മനുഷ്യരില്‍ നിന്നും ഉയര്‍ന്ന് ദേവസമാനനായി നില്ക്കുന്ന നായകന്...അതിക്രൂര പ്രവര്‍ത്തികളിലൂടെ നിങ്ങളുടെ മനസ്സില്‍ തീകോരിയിടുന്ന വില്ലന്‍...ഇതൊന്നും “ഷേക്സ്പിയര് പവിത്രന് എംഎ മലയാളം” എന്ന സിനിമയില്‍ ഇല്ല. തമാശക്കാരായ ഒരു പറ്റം നടന്മാര് അഭിനയിക്കുന്ന ചിത്രം എന്ന മുന്‍വിധിയോടെ ഈ ചിത്രം കാണാന്‍ ചെന്നാല്‍ കാര്യം സാധിച്ച തൃപ്തി ലഭിക്കും.
“ലോകം ഒരു അരങ്ങാണ് നാമെല്ലാം അതിലെ കഥാപാത്രങ്ങളും”, എന്ന ഷേക്സ്പിയറുടെ വാചകവും പവിത്രന്റെ പ്രവര്‍ത്തികളും പൂരകങ്ങളാണ്. പവിത്രന് (ജയസൂര്യ) ജയഭാരതി തിയറ്റേഴ്സിന്റെ ആസ്ഥാന നാടകകൃത്താണ്. നാടക രചനയ്ക്ക് അവാര്‍ഡ് വരെ നേടിയ പവിത്രന് ചുറ്റുപാടുമുള്ളവരില്‍ നിന്നാണ് തന്നെ തന്റെ കഥാപാത്രത്തെ കണ്ടെത്തുന്നത്. അതിനാല്‍ തന്നെ ‘ഷേക്സ്പിയര് പവിത്രന്’ എന്ന പേര് ലഭിച്ചാലും അതിശയോക്തി ഇല്ല!
കാര്യങ്ങളെല്ലാം ഭംഗിയായി നീങ്ങവെ ഒരു ദിവസം, നാടക കമ്പനി ഉടമയും സംവിധായകനും നായകനടനുമായ കോട്ടയം ഗോപാലന് (കലാഭവന്‍ മണി) ഉടന്‍ ഒരു നാടകം തട്ടിക്കൂട്ടാന്‍ പവിത്രനോട് ആവശ്യപ്പെടുന്നു. ഈ അവസരത്തില്‍ പ്രതിഭ ഉണരാതിരുന്ന പവിത്രന് വിഷമത്തിലായി. പവിത്രനെ “പ്രതിഭാധനനാക്കാന്” കാക്കത്തുരുത്ത് എന്ന സ്ഥലത്തേക്ക് മാറ്റിത്താമസിപ്പിക്കാന്‍ കോട്ടയം ഗോപാലന് തീരുമാനിച്ചു.
WD
നടന്മാരായ സുഗുണനും (സലിം കുമാര്‍) സരസനുമാണ് (അനൂപ് ചന്ദ്രന്) പവിത്രന് കൂട്ടായി കാക്കത്തുരുത്തിലേക്ക് പോവുന്നത്. പവിത്രന് കാക്കത്തുരുത്തിലെ ദിവസങ്ങള്‍ പ്രത്യേക ഗുണമൊന്നുമില്ലാതെ കടന്നു പോവുകയാണ്. ഈ അവസരത്തില്‍ അല്ലി (റോമ) എന്ന സുന്ദരിയെ പവിത്രന് കണ്ടുമുട്ടുന്നു. അല്ലി ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നില്ല. അവള്‍ക്ക് ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു...പവിത്രന്റെ സഹജമായ പ്രതിഭയില്‍ തിളക്കങ്ങളുണ്ടായി, അല്ലി എന്ന കഥാപാത്രത്തിന് ഭാവനയുടെ നിറം നല്‍കാനുള്ള ശ്രമം തുടങ്ങി. പക്ഷേ തുടര്‍ന്ന് നടന്നതൊന്നും പ്രതീക്ഷിക്കാന്‍ കഴിയുന്നതല്ലായിരുന്നു.