പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍; ജോഷി-ജോജു ജോര്‍ജ് ചിത്രം 'ആന്റണി' പോരെന്ന് പ്രേക്ഷകര്‍

ആക്ഷന്‍ രംഗങ്ങളില്‍ ജോജു ജോര്‍ജ് മികച്ചുനിന്നു

രേണുക വേണു| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (15:55 IST)

ജോജു ജോര്‍ജ്ജിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത 'ആന്റണി' തിയറ്ററുകളില്‍. ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ കഥയും തിരക്കഥയുമാണ് പ്രേക്ഷകരെ നിരാശപ്പെടുത്തിയത്. തൊണ്ണൂറുകളില്‍ ജോഷി ചെയ്തിരുന്ന സിനിമകളുടെ പുനര്‍ ആവിഷ്‌കാരമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷം പല പ്രേക്ഷകരുടെയും പ്രതികരണം.

ജോജു ജോര്‍ജ്ജിന്റെ ആന്റണി എന്ന കഥാപാത്രം ഒരു ലോക്കല്‍ ഗൂണ്ടയെ കൊല്ലുന്നതും ഈ ഗൂണ്ടയുടെ മകളുമായി (ആന്‍ മേരി) പിന്നീട് ആന്റണിക്കുണ്ടാകുന്ന ബന്ധവുമാണ് സിനിമയുടെ പ്രധാന ഉള്ളടക്കം. ആന്‍ മേരി എന്ന കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ അഭിനയിച്ചിരിക്കുന്നു. ജോഷിയുടെ തന്നെ മമ്മൂട്ടി ചിത്രം കൗരവര്‍ ഒരുപക്ഷേ പ്രേക്ഷകര്‍ക്ക് ഓര്‍മ വന്നാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച ആന്‍ മേരി എന്ന കഥാപാത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു. ഒരു ശരാശരി സിനിമാ അനുഭവം എന്നതിനപ്പുറത്തേക്ക് ആന്റണിക്ക് ഉയരാന്‍ സാധിക്കുന്നില്ല.

ആക്ഷന്‍ രംഗങ്ങളില്‍ ജോജു ജോര്‍ജ് മികച്ചുനിന്നു. ആന്‍ മേരിയും ആന്റണിയും തമ്മിലുള്ള ഇമോഷണല്‍ രംഗങ്ങളും ഭേദപ്പെട്ടതാണ്. പ്രേക്ഷകരെ പൂര്‍ണമായി പിടിച്ചിരുത്താന്‍ സിനിമയുടെ കഥയ്ക്ക് കഴിഞ്ഞില്ലെന്നാണ് ആദ്യ പ്രതികരണങ്ങള്‍. ചെമ്പന്‍ വിനോദ്, നൈല ഉഷ, വിജയരാഘവന്‍, ജിനു ജോസഫ്, ശരത് അപ്പാനി എന്നിവരും ആന്റണിയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :