Last Updated:
തിങ്കള്‍, 19 ജനുവരി 2015 (16:57 IST)
മോഹന്‍ലാലിനെ നായകനാക്കിയാണ് 'പിക്കറ്റ് 43' എന്ന സിനിമ മേജര്‍ രവി പ്ലാന്‍ ചെയ്തത്. എന്നാല്‍ പിന്നീട് മോഹന്‍ലാലിന് പകരം പൃഥ്വിരാജ് ആ സിനിമയില്‍ നായകനായി. ജനുവരി 23ന് ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്.
ഈ സിനിമയില്‍ തനിക്ക് പകരം പൃഥ്വിരാജിനെ അഭിനയിപ്പിക്കണമെന്ന് മോഹന്‍ലാല്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്ന് സംവിധായകന്‍ മേജര്‍ രവി വെളിപ്പെടുത്തുന്നു.
"ഈ കഥാപാത്രത്തിന് തന്‍റെ പ്രായം തടസമല്ലേ എന്ന് മോഹന്‍ലാല്‍ എന്നെ വിളിച്ച് ചോദിച്ചു. ഇതിലെ കഥാപാത്രത്തിന് കാമുകിയുണ്ട്. അവളെ വിവാഹം കഴിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളുണ്ട്. അതൊക്കെ കുറച്ചുകൂടി പ്രായം കുറഞ്ഞ ആരെങ്കിലും ചെയ്യുന്നതല്ലേ നല്ലത് എന്ന് ലാല്‍ തന്നെയാണ് ഇങ്ങോട്ടുചോദിച്ചത്. ലാലിന് പകരം ആര് എന്നതായിരുന്നു എന്‍റെ മനസിലെ സംശയം. ആ ചോദ്യം അങ്ങോട്ടുതന്നെ ചോദിച്ചപ്പോള്‍ ലാല്‍ തന്ന ഉത്തരമാണ് പൃഥ്വിരാജ്" - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ മേജര്‍ രവി പറയുന്നു.
"35 ദിവസമായിരുന്നു പിക്കറ്റ് 43യുടെ ഷൂട്ടിംഗിന് തീരുമാനിച്ചത്. 22 ദിവസം കൊണ്ട് ഷൂട്ടിംഗ് എനിക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പൃഥ്വി ഉള്‍പ്പെടുന്ന ടീമിന്‍റെ സഹകരണം ഒന്നുകൊണ്ടുമാത്രമാണ് അതിന് കഴിഞ്ഞത്. മോഹന്‍ലാലില്‍ കണ്ട അതേ ആത്മാര്‍ത്ഥത പൃഥ്വിരാജിലും കാണാന്‍ സാധിച്ചു" - മേജര്‍ രവി വ്യക്തമാക്കുന്നു.