അതേ, രാഗിണിയെ വീരയ്യ തട്ടിയെടുക്കുകയാണ്. ദേവിനോടുള്ള ഒരു പ്രതികാരം. ദേവ്(പൃഥ്വിരാജ്) ഒരു ലക്‍ഷ്യം മാത്രം മുന്നില്‍ കണ്ട് വനത്തിലേക്കെത്തുന്ന പൊലീസ് എസ് പിയാണ്. വീരയ്യയെ ഇല്ലാതാക്കുക, എങ്ങനെയും, ഏതു മാര്‍ഗത്തിലൂടെയും. അത് അത്ര എളുപ്പമായിരുന്നില്ല. മിക്ക പൊലീസുകാരും വീരയ്യയുടെ ശമ്പളം പറ്റുന്നവരാണ്. ഉന്നതര്‍ പോലും. ‘മുകളിലുള്ളവര്‍ വീരയ്യയെ അനുസരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?’ എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നിസഹായത വെളിപ്പെടുത്തുന്നുണ്ട്.
എന്നാല്‍ ആണൊരുത്തനാണ് ദേവ്. അവന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. വീരയ്യയെ തേടി അവനും സംഘവും ഉള്‍ക്കാട്ടിലെത്തുമ്പോള്‍ അവിടെ വീരയ്യയുടെ സഹോദരി വെണ്ണില(പ്രിയാമണി)യുടെ വിവാഹാഘോഷമാണ്. ആഘോഷം നിമിഷങ്ങള്‍ക്കകം അവസാനിച്ചു. ദേവിന്‍റെ തോക്കില്‍ നിന്നു പാഞ്ഞ വെടിയുണ്ട വീരയ്യയുടെ കഴുത്തു തുളച്ചു. വെണ്ണിലയെ കെട്ടാന്‍ വന്നവന്‍ ഭയന്ന് ഓടിപ്പോയി. ഭീരു. (കല്യാണച്ചെക്കനെ തെരഞ്ഞുപിടിച്ചു ഒരു സമ്മാനം കൊടുക്കുന്നുണ്ട് പിന്നീട് വീരയ്യ. താലികെട്ടിയ ആ കൈ വെട്ടിക്കളഞ്ഞു!).
വെടിയേറ്റ വീരയ്യ രക്ഷപ്പെട്ടു. പക്ഷേ, വെണ്ണിലയെ പൊലീസുകാര്‍ ക്രൂരമായി നശിപ്പിച്ചു. കിണറ്റില്‍ ചാടി ജീവനൊടുക്കി അവള്‍. അതിന് വീരയ്യ മറ്റെങ്ങനെ പ്രതികാരം തീര്‍ക്കണം, ദേവിന്‍റെ സുന്ദരിയായ ഭാര്യ രാഗിണിയെ കടത്തിക്കൊണ്ടുവരികയല്ലാതെ. എന്നാല്‍ വീരയ്യ കരുതിയതുപോലൊരു പെണ്ണായിരുന്നില്ല രാഗിണി. അവള്‍ ഒന്നിനെയും ഭയപ്പെട്ടില്ല, മരണത്തെപ്പോലും. വീരയ്യയുടെ തോക്കിന്‍റെ മുമ്പില്‍ നിന്ന് “നിങ്ങള്‍ക്ക് എന്നെ കൊല്ലാനാവില്ല” എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് പാറക്കെട്ടില്‍ നിന്ന് താഴേക്കു ചാടിയ അവളെ, ആ നിമിഷം മുതല്‍ പ്രണയിച്ചുപോയി അഭിനവ രാവണന്‍!
‘രാവണന്‍’ ആദ്യ പകുതി മുഴുവന്‍ വീരയ്യയെ തേടിയുള്ള ദേവിന്‍റെ യാത്രയാണ്. കാടിന്‍റെ ഉള്‍പച്ചപ്പിലൂടെ അവനും സംഘവും നീങ്ങുന്നു. ദേവിന് വഴിതെളിക്കുന്നത് കാര്‍ത്തിക് അവതരിപ്പിക്കുന്ന റേഞ്ച് ഓഫീസര്‍(ഹനുമാന്‍റെ പകര്‍പ്പുതന്നെ). അയാള്‍ മരത്തില്‍ നിന്ന് മരത്തിലേക്ക് കുരങ്ങിനെപ്പോലെ ചാടുന്നുണ്ട്. ഒരു ഫണ്ണി ക്യരക്ടര്‍. ആ സമയം മുഴുവന്‍, വീരയ്യയുടെ താവളത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതിന് വഴിതേടുകയായിരുന്നു രാഗിണി. ഒളിച്ചുകടക്കാന്‍ നോക്കി. വീരയ്യയെ പിന്നില്‍ നിന്ന് ആക്രമിച്ചു വീഴ്ത്താന്‍ നോക്കി. അവള്‍ പരാജയപ്പെട്ടു. അവളുടെ ശൌര്യം വീരയ്യ കാണുകയായിരുന്നു, ആസ്വദിക്കുകയായിരുന്നു.
