Luca movie review: കലയുടെ മാന്ത്രികത, പ്രണയവും നിഗൂഢതയും ഒരു കുടക്കീഴിൽ; ലൂക്കായുടെ കാന്തിക വലയത്തിൽപ്പെടുന്ന പ്രേക്ഷകർ !

അപർണ ഷാ| Last Updated: വെള്ളി, 28 ജൂണ്‍ 2019 (16:09 IST)
പ്രണയകഥ പറയുന്ന സിനിമകൾ എന്നും മലയാളികൾ ഇരു‌കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ടീസറിലും പോസ്‌റ്ററുകളിലുമെല്ലാം പ്രണയം പറഞ്ഞ ചിത്രമായിരുന്നു 'ലൂക്ക'. ചിത്രം കാണുന്നതിന് മുമ്പ് തന്നെ ആ ഒരു ഫീലും ഉണ്ടായിരുന്നു. പ്രണയം തുളുമ്പുന്ന മനോഹര നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രമാകും ലൂക്കയെന്നായിരുന്നു ട്രെയിലർ നൽകിയ സൂചന. എന്നാൽ, പ്രണയത്തിനും അപ്പുറം മിസ്റ്ററിക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രമാണിത്.

പ്രണയം, കല, മിസ്റ്ററി ഇതു മൂന്നും കോർത്തിണക്കിയ മനോഹരമായ ഒരു കാവ്യമാണ് ലൂക്കയെന്ന് ഭാവാത്കമായി പറയാം. പ്രണയം തുളുമ്പുന്ന മനോഹര നിമിഷങ്ങളും പ്രതീക്ഷിച്ച് സ്ക്രീനിൽ മിഴിയൂന്നുന്ന പ്രേക്ഷകരെ ‘അപ്രതീക്ഷിത’മായ വവഴികളിലൂടെയാണ് സംവിധായകൻ കൊണ്ടു പോകുന്നത്.

മരണത്തിൽ നിന്നും പ്രേക്ഷകർ അറിഞ്ഞു തുടങ്ങുന്ന പ്രണയം എന്ന് വേണമെങ്കിൽ ഈ ചിത്രത്തിന്റെ തുടക്കത്തെ വിശേഷിപ്പിക്കാം. പല മാനസിക സ്വഭാവങ്ങളുള്ള ആർട്ടിസ്റ്റ് ലൂക്കയുടേയും അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന നിഹാരികയെന്ന പെൺക്കുട്ടിയുടെയും കഥയാണ് ലൂക്ക. അവരുടെ പ്രണയകഥ. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത അസ്വഭാവികതയുള്ള ‘പ്രണയകഥ’. ഫസ്റ്റ് ഹാഫ് ത്രില്ലിംഗ് ആണ്.

അസ്വഭാവികതയുള്ള രണ്ട് മരണങ്ങളുടെ ചുരുളഴിക്കാൻ അക്ബർ എന്ന പോലീസ് ഉദ്യോഗസ്ഥൻ യാത്ര തിരിക്കുന്ന വഴിയേ പ്രേക്ഷകരും സഞ്ചരിക്കുന്നു. കൂട്ടിനുള്ളത് നിഹാരികയുടെ ഡയറിക്കുറിപ്പുകൾ മാത്രം. അവയാണ് ലൂക്കയുടെ പ്രണയം നമുക്ക് പറഞ്ഞു തരുന്നത്. നിഹാരികയായി എത്തിയ അഹാന കൃഷ്ണ കുമാറിന്റെ അഭിനയം എടുത്ത് പറയേണ്ടതുണ്ട്. യുവത്വം തുളുമ്പുന്ന പ്രസരിപ്പും ഊർജ്ജവും നിറയുന്ന നിഹാരികയായി അഹാന പകർന്നാടി.

ഇതിനിടയിൽ അക്ബറിനൊപ്പം ഭാര്യ ഫാത്തിമയും കടന്നു വരുന്നു. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിന് എന്തിനിത്ര പ്രാധാന്യം നൽകുന്നുവെന്ന് തോന്നിയേക്കാം. കാണാൻ പോകുന്ന കാഴ്ചയെന്തെന്ന് പ്രേക്ഷകർക്ക് ഒരു പിടിയുമില്ലാതിരിക്കുന്നതിനാൽ തന്നെ ഈ രംഗങ്ങളിൽ ഇഴച്ചിൽ അനുഭവപ്പെട്ടേക്കാം. അത് ഓരോരുത്തരുടെയും ആസ്വാദന രീതിയെ ആശ്രയിച്ചിരിക്കും.

ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ് എസ് കുറുപ്പാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. നിതിന്‍ ജോര്‍ജ്,വിനീത കോശി,അന്‍വര്‍ ഷെരീഫ്,ഷാലു റഹീം,പൗളി വല്‍സന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അനീസ് നാടൊടിയുടെ വിഷ്വൽ‌സ് എല്ലാം അതിഗംഭീരം. നിതിന്‍ ജോർജ് ആണ് പൊലീസ് ഉദ്യോഗസ്ഥനായ അക്ബർ ആയി എത്തുന്നത്.

പ്രേക്ഷകർക്ക് മടുക്കാത്ത നായകനായി വളരുകയാണ് ടൊവിനോ തോമസ്. 2019ലെ ടോവിനോയുടെ അഞ്ചാമത്തെ സിനിമയാണ് ലൂക്ക. ടൊവിനോ തോമസ് എന്ന നടന്റെ സ്ക്രീൻ പ്രസൻസ് അതിമനോഹരമാണ്. അത്രമേൽ വിദഗ്ദമായി തന്നെ സംവിധായകനായ അരുൺ ബോസ് തന്റെ സിനിമയെ പ്രേക്ഷകരിലേക്ക് പറിച്ച് നടുന്നുണ്ട്. തിരക്കഥാ രചനയിൽ സംവിധായകനൊപ്പമുണ്ടായിരുന്ന മൃദുൽ ജോർജിനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

(റേറ്റിംഗ് 3.5/5)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :