‘ജയരാജിന് എന്തുപറ്റി’ എന്നത് ഏറെക്കാലമായി മനസിനെ അലട്ടുന്ന ചോദ്യമാണ്. ക്ലാസിക് ടച്ചുള്ള സിനിമകളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച ഈ ഭരതശിഷ്യന്‍ അടുത്തിടെയായി പടച്ചുവിടുന്ന ചവറുകള്‍ അദ്ദേഹത്തിന്‍റെ പഴയ ‘ഇഷ്ടക്കാരെ’ വിഷമിപ്പിച്ചിരുന്നു. അശ്വാരൂഡനും റെയ്ന്‍ റെയ്നും ഒക്കെ കണ്ടവര്‍ ജയരാജില്‍ നിന്ന് ഇനിയൊരു നല്ല സിനിമ പിറക്കില്ലെന്ന് ഉറപ്പിച്ചു. ആനന്ദഭൈരവി അല്‍പം പ്രതീക്ഷ നല്‍കി. പക്ഷേ, ദേശാടനത്തിന്‍റെ തനിമ പകരാന്‍ ആനന്ദഭൈരവിക്ക് ആയില്ല.
അതുകൊണ്ടുതന്നെ, ‘ലൌഡ് സ്പീക്കര്‍’ എന്ന പുതിയ സിനിമയുമായി ജയരാജ് എത്തിയപ്പോള്‍ പഴയ ആവേശമൊന്നും പ്രകടിപ്പിച്ചില്ല. അഭിപ്രായമൊക്കെ അറിഞ്ഞ ശേഷം ഈവനിംഗ് ഷോയ്ക്ക് പോകാമെന്ന് കരുതി. പലരെയും വിളിച്ച് പടം എങ്ങനെയുണ്ടെന്ന് അന്വേഷിച്ചു. ‘സിനിമാഭ്രാന്ത’ന്‍മാരുടെ ഗാംഗിലെ ആരും തന്നെ പടം കണ്ടിട്ടില്ല. ശരി, അഭിപ്രായങ്ങള്‍ വന്നു തുടങ്ങുന്നതു വരെ കാക്കണ്ട, പൊയ്ക്കളയാമെന്നു തീരുമാനിച്ചു. ആ തീരുമാനമെടുക്കാന്‍ തോന്നിപ്പിച്ച ശക്തിക്ക് നന്ദി!
ദേശീയ അവാര്‍ഡുകള്‍ മലയാളത്തിന് സമ്മാനിച്ച അനുഗ്രഹീതനായ സംവിധായകന്‍ ജയരാജ് പഴയ ഫോമിലേക്ക് തിരിച്ചെത്തിയ സിനിമയാണ് ‘ലൌഡ് സ്പീക്കര്‍’. അടുത്തകാലത്ത് മലയാളത്തിലുണ്ടായ ഒരു ‘ഒന്നാന്തരം സിനിമ’. മമ്മൂട്ടിയുടെ ഗംഭീര പ്രകടനം. മുഹൂര്‍ത്തങ്ങളുടെ കരുത്തും അഭിനയകുലപതിയുടെ പെര്‍ഫോമന്‍സും കണ്ട് തരിച്ചിരുന്നുപോയ നിമിഷങ്ങള്‍ ധാരാളം.
തികച്ചും ഗ്രാമീണനായ ‘മൈക്ക്’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശശികുമാര്‍ അവതരിപ്പിക്കുന്ന മേനോന്‍ എന്ന കഥാപാത്രത്തിന് വൃക്ക ദാനം ചെയ്യാനായാണ് മൈക്ക് നഗരത്തിലേക്ക് എത്തുന്നത്. വൃക്ക നല്‍കേണ്ട ദിവസം തീരുമാനിച്ചിട്ടില്ല. അതിനാല്‍ മേനോനൊപ്പം ആ ഫ്ലാറ്റില്‍ മൈക്ക് താമസമാക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ‘ലൌഡ് സ്പീക്കര്‍’ എന്ന സിനിമ.
നേര്‍ത്ത തമാശകളും ലാളിത്യമുള്ള മുഹൂര്‍ത്തങ്ങളും നിറഞ്ഞതാണ് ചിത്രത്തിന്‍റെ ആദ്യ പകുതി. മമ്മൂട്ടിയുടെ പുതിയ രീതിയിലുള്ള വേഷവും രൂപവും ഭാവവുമൊക്കെ അംഗീകരിക്കാന്‍ അല്‍പം സമയം വേണ്ടി വരുമെങ്കിലും പിന്നീട് നമ്മുടെ കൂട്ടുകാരനായി മാറുകയാണ് മൈക്ക്. അയാളുടെ ചെറിയ തമാശകള്‍ക്കു പോലും പ്രേക്ഷകര്‍ ചിരിക്കുന്നു. അയാളുടെ കണ്ണു നിറയുമ്പോള്‍ തിയേറ്റര്‍ നിശബ്ദമാകുന്നു. തമാശകള്‍ക്ക് മാറ്റുകൂട്ടാന്‍ ജഗതി അവതരിപ്പിക്കുന്ന കഥാപാത്രവുമുണ്ട്.
അടുത്ത പേജില്‍ - അല്ലിയാമ്പല്‍ കടവിലേക്കൊരു മടക്കയാത്ര