രഞ്ജന്‍ പ്രമോദ് ചിത്രത്തില്‍ പൃഥ്വിരാജ്

പൃഥ്വിരാജ്, രഞ്ജന്‍ പ്രമോദ്, വിനീതമായി അപേക്ഷിക്കുന്നു, സന്തോഷ് ശിവന്‍, ദിലീപ്
Last Updated: തിങ്കള്‍, 17 നവം‌ബര്‍ 2014 (13:46 IST)
രഞ്ജിത് സംവിധായകനായപ്പോള്‍ ആദ്യ ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാനും അദ്ദേഹത്തിന് ഇരട്ടവേഷങ്ങള്‍ നല്‍കാനുമാണ് തീരുമാനിച്ചത്. സംഭവിച്ചത് ഒരു മെഗാഹിറ്റ് - രാവണപ്രഭു.

രഞ്ജന്‍ പ്രമോദ് സംവിധായകനായപ്പോഴും നായകനായി മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. മോഹന്‍ലാലിന് ഇരട്ടവേഷങ്ങള്‍ നല്‍കി. പക്ഷേ സംഭവിച്ചത് ഒരു ദയനീയ പരാജയചിത്രം - ഫോട്ടോഗ്രാഫര്‍.

പരാജയപ്പെട്ടെങ്കിലും ഫോട്ടോഗ്രാഫര്‍ ഒരു മോശം സിനിമയായിരുന്നില്ല. വീണ്ടും ഒരു സിനിമകൂടി രഞ്ജന്‍ സംവിധാനം ചെയ്തു - റോസ് ഗിത്താറിനാല്‍. ആ ചിത്രത്തിനും പരാജയം തന്നെയായിരുന്നു വിധി.

ഏറ്റവും മികച്ച കൊമേഴ്സ്യല്‍ വിജയചിത്രങ്ങളുടെ തിരക്കഥാകൃത്തായി തുടരുമ്പോഴും സംവിധായകന്‍ എന്ന നിലയില്‍ വിജയം രഞ്ജന്‍ പ്രമോദിനെ അനുഗ്രഹിക്കാതെ പോയത് എന്തുകൊണ്ടാണ്? അതിന് ഉത്തരമില്ല.

രണ്ടാം ഭാവം, മീശമാധവന്‍, അച്ചുവിന്‍റെ അമ്മ, മനസ്സിനക്കരെ, നരന്‍ തുടങ്ങിയ ഗംഭീര സിനിമകള്‍ രഞ്ജന്‍റെ തൂലികയില്‍ നിന്ന് മലയാളത്തിന് ലഭിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന്‍റെ തിരക്കഥയും അദ്ദേഹത്തിന്‍റേതാണ്. പടത്തിന് പേര് - 'വിനീതമായി അപേക്ഷിക്കുന്നു'. ജോഷി സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിനും രഞ്ജന്‍ തന്നെയാണ് എഴുത്ത്.

പുതിയ വാര്‍ത്ത, രഞ്ജന്‍ പ്രമോദ് വീണ്ടും സംവിധായകനാകുകയാണ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകനാകുന്നത്. ആക്ഷന്‍ ഫ്ലേവറുള്ള ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :