ഓണക്കാലത്തെ ആദ്യ റിലീസായി പൃഥ്വിരാജിന്റെ ‘തേജാഭായ് ആന്റ് ഫാമിലി’ എത്തി. ആക്ഷന്‍ കോമഡി എന്റര്ടെയ്നര് എന്ന വിശേഷണത്തോടെ എത്തിയെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കാനോ ത്രില്ലടിപ്പിക്കാനോ ദീപു കരുണാകരന് സംവിധാനം ചെയ്ത തേജാഭായിക്ക് കഴിയുന്നില്ലെന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍.
പൃഥ്വിരാജിന്റെ കോമഡി രംഗങ്ങള്‍ ഏശുന്നില്ല. എന്നാല്‍ ആക്ഷന്‍ രംഗങ്ങളില്‍ നന്നായി ശോഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തേജാഭായിയായി പൃഥ്വി കലക്കുമ്പോള്‍ റോഷന് വര്‍മ എന്ന കഥാപാത്രമായി പൃഥ്വിക്ക് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ്.
ഇടയ്ക്കിടെ നല്ല തമാശരംഗങ്ങളുമായി മുന്നേറുന്ന സിനിമ ക്ലൈമാക്സോടെ സംവിധായകന്റെ കൈവിട്ടുപോകുന്ന കാഴ്ചയാണ്. ഒരു ശരാശരിച്ചിത്രം എന്ന രീതിയില്‍ മുന്നോട്ടുപോയ സിനിമ ക്ലൈമാക്സില്‍ തകരുകയാണ്.
ചിത്രത്തില്‍ കൈയ്യടി നേടുന്ന ഒരേയൊരു താരം സുരാജ് വെഞ്ഞാറമ്മൂടാണ്. ഒരിടവേളയ്ക്ക് ശേഷം സുരാജ് തന്റെ തകര്‍പ്പന്‍ നമ്പറുകള്‍ അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നായികയായ അഖിലയ്ക്ക് പ്രത്യേകിച്ച് ചെയ്യാനൊന്നും ഇല്ല. ക്ലൈമാക്സിന് തൊട്ടുമുമ്പ് അഖിലയുടെ ഡയലോഗുകള്‍ക്ക് തിയേറ്റര്‍ കുലുക്കുന്ന കൂവലാണ് ലഭിക്കുന്നത്.
ഗാനങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തി. ‘ഒരു മധുരക്കിനാവില്‍ ലഹരിയിലെങ്ങോ...’ റീമിക്സ് നല്ല പ്രതികരണമുണ്ടാക്കുന്നു. ആ ഗാനം വരുമ്പോള്‍ തിയേറ്ററില്‍ യുവാക്കള്‍ ഡാന്‍സ് ചെയ്യുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം മുമ്പിറങ്ങിയ പല ചിത്രങ്ങളുടെയും ബി ജി എം ഓര്‍മ്മിപ്പിക്കുന്നു. കാര്യസ്ഥനും പാപ്പി അപ്പച്ചയും പോലെ നിലവാരമില്ലാത്ത ഒരു സില്ലി ചിത്രം എന്ന അഭിപ്രായമാണ് എങ്ങുനിന്നും ലഭിക്കുന്നത്. ചിത്രം ഹിറ്റാകുമോ എന്നറിയാന്‍ ഈ വാരാന്ത്യം വരെ കാത്തിരിക്കണം.