Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (18:52 IST)
കമല്‍ഹാസനല്ല, വിക്രമാണ് രജനികാന്തിന്‍റെ വില്ലന്‍. ഷങ്കര്‍ ചിത്രത്തില്‍ രജനികാന്തും കമല്‍ഹാസനും ഒന്നിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് അതോടെ വിരാമമായി. ഷങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ രജനികാന്തിന് വില്ലനായി എത്തുന്നത് സാക്ഷാല്‍ വിക്രമാണെന്ന് ഏകദേശം ഉറപ്പായി.
എന്തിരന്‍റെ രണ്ടാം ഭാഗമാണ് ഷങ്കറിന്‍റെ അടുത്ത ചിത്രമെന്ന് ഒരു പ്രചരണമുണ്ടായിരുന്നു. അക്കാര്യത്തിലും ക്ലാരിറ്റി ലഭിച്ചിട്ടുണ്ട്. ഷങ്കറിന്‍റെ അടുത്ത സിനിമ എന്തിരന്‍റെ രണ്ടാം ഭാഗമല്ല. തീര്‍ത്തും പുതിയ ഒരു സിനിമയാണ് ഷങ്കര്‍ ഒരുക്കുന്നത്.
190 കോടി രൂപ ബജറ്റില്‍ ലൈക പ്രൊഡക്ഷന്‍സ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. എ ആര്‍ മുരുഗദോസിന്‍റെ വിജയ് ചിത്രം ‘കത്തി’ നിര്‍മ്മിച്ചതും ലൈകയായിരുന്നു.
ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറാണ് ഷങ്കര്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നത്. വിജയ്, വിക്രം എന്നിവരെ വച്ച് ചെയ്യാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അവിചാരിതമായി ഈ പ്രൊജക്ടിലേക്ക് രജനികാന്ത് എത്തിച്ചേര്‍ന്നു. അതോടെ ഇതൊരു രജനി - കമല്‍ ചിത്രമാക്കി മാറ്റാമോ എന്ന് ഷങ്കര്‍ ആലോചിച്ചു. പക്ഷേ, വില്ലനാകാന്‍ താനില്ല എന്ന് കമല്‍ഹാസന്‍ അറിയിച്ചതോടെയാണ് വില്ലനായി വിക്രം തന്നെ മതി എന്ന തീരുമാനത്തിലെത്തിയത്.
എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം രത്നവേലു ആയിരിക്കുമെന്ന് സൂചനയുണ്ട്.