Last Modified തിങ്കള്‍, 17 നവംബര്‍ 2014 (12:31 IST)
ജോഷി വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ചിത്രങ്ങളായ ലോക്പാലും സലാം കാശ്മീരും അവതാരവും തിയേറ്ററുകളില്‍ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തിലാണ് വമ്പന്‍ ഹിറ്റുകള്‍ക്ക് വേണ്ടി വലിയ തയ്യാറെടുപ്പുകള്‍ നടത്തി ജോഷി എത്തുന്നത്. ഇപ്പോള്‍ മോഹന്‍ലാല്‍ - അമല പോള്‍ ജോഡിയെ വീണ്ടും അവതരിപ്പിച്ച് 'ലൈലാ ഓ! ലൈലാ" എന്ന സിനിമയുടെ തിരക്കിലാണ് ജോഷി.
അതിനേക്കാള്‍ വലിയൊരു പ്രൊജക്ട് അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയെ നായകനാക്കി രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്യുന്ന ഒരു സിനിമ വരുന്നുണ്ട് എന്ന് മലയാളം വെബ്‌ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ആ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുമെന്ന് വ്യക്തമായ സൂചന ലഭിക്കുന്നു.
ഈ പ്രൊജക്ട് സംഭവിച്ചാല്‍ മമ്മൂട്ടിയും മഞ്ജുവും ഒന്നിക്കുന്ന ആദ്യ സിനിമയായിരിക്കും ഇത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഒരു ഫാമിലി ത്രില്ലര്‍ ആണ് ജോഷിക്ക് വേണ്ടി രഞ്ജന്‍ പ്രമോദ് തയ്യാറാക്കിയിരിക്കുന്നതെന്ന് അറിയുന്നു. തിരക്കഥയുടെ ജോലികള്‍ ഏകദേശം പൂര്‍ത്തിയായതായാണ് സൂചന.
നേരത്തേ ജോഷിക്ക് വേണ്ടി രഞ്ജന്‍ പ്രമോദ് രചന നിര്‍വഹിച്ചത് 'നരന്‍' എന്ന മെഗാഹിറ്റിനുവേണ്ടിയായിരുന്നു. രഞ്ജന്‍ എഴുതിയ 'വിനീതമായി അപേക്ഷിക്കുന്നു' എന്ന മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ - സത്യന്‍ അന്തിക്കാട് പ്രൊജക്ട് ചിത്രീകരണം പുരോഗമിക്കുകയാണ്.