Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (18:45 IST)
കമല്‍ഹാസന്‍ 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഹിന്ദിച്ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍ നായകനാകുന്നു. ‘അമര്‍ ഹേ’ എന്ന് പേരിട്ടിരിക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. വളരെ നിര്‍ണായകമായൊരു കഥാപാത്രത്തെ കമല്‍ഹാസനും ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
സമകാലിക രാഷ്ട്രീയാവസ്ഥകളും സമ്പദ്‌വ്യവസ്ഥയും അധോലോകവും ഈ സിനിമ വിഷയമാക്കുന്നുണ്ട്. വീരേന്ദ്ര കെ അറോറയും അര്‍ജുന്‍ എന്‍ കപൂറും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കമല്‍ഹാസന്‍ തന്നെയാണ് ‘അമര്‍ ഹേ’യുടേ തിരക്കഥയും രചിക്കുന്നത്.
കഴിഞ്ഞ ആറു വര്‍ഷമായി കമലിന്‍റെ ചിന്തയിലിരിക്കുന്ന പ്രൊജക്ടാണിത്. മുംബൈയും വടക്കേയിന്ത്യയിലെ പ്രധാന സ്ഥലങ്ങളും ഈ സിനിമ പശ്ചാത്തലമാക്കുന്നുണ്ട്. ഒപ്പം വിദേശരാജ്യങ്ങളിലെ ചില നഗരങ്ങളും. മുംബൈ, ഡല്‍ഹി, ലണ്ടന്‍, ദുബായ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ അമേരിക്കയിലെ ചില നഗരങ്ങളിലും ഷൂട്ട് ചെയ്യും.
18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ചാച്ചി 420’ എന്ന ചിത്രമാണ് ഹിന്ദിയില്‍ കമല്‍ ഒടുവില്‍ സംവിധാനം ചെയ്തത്. ഇത് ‘അവ്വൈ ഷണ്മുഖി’ എന്ന മെഗാഹിറ്റ് തമിഴ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കായിരുന്നു.
‘തൂങ്കാവനം’ എന്ന ത്രില്ലറിന്‍റെ പണിപ്പുരയിലാണ് ഇപ്പോള്‍ കമല്‍ഹാസന്‍. കമലിന്‍റെ സഹായിയായ രാജേഷ് സംവിധാനം ചെയ്യുന്ന തൂങ്കാവനം പൂര്‍ണമായും ഒരു ത്രില്ലറാണ്. ത്രിഷ, പ്രകാശ്‌രാജ് എന്നിവരും അണിനിരക്കുന്നു.