രാവണന്‍ - ഇത് ഒരു വിസ്മയാനുഭവം!

രവിഷങ്കരന്‍

PRO
പൃഥ്വിരാജും വിക്രമും തൂക്കുപാലത്തിനുമേല്‍ വച്ചു നടത്തുന്ന ആ സംഘട്ടന രംഗം ഇന്ത്യന്‍ സിനിമയ്ക്കുതന്നെ ഒരു പുതിയ അനുഭവമായിരിക്കും. അത്ര സാഹസികമായ ഷോട്ടുകളാണ് ഈ രംഗങ്ങളില്‍. പാലത്തിന്‍റെ കൈവരികള്‍ തകര്‍ന്ന് പൃഥ്വിയും വിക്രമും വായുവില്‍ ആടിക്കളിക്കുന്ന രംഗങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ. ഒടുവില്‍ ആയിരക്കണക്കിന് അടി ഉയരത്തില്‍ നിന്ന്, വീരയ്യയുടെ കൈയില്‍ തൂങ്ങിക്കിടന്ന് ദേവ് മരണത്തെ മുഖാമുഖം കാണുന്നു.

“ഞാന്‍ ചെളിപുരണ്ടവനാണ്. ക്രൂരനാണ്. പക്ഷേ, പവിഴം പോലെ ശുദ്ധിയുള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ ഇപ്പോള്‍ സംരക്ഷിച്ചു നിര്‍ത്തുന്നു. അവള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ. അതേ, എസ് പി സാറിന്‍റെ ഭാര്യ രാഗിണി തന്നെ. എസ് പി സാര്‍, എനിക്കിപ്പോള്‍ നിങ്ങളെ കൊല്ലാം, രാഗിണിക്കുവേണ്ടി. നിങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്യാം, അതും രാഗിണിക്കുവേണ്ടി” - വീരയ്യ ദേവിനോടു പറയുന്നു. അപ്പോഴേക്കും പാലം തകര്‍ന്ന് ഇരുവരും താഴേക്കുപതിക്കുന്നു. മടങ്ങിയെത്തുന്നത് വീരയ്യ മാത്രമാണ്.

‘ദേവിനെന്തു സംഭവിച്ചു’ എന്ന് അവള്‍ ചോദിക്കുന്നുണ്ട്. മറുപടി വീരയ്യ നല്‍കുന്നില്ല. പകരം അവളുടെ കയ്യില്‍ അവന്‍ ഒരു തോക്കുനല്‍കുന്നു. നിറതോക്ക്. വേണമെങ്കില്‍ നെഞ്ചില്‍ നിറയൊഴിക്കാം. മിനിറ്റുകള്‍ക്കകം പിടച്ചുചാകും. ശിരസിലാണെങ്കില്‍ ഒരു നിമിഷം പോലും വേണ്ട. പക്ഷേ അവള്‍ ചെയ്യുന്നില്ല. ഈ രണ്ടു കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളും പ്രണയവുമൊക്കെ ഇതള്‍ വിരിയുന്ന മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ് രണ്ടാം പകുതിയാകെ.

ഒടുവില്‍ രാഗിണിയെ ദേവിന് വിട്ടുകൊടുത്ത് വീരയ്യ വനത്തില്‍ മറയുന്നു. വീരയ്യയെ പിടിക്കാനാകാതെ പരാജിതനെപ്പോലെ മടങ്ങുന്ന ദേവ് ട്രെയിനില്‍ വച്ച് രാഗിണിയോടു ചോദിക്കുന്നു. “അവന്‍ നിന്നെ ഭയപ്പെടുത്തിയോ? ഉപദ്രവിച്ചോ? നിന്‍റെ ദേഹത്തു തൊട്ടോ?”. കാട്ടുകള്ളനൊപ്പം വനത്തില്‍ കഴിഞ്ഞ ദിനങ്ങളായിരുന്നു ഈ ശിക്ഷയെക്കാള്‍ വലുതെന്ന് പിടഞ്ഞുപോയി രാഗിണി. സംശയാലുവായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പാതിവഴിയില്‍ അവള്‍ ഇറങ്ങി, വീരയ്യയെ തേടി തിരികെ പോകുന്നു.

