aparna|
Last Updated:
വെള്ളി, 30 ജൂണ്‍ 2017 (15:09 IST)
ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംവിധായകന്‍ എന്ന നിലയിലേക്ക് പ്രശംസകള്‍ വാനോളം ലഭിച്ചയാളാണ് ദിലീഷ് പോത്തന്‍. സ്വാഭാവിക അഭിനയം കൊണ്ടും ജീവിത ഗന്ധിയായ നിമിഷങ്ങള്‍ കൊണ്ടും ചിത്രം മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായി മാറി. മലയാള സിനിമയിലെ ഏറ്റവും മികച്ച റിയലസ്റ്റിക് പടം എന്ന ഖ്യാതി ഈ ചിത്രത്തിന് നേടിക്കൊടുത്തിരുന്നു. അപ്പോള്‍ എല്ലാവര്‍ക്കും മറ്റൊരു സംശയം തോന്നിയിരിക്കാം ‘മഹേഷിന്റെ പ്രതികാരത്തെക്കാള്‍ മികച്ചൊരു പടം പോത്തേട്ടന്‍ വിചാരിച്ചാല്‍ തന്നെ ഇനിയുണ്ടാകുമോ എന്ന്‘. എന്തായാലും ആ സംശയത്തിനുള്ള മറുപടിയാണ് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും‘.
ഇന്നാട്ടിലെ പൊലീസ് സംവിധാനങ്ങള്‍ക്കിടയിലേക്ക് ഒരു വാദിയും പ്രതിയും കടന്നു വരികയും പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ രണ്ടു ദിവസം നടക്കുന്ന സംഭവവികാസങ്ങളുമാണ് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും‘ പറയുന്നത്. ഒരു മോഷണവും അതിനു കേസ് എടുക്കുന്ന പോലിസ് സ്റ്റേഷനെയും ചുറ്റിപറ്റി നടക്കുന്ന കഥ ഈ കോമഡി ആണോ, സീരിയസ് ആണൊ, റൊമാന്‍സ് ആണൊ എന്ന് ചോദിച്ചാല്‍ ഒന്നു ബുദ്ധിമുട്ടും. കാരണം, ഇതെല്ലാമാണ് ഇതൊണ്ടിമുതല്‍ .
സ്വാഭാവിക അഭിനയത്തിന് ഫഹദ് ഫാസില്‍ കഴിഞ്ഞേ മറ്റാരുമുള്ളുവെന്ന കാര്യത്തിന് അടിവരയിടുന്ന പടം. സിനിമയോടും കഥാപാത്രങ്ങളോടും നൂറ് ശതമാനവും നീതി പുലര്‍ത്തുന്നതും ഒരു ശതമാനം പോലും സിനിമാറ്റിക് ആവാത്തതുമായ റിയലസ്റ്റിക് ആയ ദൃശ്യങ്ങള്‍ ആണ് രാജീവ് രവി ഒരുക്കിയിരിക്കുന്നത്.
റിയലസ്റ്റിക്കായി ഒരു പൊലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന കാര്യങ്ങള്‍ വിശദമായി കാണിച്ച
സിനിമ ‘ആക്ഷന്‍ ഹീറോ ബിജു’ ആയിരുന്നു. എന്നാല്‍ ബിജുവിനേയും വെല്ലുന്ന റിയലസ്റ്റിക്ക് സീനുകളാണ് ഈ പൊലീസ് സ്റ്റേഷനില്‍ നടക്കുന്നത്. ഫഹദും സൂരാജും പുതുമുഖം നിമിഷയും അലന്‍സിയറും ഉള്‍പ്പെടെ എല്ലാ കഥാപാത്രങ്ങളും മികച്ചതായിരുന്നു. ആദ്യ ഫ്രയിം മുതല്‍ അവസാന ഫ്രയിം വരെ നിറഞ്ഞു നില്‍ക്കുന്ന പോത്തേട്ടന്‍ ബ്രില്യന്‍സ് ഈ സിനിമയിലും കാണാന്‍ സാധിക്കും. നന്മ നിറഞ്ഞ ഒരു പടം.