രണ്ടാം പകുതിയിലാണ് ഇമോഷണല്‍ ഡ്രാമ മുഴുവന്‍. ഈ ക്രൂരത കാട്ടുന്നതെന്തിനെന്ന രാഗിണിയുടെ ചോദ്യത്തിന് അവന്‍ മറുപടി പറയുന്നു. വെണ്ണിലയുടെ ദുരന്തത്തെക്കുറിച്ച് പറയുന്നു. രാഗിണിയുടെ ഭര്‍ത്താവ് ദേവിന്‍റെ മറ്റൊരു മുഖം, അവള്‍ക്കറിയാത്ത ഒരു മുഖത്തെക്കുറിച്ച് വീരയ്യ അവളോടു പറയുന്നു. കണ്ണീരണിഞ്ഞാണ് അവള്‍ അത് കേട്ടുനില്‍ക്കുന്നത്. കാട്ടിനുള്ളില്‍ ഉടഞ്ഞുതകര്‍ന്ന ഒരു ദേവീശില്‍പ്പത്തിനോട് അവള്‍ പറയുന്നതിങ്ങനെയാണ് - “സത്യം സത്യമായി എന്നെ കാണിക്കൂ. ദുഷ്ടരെ അങ്ങനെ തന്നെ കാണാന്‍ എന്നെ അനുവദിക്കൂ. നീചര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നവരുടെ നന്‍മനിറഞ്ഞ മുഖം എന്നില്‍ നിന്ന് മാറ്റിപ്പിടിക്കൂ. അവരെ വെറുക്കാനുള്ള ശക്തി എനിക്കു നല്‍കൂ.”
രാമായണത്തിന്‍റെ മറ്റൊരു വ്യാഖ്യാനം എന്ന് രാവണനെ വിലയിരുത്താനാവില്ല. രാമായണം തന്നെയാണ്. രാമായണത്തിലെ ഓരോ കഥാപാത്രത്തിന്‍റെയും ഓര്‍മ്മ നമ്മളിലുണര്‍ത്തും രാവണനിലെ വേഷങ്ങള്‍. രാമ - രാവണ യുദ്ധം തന്നെയാണ് കഥ. എന്നാല്‍ രാമനും രാവണനും ഇടയില്‍ പെട്ട സീതയുടെ - രാഗിണിയുടെ ധര്‍മ്മ സങ്കടത്തിനാണ് മണിരത്നം പ്രാധാന്യം നല്‍കുന്നത്. ദേവിനെ വിശ്വസിക്കണോ വീരയ്യയെ വിശ്വസിക്കണോ? ദേവിനെക്കാള്‍ ഭേദം വീരയ്യ എന്ന കാട്ടുകള്ളന്‍ തന്നെയാണെന്ന് ഒരുഘട്ടത്തില്‍ കരുതിപ്പോകുന്നുണ്ട് ആ പാവം.
കാര്‍ത്തിക് അവതരിപ്പിക്കുന്ന റേഞ്ചറോടൊപ്പം വീരയ്യ തന്‍റെ അനുജന്‍ ചക്കര(മുന്ന)യെ ദേവിനടുത്തേക്കയച്ചു. ഒരു സമാധാന ശ്രമം എന്ന നിലയില്‍. എന്നാല്‍ വെടിയുണ്ടകര്‍ വര്‍ഷിച്ചുകൊണ്ടാണ് ദേവ് അവനെ വരവേറ്റത്. അനക്കമില്ലാതെ കിടക്കുന്ന ചക്കരയുടെ ശരീരത്തെ സാക്ഷിയാക്കി രാവണന്‍ അന്തിമയുദ്ധത്തിനു തയ്യാറെടുത്തു. ദേവിന്‍റെ ക്യാമ്പ് വീരയ്യയും സംഘവും ആക്രമിച്ചു. ബോംബാക്രമണവും വെടിവയ്പ്പും. ഒടുവില്‍ രാമനും രാവണനും നേര്‍ക്കുനേര്‍ കണ്ടു - ഒരു തൂക്കുപാലത്തിനുമേല്‍.
അടുത്ത പേജില്‍ - വിക്രമും പൃഥ്വിയും നേര്‍ക്കുനേര്‍