വീരയ്യയും രാഗിണിയും വീണ്ടും തമ്മില്‍ കാണുന്നു. വീരയ്യ തന്‍റെ മനസു തുറക്കുകയാണ്. രാവണന്‍റെ മനസ്. പത്തുതലകളുള്ള രാവണന്‍റെ ഒറ്റ ഹൃദയം. അവന്‍റെ പ്രണയം. വിധി പക്ഷേ, അവനു കരുതിവച്ചത് മറ്റൊന്നാണ്. മരണത്തിന്‍റെ കാലടിയൊച്ചകള്‍ അവനെത്തേടിയെത്തുന്നു. അവിടെയും പതറുന്നില്ല വീരയ്യ. മരണത്തിന്‍റെ തണുപ്പിലേക്ക് പറക്കുമ്പോഴും അവന്‍റെ കണ്ണുകള്‍ രാഗിണിയിലാണ്. ആ മുഖത്ത് അവളോടുള്ള പ്രണയത്തിന്‍റെ കടല്‍ ഇളകിമറിയുന്നു.

വിക്രമിന്‍റെയും ഐശ്വര്യ റായിയുടെയും കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് രാവണനില്‍ കാണാന്‍ കഴിയുക. വീരയ്യ എന്ന കഥാപാത്രമായി വിക്രം നിറഞ്ഞുനില്‍ക്കുന്നു. രാഗിണി - അവള്‍ തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല്. പാറക്കെട്ടുകളിലൂടെ ഇഴഞ്ഞുനീങ്ങുമ്പോള്‍, മരച്ചില്ലകളിലൂടെ ഊര്‍ന്ന് താഴേക്കുപതിക്കുമ്പോള്‍, വെള്ളച്ചാട്ടത്തിലൂടെ ഒഴുകിയലയുമ്പോള്‍ എല്ലാം ഐശ്വര്യ റായി എന്ന സാഹസിക അഭിനേത്രിയെ മനസാ അഭിനന്ദിക്കും. ഇങ്ങനെ ഒരു നായിക കഥാപാത്രം നമ്മുടെ സിനിമയില്‍ ഇതിനുമുമ്പുണ്ടായിട്ടില്ല. ശരീരം അഭിനേതാവിന്‍റെ ടൂളാണ്. അത് പരമാവധി സുന്ദരമായി ഉപയോഗിച്ചിരിക്കുന്നു ഐശ്വര്യ.

പൃഥ്വിരാജിന് ഇമോഷണല്‍ സീനുകള്‍ വളരെക്കുറച്ചേ ഉണ്ടായിരുന്നുള്ളൂ. തനിക്കു കിട്ടിയ വേഷം അദ്ദേഹം മനോഹരമാക്കി. ശാരീരികാധ്വാനം വിക്രമിനേക്കാളും പൃഥ്വിക്കായിരുന്നു കൂടുതല്‍. വീരയ്യയുടെ ജ്യേഷ്ഠനായ സിങ്കം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭുവിന്‍റെ പ്രകടനവും അഭിനന്ദനീയമാണ്. രസകരവും ആര്‍ജ്ജവമുള്ളതുമാണ് ആ വേഷം. പ്രഭുവിന് മാത്രം ചെയ്യാന്‍ കഴിയുന്നത് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഗംഭീരമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വയ്യാപുരിയുടെ ഹിജഡ വേഷം, വിവാദനായിക രഞ്ജിതയുടെ കഥാപാത്രം എന്നിവയും നന്നായിരിക്കുന്നു.

മണികണ്ഠനും സന്തോഷ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചത്. രാവണനെ ഒരു ദൃശ്യാനുഭവമാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. എ ആര്‍ റഹ്‌മാന്‍റെ സംഗീതം ഈ ചിത്രത്തിന്‍റെ ജീവന്‍ തന്നെയാണ്. എല്ലാ പാട്ടുകളും മനോഹരമായി ചിത്രീകരിച്ചിട്ടുമുണ്ട്. എങ്കിലും “ഉയിരേ പോകുതേ...”, “കള്‍വരേ...”എന്നീ ഗാനരംഗങ്ങള്‍ മികച്ചതായി. കള്‍വരേ സോംഗില്‍ ഐശ്വര്യയ്ക്കൊപ്പം ചുവടുവയ്ക്കുന്നത് പൃഥ്വിരാജാണ്.

WEBDUNIA|
ഇത് മണിരത്നത്തിന്‍റെ ഏറ്റവും വ്യത്യസ്തമായ സിനിമയാണ്. ഒരു വേറിട്ട ചലച്ചിത്രാനുഭവം. എ റിയല്‍ ത്രില്ലര്‍. സിനിമാസ്വാദകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം. സിനിമ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു വലിയ നഷ്ടം എന്ന് പറയാന്‍ മാത്രം മികച്ച സിനിമ. മണിരത്നം വീണ്ടും വിസ്മയിപ്പിക്കുന്നു. വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :