സീതയുടെ ചാരിത്ര്യശുദ്ധിയില്‍ ശ്രീരാമന് സന്ദേഹപ്പെട്ടുവോ? മനസ്സിനുള്ളില്‍ ഒരിക്കലും അങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നിരിക്കില്ല. പക്ഷേ, രാജാവ് ഏല്ലാ കളങ്കങ്ങളില്‍ നിന്നും മാറിനില്‍ക്കണം. ഒരു ആരോപണത്തെയും ഭയപ്പെട്ട് ഒതുങ്ങരുത്. എല്ലാവര്ക്കും മുമ്പില്‍ തന്റെയും കുടുംബത്തിന്റെയും ജീവിതവിശുദ്ധി തെളിയിക്കാല്‍ ബാധ്യതപ്പെട്ടവനാണ് നാടുഭരിക്കുന്നവന്. എന്നാല്‍ മണിരത്നത്തിന്റെ രാമസൃഷ്ടി - ദേവ് - എന്തിനാണ് രാഗിണിയെ സംശയിച്ചത്? രാഗിണിയെ രാവണന് - വീരയ്യയ്ക്ക് - മനസര്പ്പിച്ചവളായി കാണാന്‍ ദേവിന് എങ്ങനെ കഴിഞ്ഞു? അതോ വീരയ്യയെ കുടുക്കാനുള്ള ഒരു അടവുമാത്രമായിരുന്നോ ആ സന്ദേഹം?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെയാണ് മണിരത്നം തന്റെ ഏറ്റവും പുതിയ ചിത്രമായ ‘രാവണന്’ അവസാനിപ്പിക്കുന്നത്. വീരയ്യയുടെ ചോരവീണ് പൂക്കുന്ന സ്ക്രീനില്‍ ഫൈനല്‍ ടൈറ്റില്‍ തെളിയുമ്പോള്‍ മണിരത്നം എന്ന മഹാപ്രതിഭയെ മനസില്‍ നമിച്ചു. ചെന്നൈ പ്രസാദ് സ്റ്റുഡിയോസില്‍ പ്രിവ്യൂ ഷോയ്ക്ക് ശേഷം പുറത്തെത്തിയപ്പോള്‍ മണിരത്നം, വിക്രം, സുഹാസിനി, മുന്ന ഇവരെല്ലാം മുന്നില്‍. മാധ്യമപ്രവര്‍ത്തകരുടെ തിരക്ക് ഒന്നവസാനിച്ചപ്പോള്‍, ആ വലിയ സംവിധായകനെ അടുത്തുകിട്ടിയപ്പോള്‍ ചോദിച്ചു - മണി സാര്‍, ക്ലൈമാക്സ് ഇതല്ലാതെ മറ്റെന്തെങ്കിലും എടുത്തിട്ടുണ്ടോ? “ഇതൊരെണ്ണം തന്നെ എടുക്കാന്‍ പെട്ട പാട്...” - ഉച്ചത്തില്‍ ചിരിച്ചു ഇന്ത്യന്‍ സിനിമയുടെ ഷോമാന്.
നമ്മുടെ സിനിമാ ബോധത്തെ രണ്ടായി വിഭജിച്ചേക്കും രാവണന്. ‘രാവണന് ഇപ്പുറവും അപ്പുറവും’ എന്ന്. അത്ര ഗംഭീരമായ വിഷ്വല്‍ ട്രീറ്റാണ് മണിരത്നവും സന്തോഷ് ശിവനും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ബോക്സോഫീസില്‍ ഇതിന്റെ വിധി എന്തുതന്നെയായാലും സിനിമ ദൃശ്യകലയാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് രാവണനെ ഉടനൊന്നും വിസ്മരിക്കാനാവില്ല. ഓരോ ഷോട്ടും തന്റെ ആത്മാവു നല്കി കാഴ്ചവയ്ക്കുകയാണ് മണിരത്നം.
സിനിമ തുടങ്ങുമ്പോള്‍ തന്നെ - ഒരു ഒറ്റ ഷോട്ടില്‍ തന്നെ - വീരയ്യ(വിക്രം) എന്ന കാട്ടുകള്ളന്റെ വന്യത മുഴുവന്‍ വെളിപ്പെടുകയാണ്. ആകാശം മുട്ടുന്ന ഒരു പാറക്കെട്ടിനു മുകളില്‍ നിന്ന് വാനാന്തരത്തിലെ ഒരു വലിയ നദിയിലേക്ക് എടുത്തുചാടുന്നു അവന്. നദിയിലൂടെ രാഗിണി(ഐശ്വര്യ റായ് ബച്ചന്) സഞ്ചരിച്ചിരുന്ന ചെറുവള്ളം ഒരു വലിയ കെട്ടുവള്ളത്തില്‍ ഇടിച്ചുതകരുന്നു. ആ കെട്ടുവള്ളത്തിന്റെ മുകളില്‍ അവനെക്കാണാം - വീരയ്യയെ.