WEBDUNIA|
Last Modified തിങ്കള്‍, 27 ഏപ്രില്‍ 2009 (18:09 IST)
പരുത്തിവീരനും സുബ്രഹ്‌മണ്യപുരവും തമിഴ് സിനിമയ്ക്ക് ഒരു പ്ലാറ്റ്ഫോം സമ്മാനിച്ചിട്ടുണ്ട്. ഇനി വരുന്ന പരീക്ഷണ കുതുകികളായ സംവിധായകര്‍ക്ക് ആ പ്ലാറ്റ്ഫോമില്‍ അഭ്യാസം കാണിക്കാം. തമിഴകത്തിന്‍റെ നെഞ്ചില്‍ തറയ്ക്കുന്ന പ്രമേയങ്ങളുമായി കടന്നുവരാന്‍ ഒട്ടേറെ പ്രതിഭകളുള്ളപ്പോള്‍ ആ പ്ലാറ്റ്ഫോമില്‍ തിരക്കൊഴിയില്ലെന്നുതന്നെയാണ് പ്രതീക്ഷ. വെണ്ണിലാ കബഡിക്കുഴു ആ പ്ലേഗ്രൌണ്ടില്‍ വിജയം കൊയ്ത ചിത്രമാണ്. ഇപ്പോഴിതാ, കുങ്കുമപ്പൂവും കൊഞ്ചുന്ന പ്രാവും ആ ശ്രേണിയെത്തിയിരിക്കുന്നു.
മികച്ച തിരക്കഥ, മികവുറ്റ കഥാപാത്രങ്ങള്‍, പുതുമുഖങ്ങളെങ്കിലും കഴിവുള്ള നടീ നടന്മാര്‍ - നവാഗതനായ രാജ്മോഹന്‍റെ ‘കുങ്കുമപ്പൂവും കൊഞ്ചുന്ന പ്രാവും’ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് ഇവയൊക്കെക്കൊണ്ടാണ്. രണ്ട് കമിതാക്കളുടെ കഥയാണിത്. ഒരു ഗ്രാമിണ ജീവിതത്തിന്‍റെ കഥപറയുന്നതോടൊപ്പം പ്രേക്ഷകരെയും കഥയുടെ ഭാഗമാക്കുകയാണ് രാജ്മോഹന്‍.
മുട്ടം എന്ന ഒരു തീരദേശ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അടുത്തകാലത്ത് വന്നിട്ടുള്ള തമിഴ് ഗ്രാമീണ സിനിമകളുടെ അതേ പാറ്റേണ്‍ പിന്തുണരുകയാണ് സംവിധായകന്‍. തീരപ്രദേശം പശ്ചാത്തലമാക്കിയതിലൂടെ ഒരു വ്യത്യസ്തത പകരാനുമായി. കടല്‍ തീരവും ലൈറ്റ് ഹൌസും മീന്‍പിടുത്തക്കാരുടെ ബോട്ടുകളും കുട്ടികള്‍ സ്കൂളില്‍ പോകുന്ന പാലവുമെല്ലാം പശ്ചാത്തലമായി വരുന്നു.
സിനിമയുടെ തുടക്കം തന്നെ ഷോക്കിംഗാണ്. ഒരാള്‍ മരിച്ചിരിക്കുന്നു. ഗ്രാമീണരെല്ലാം അവര്‍ക്ക് പ്രിയപ്പെട്ട അയാളുടെ മരണത്തില്‍ വേദനിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഫ്ലാഷ്ബാക്ക്. തുളസി(അനന്യ) എന്ന പെണ്‍കുട്ടിയും കൂച്ച(രാമകൃഷ്ണന്‍) എന്ന അവളുടെ സഹപാഠിയും അവരുടെ വിരഹവും നമ്മള്‍ കാണുന്നു. തുളസി മുത്തശ്ശി(നാഗമ്മ)യോടൊത്ത് ആ ഗ്രാമം വിടുന്നു.
പിന്നീട് കഥ തൂത്തുക്കുടിയിലേക്ക് മാറുകയാണ്. ഈശ്വരി എന്ന തന്‍റേടിയായ സ്ത്രീ തുളസിക്കും മുത്തശ്ശിക്കും അഭയം നല്‍കുകയാണ്. തന്‍റെ സഹോദരന്‍ ധര്‍മ്മ(തരുണ്‍)യ്ക്ക് ഉചിതയായ ഭാര്യയായിരിക്കും തുളസിയെന്ന് ഈശ്വരി വിശ്വസിക്കുന്നു. ധര്‍മ്മയാകട്ടെ അഴിമതിക്കാരനും ധൂര്‍ത്തനും സ്ത്രീലമ്പടനുമാണ്. അതേസമയം, തുളസിയുടെ സഹോദരീ ഭര്‍ത്താവിനും അവളുടെ മേല്‍ ഒരു കണ്ണുണ്ട്.
തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങള്‍ തുളസിയെ തിരിച്ച് മുട്ടത്തിലേക്ക് തന്നെ വരാന്‍ പ്രേരിപ്പിക്കുന്നു. അവിടെ വച്ച് പഴയ കമിതാക്കള്‍ വീണ്ടും കണ്ടുമുട്ടുന്നു. മെലോഡ്രാമ അതിന്‍റെ പൂര്‍ണ്ണതയിലെത്തുന്ന സീനുകളാണ് പിന്നെയുള്ളത്.
യുവന്‍ ശങ്കര്‍ രാജയുടെ മനോഹരമായ സംഗീതമാണ് കുങ്കുമപ്പൂവും കൊഞ്ചുന്ന പ്രാവും ഒരു അനുഭവമാക്കി മാറ്റുന്നത്. പരുത്തിവീരന്‍റെ വിജയത്തിന് യുവന്‍റെ സംഗീതം എത്രമാത്രം പങ്കുവഹിച്ചോ, അതാവര്‍ത്തിക്കുകയാണ് കുങ്കുമപ്പൂവും. മുട്ടത്തു പക്കത്തില്‍, കടലോരം എന്നീ ഗാനങ്ങള്‍ ഒന്നാന്തരം.
സംഗീതം മാറ്റി നിര്‍ത്തിയാല്‍ പുതുമുഖങ്ങളായ അഭിനേതാക്കളുടെ അതിഗംഭീരമായ പ്രകടനമാണ് എടുത്തുപറയേണ്ടത്. ഗ്രാമീണരുടെ മുന്നില്‍ വച്ച് മുടിമുറിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ വേദന അനന്യ അതിശയകരമായ രീതിയിലാണ് അവതരിപ്പിച്ചത്.
ആദ്യപകുതിയുടെ അത്ര നന്നായില്ല തുടര്‍ന്നുള്ള ഭാഗമെന്ന് പറയേണ്ടി വരും. രണ്ടാം പകുതിയില്‍ പലപ്പോഴും ഇഴച്ചില്‍ അനുഭവപ്പെട്ടു. സിദ്ധാര്‍ത്ഥന്‍റെ ഛായാഗ്രഹണം മികവു പുലര്‍ത്തി. എന്തായാലും സുബ്രഹ്മണ്യപുരവും വെണ്ണിലാ കബഡിക്കുഴുവും കണ്ട തമിഴ് പ്രേക്ഷകന് കുങ്കുമപ്പൂവും കൊഞ്ചുന്ന പ്രാവും ആസ്വദിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.