പെണ്ണിന്റെ നിറമാണ് പിങ്ക്; തിരിച്ചറിയണം അവളുടെ 'നോ'

അവൾ ചിലപ്പോൾ അർധ നഗ്നയായി നടക്കും, ആൺസുഹൃത്തിനൊപ്പം സഞ്ചരിക്കും; എന്നുകരുതി അത് ലൈംഗിക ബന്ധത്തിനുള്ള അനുമതിയല്ല

aparna shaji| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (15:59 IST)
ഒരു പെൺകുട്ടി നോ എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം നോ എന്ന് തന്നെയാണ്. നീതി ലഭിക്കാതെ പേടിപ്പിക്കുന്ന അനുഭവങ്ങൾ രാവും പകലും വേട്ടയാടുന്ന മൂന്ന് പെൺകുട്ടികളുടെ ജീവിതം പറയുന്ന പിങ്ക് എന്ന സിനിമയിലെ വാക്കുകളാണിത്. പെണ്ണിന്റെ നോ എന്നതിന്റെ അർത്ഥം മനസ്സിലാക്കണം. പല തവണ പറഞ്ഞ് പഴകിയതാണെങ്കിലും ഒരിടത്ത് പോലും ബോറടിപ്പിക്കാതെ ഈ വിഷയം വ്യത്യസ്തമായി പറയാൻ ശ്രമിച്ചിരിക്കുകയാണ് സംവിധായകൻ അനിരുദ്ധ റായ് ചൗധരി.

പിങ്കിന്റെ അർത്ഥം എല്ലാവരും മനസ്സിലാക്കേണ്ടത് തന്നെയാണ്. ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരണത്തോട് മല്ലിട്ടപ്പോഴും പലരും ചോദിച്ചു എന്തിനവൾ രാത്രിയിൽ പുറത്തിറങ്ങി, ആ സമയത്ത് എന്തിന് ആൺസുഹൃത്തിനൊപ്പം സഞ്ചരിച്ചു?. ഇതിനെയെല്ലാം ചോദ്യം ചെയ്യാൻ ശരിക്കും ആർക്കാണ് അവകാശം?. പിങ്ക് - അത് പെണ്ണിന്റെ നിറമാണ്. ചുറ്റും സ്വപ്നങ്ങളും പ്രതീക്ഷകളുമായി കാത്തുസൂക്ഷിക്കുന്ന പെണ്ണിന്റെ നിറം. എന്നാൽ പലപ്പോഴും അവൾക്ക് ചുറ്റിനും കറുപ്പ് നിറമാണ്.

'ഞാൻ ചിലപ്പോൾ സ്ലീവ് ലെസ് വസ്ത്രം ഇട്ടെന്ന് വരും. രാത്രിയിൽ പാർട്ടിക്ക് പോയെന്ന് വരും. ആൺസുഹൃത്തിനൊപ്പം സഞ്ചരിച്ചെന്നു വരും. മദ്യപിച്ചെന്ന് വരും. എന്നുകരുതി ആർക്കെങ്കിലും എന്നെ സ്പർശിക്കാനുള്ള അവകാശമില്ല. കാരണം, ഞാൻ അവരോട് 'നോ' എന്ന് പറഞ്ഞിരുന്നു'. നോ എന്ന് പറഞ്ഞാൽ അതിനർത്ഥം നോ എന്ന് തന്നെയാണ്. 'വേണ്ട' എന്ന് പറഞ്ഞതിനുശേഷം അവളുടെ ശരീരത്തിൽ സ്പർശിക്കാൻ ആർക്കും അവകാശമില്ല. അത് ഭർത്താവായാലും കാമുകനായാലും ശരി.

ആണിൽ നിന്നും പെണ്ണിലേക്ക് വരുമ്പോൾ സമൂഹം അവർക്ക് കൽപ്പിക്കുന്ന കുറേ കൊള്ളരുതായ്മകൾ ഉണ്ട്. കറുത്ത തുണികൊണ്ട് മൂടിവെക്കുകയാണ് അവളുടെ സ്വപ്നങ്ങളെന്ന് പലർക്കും അറിയില്ല. ഏതൊരു ശാരീരിക ബന്ധത്തിലും അതിനി റേപ്പ് ആയാലും ശരി, പെണ്ണ് വേണ്ട എന്ന് പറഞ്ഞ് കഴിഞ്ഞാൽ പിന്നെ അപ്പീലില്ല. ആ വാക്കിന്റെ അർത്ഥം പലതവണ സാഹിത്യവും നിയമവും പറഞ്ഞ് പഴകിയിരിക്കുകയാണ്. എന്നാൽ ഈ വാക്കിനെ മറ്റൊരു തലത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്ന സിനിമയാണ് പിങ്ക്.

സമകാലിക ഇന്ത്യ, അതായിരുന്നു പിങ്ക്. ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം സ്ത്രീസുരക്ഷ തന്നെയാണ്. എത്ര തന്നെ സംരക്ഷിച്ചാലും ഇടറിപോകുന്ന, പൊട്ടിപോകുന്ന ജീവിതമാണ് അവളുടേത്. പക്ഷേ, എന്തുതന്നെയായാലും നോ എന്ന് പറഞ്ഞാൽ പിന്നെ അതിനപ്പുറത്തേക്ക് പ്രവർത്തിക്കാൻ മറ്റൊരാൾക്കും അവകാശമില്ല. ആണ്‍ നായകത്വത്തിന്റെ ആരവവും ആറാട്ടുമായ സിനിമകള്‍ക്കും, പെണ്‍വിരുദ്ധ മൊഴികളെ കയ്യടിച്ചാനയിക്കുന്ന ആസ്വാദകര്‍ക്കുമിടയിലേക്ക് ലിംഗരാഷ്ട്രീയത്തിന്റെ സാമൂഹ്യപാഠമായി മാറുകയാണ് പിങ്ക്.

ഏതു മതത്തിൽപ്പെട്ട പെൺകുട്ടി ആയാലും ഇന്നത്തെ സാഹചര്യത്തിൽ അവൾ സുരക്ഷിതയല്ല. അവളുടെ ശരീരത്തിന്റെ അവകാശി അവൾ മാത്രമാണ്. പെൺമയുടെ ആകുലതകൾ ഏറ്റവും നന്നായി പറയാൻ പെണ്ണിന് മാത്രമേ കഴിയുകയുള്ളു. അവള്‍ ധരിച്ച വസ്ത്രമോ,രാത്രിയോ പകലോ ആണിനൊപ്പം യാത്ര ചെയ്യാനുള്ള മനസ്സോ, മദ്യപാനമോ ഒന്നും ലൈംഗിക ക്ഷണമോ അനുമതിയോ അല്ലെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നാണ് ചിത്രം പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :