാത്തല സംഗീതവും മനോജ് പരമഹംസയുടെ ഛായാഗ്രഹണവുമാണ് വില്ലന്‍ എന്ന സിനിമയുടെ ആത്മാവ്. പിന്നെ മോഹന്‍ലാലിന്‍റെ അനന്യമായ അഭിനയചാരുതയും. സിനിമ പെട്ടെന്ന് മറന്നുപോയാലും മോഹന്‍ലാലിന്‍റെ കഥാപാത്രം ഏറെക്കാലം നമ്മെ പിന്തുടരുമെന്നും അസ്വസ്ഥരാക്കുമെന്നും ഉറപ്പ്.