ഈ സിനിമയുടെ ക്രഡിറ്റ് മുഴുവനും ദിലീഷ് പോത്തനും രാജീവ് രവിക്കും സ്വന്തം. അഭിനയത്തേക്കാള്‍ ഏറേ ജീവിതങ്ങളെയും ജീവിതരീതികളെയും സ്ക്രീനില്‍ എത്തിക്കുന്ന പോത്തേട്ടന്റെ ആദ്യ ചിത്രത്തെ ഓര്‍മിപ്പിക്കും വിധത്തില്‍ തന്നെയായിരുന്നു ഇതും. എന്നാല്‍, മഹേഷിനെ നെഞ്ചിലേറ്റി തീയേറ്ററിലേക്ക് കയറുന്നവര്‍ക്ക് അത്രക്ക് ‘ഇഷ്ടം’ തോന്നിയെന്ന് വരില്ല. മഹേഷിന്റെ പ്രതികാരവും ഇതും തമ്മില്‍ താരതമ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ പരാജയപ്പെട്ടേക്കാം. വ്യത്യസ്തമായ 2 സ്ഥലങ്ങള്‍ വ്യതസ്തമായ ഭാഷ. മുഴുവന്‍ ‘പോത്തേട്ടന്‍ ബ്രില്യന്‍സ്’ തന്നെ.
വളരെ സിംപിളായുള്ള കഥയുടെ അതിനേക്കാള്‍ രസകരമായ അവിഷ്കാരമാണ് ഇവിടെയുള്ളത്. ‘പോത്തേട്ടന്‍ ബ്രില്യന്‍സ്’ കണ്ടെത്താന്‍ ഒരിക്കല്‍ കൂടി പടം കാണേണ്ടി വരുമെന്ന് ഉറപ്പിച്ചോ. സംവിധായകന്റെ വ്യക്തമായ കയ്യൊപ്പ് പതിഞ്ഞ ചിത്രം. ആദ്യകാഴ്ചയില്‍ പതിയാതെ മറഞ്ഞു കിടക്കുന്ന പലതും സിനിമയില്‍ ഉണ്ടെന്ന് ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍ വ്യക്തമാകുന്നു. പാട്ടുകള്‍ അതിഗംഭീരം. ഇടുക്കിയെ മിടുമിടുക്കി ആക്കിയ ബിജി ബാലിനെ കൊണ്ട് സംഗീതവും ചെയ്യിപ്പിച്ച്, ശ്യാം പുഷ്കരനും, സജീവ് പാഴൂരും ഒരുക്കിയ ഡയലോസും ചേര്‍ന്നപ്പോള്‍ പോത്തേട്ടന്‍ വീണ്ടും തന്റെ ബ്രില്യന്‍സ് തെളിയിച്ചു.
മിക്ക സീനുകളും ബിജി എമ്മിന്റെ സഹായമില്ലാതെയാണ് കടന്നു പോകുന്നത്. ബി ജി എമ്മിന്റെ അകമ്പടിയില്ലാതെ മുന്നോട്ട് പോകുന്ന ചിത്രം ഒരു സ്ലോ പേസ് നരേഷന്‍ കൈക്കൊള്ളുന്നുണ്ട്. ചിത്രത്തില്‍ ഇടക്ക് മാറി മറിയുന്ന കളര്‍ ടോണ്‍ ചിലര്‍ക്കെല്ലാം പിടിച്ചെന്ന് വരില്ല. ഒരു ത്രില്ലര്‍ സ്വഭാവത്തിലൂടെയായിരുന്നു പടം കൊണ്ടുപോയത്. പടം കണ്ടിറങ്ങുമ്പോള്‍ ഈരുമൊന്ന് പറഞ്ഞ് പോകും ‘തൊണ്ടിമുതലും ഒരു സംഭവം തന്നെ’!.
"തൊണ്ടിമുതലും ദൃക്‌സാക്ഷിയും". ഛായാഗ്രഹണം - രാജീവ് രവി & സംവിധാനം - ദിലീഷ് പോത്തന്‍. അഭിനയം - ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്. ഒരു സാദാ സിനിമാപ്രേമികള്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം. പോത്തേട്ടന്റെ ബ്രില്യന്‍സ് തീയേറ്ററില്‍ നിന്നുതന്നെ കണ്ടറിയണം. നല്ല നന്മ നിറഞ്ഞ പടം. രാജീവ് രവി ബ്രില്യന്‍സ്, ഫഹദ് - സുരാജ് ബ്രില്യന്‍സ്. ചുരുക്കി പറഞാല്‍ ഒരു ബ്രില്യന്‍സ് മൂവി.
റേറ്റിംഗ്: 4/5