സുദീപ് ജയന്|
Last Modified ശനി, 12 ഒക്ടോബര്‍ 2019 (14:20 IST)
‘പേരന്പ്’ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നാണ്. ആ ഒറ്റച്ചിത്രത്തോടെ സംവിധായകന് റാം, മമ്മൂട്ടിക്ക് പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായി മാറി. ഇപ്പോഴിതാ, മമ്മൂട്ടിച്ചിത്രം മാമാങ്കം തമിഴിലും പുറത്തിറങ്ങുമ്പോള്‍ തമിഴ് സംഭാഷണങ്ങള്‍ രചിക്കുന്നത് റാം ആണ്.
മാമാങ്കം പോസ്റ്റ് പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം ചിത്രം പുറത്തിറങ്ങും. എം പത്മകുമാര്‍ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ സിനിമ മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ രീതിയിലുള്ള റിലീസിനാണ് തയ്യാറെടുക്കുന്നത്.
റാമിന്റെ സിനിമകള്‍ കരുത്തുറ്റ സംഭാഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ, മാമാങ്കം തമിഴ് പതിപ്പില്‍ അതിഗംഭീരമായ സംഭാഷണങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം മാമാങ്കം ടീമിനൊപ്പമാണ് റാം തന്റെ ജന്മദിനം ആഘോഷിച്ചത്.
മമ്മൂട്ടി ചാവേര്‍ ആയി അഭിനയിക്കുന്ന മാമാങ്കം മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. ഉണ്ണി മുകുന്ദന്, കനിഹ, അനു സിത്താര, സുരേഷ് കൃഷ്ണ, മണിക്കുട്ടന്, ഇനിയ, സിദ്ദിക്ക് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബര്‍ 21നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.