സൂപ്പര്‍ താരം മമ്മൂട്ടി ഇരട്ട വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു എന്നത് തന്നെ വാര്‍ത്തയാണ്. കൂട്ടത്തില്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായ മായാവിയിലെ നായിക ഗോപികയും, ‘തൊമ്മനും മക്കളും’ എന്ന ചിത്രത്തിന്റെ കഥാകാരന് ബെന്നി പി നായരമ്പലം കൂടി ചേരുന്നതോടെ പ്രതീക്ഷകള്‍ വാനോളം ഉയരും. രാജമാണിക്യത്തിലൂടെ വ്യത്യസ്തമായ ഇമേജും ശൈലിയും മമ്മൂട്ടിക്ക് നല്കിയ അന്‍വര്‍ റഷീദ് ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് മമ്മൂട്ടിയുടെ ഇരട്ട വേഷവുമായിട്ടാണ്.
മമ്മൂട്ടി ഇരട്ടകളായ അണ്ണനായും തമ്പിയായും അഭിനയിക്കുന്ന ചിത്രമാണ് ഈ വര്‍ഷത്തെ വിഷുക്കൈനീട്ടമായി മലയാളി പ്രേക്ഷകര്‍ക്ക് ഈ ടീം നല്‍കുന്നത്. ബെന്നി പി നായരമ്പലത്തിന്റെ കഥ സംവിധാനം ചെയ്യുന്നത് അന്‍വര്‍ റഷീദാണ്. ദാദാസാഹിബിനും ബല്‍റാം വേഴ്സസ് താരാദാസിനും ശേഷം മമ്മൂട്ടിയുടെ ഏറെ വ്യത്യസ്തമായ ഇരട്ട വേഷം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. റോക്ക് ന് റോളിലൂടെ മലയാളത്തിലെത്തിയ ലക്ഷ്മീ റായിയാണ് മറ്റൊരു നായിക.
വ്യത്യസ്ത സാഹചര്യത്തില്‍ ജീവിക്കുന്ന കലഹപ്രിയരായ ഇരട്ട സഹോദരങ്ങളുടെ കഥയാണ് ചിത്രം. ജ്യേഷ്ഠനും അനുജനുമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.ബാലെ ട്രൂപ്പുകാരനായ രാവുണ്ണിയാശാന് 90 സെക്കന്റുകളുടെ വ്യത്യാസത്തില്‍ പിറന്ന ഇരട്ടകളാണ് അച്ചുവും അപ്പുവും. ആകാരം ഒരുപോലെയെങ്കിലും സ്വഭാവത്തില്‍ സമാനതകളൊന്നും ഇവര്‍ക്കില്ല.
ഒരാള്‍ ഊമയാണ്. മറ്റേ ആള് സംസാരിക്കുന്നു. കുട്ടിക്കാലത്ത് തന്നെ ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ വലിയ രീതിയിലേക്ക് മാറിക്കൊണ്ടിരുന്നു. അവരുടെ നിരന്തരമായ വഴക്ക് വീട്ടില്‍ ഒരു സ്വസ്ഥതയില്ലാതെ മാറുകയാണ്. ഇതില്‍ കുഴപ്പം കണ്ട മാതാപിതാക്കള്‍ ജാതകം നോക്കിച്ചപ്പോള്‍ ഇവരില്‍ ഒരാള്‍ അസുരഗണവും മറ്റേയാള്‍ ദേവഗണവുമാണെന്ന് കണ്ടെത്തി.
PRO
PRO
ഇവരുടെ വഴക്ക് വന്‍ ദുരന്തങ്ങള്‍ പോലും ഉണ്ടാക്കുമെന്നായിരുന്നു ജോത്സ്യന്റെ പ്രവചനം. ഇത് ഭയന്ന് ഒരാളെ നാട്ടില്‍ നിര്‍ത്തി മറ്റേയാളെ അമ്മാവന്റെ കൂടെ അയയ്ക്കാമെന്നും തീരുമാനിക്കുന്നു. അങ്ങനെ പോകാന്‍ നോക്കുമ്പോള്‍ തന്നെ ഒരു ദുരന്തമുണ്ടാവുന്നു. ആ ദുരന്തമാണ് പിന്നീടുള്ള കഥയെ നയിക്കുന്നത്. രണ്ടുപേരുടെയും തുടരുന്ന വഴക്കിനെ കുറിച്ചും കാണാമറയത്തെ സാഹോദര്യത്തിന്റെ ആഴവുമാണ് അന്‍വര്‍ റഷീദ് പറയുന്നത്.