Last Modified തിങ്കള്‍, 4 ഏപ്രില്‍ 2016 (20:39 IST)
മോഹന്‍ലാലിന്‍റെ വ്യത്യസ്ത കഥാപാത്രം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു കാര്‍ കച്ചവടക്കാരനായാണ് സൂപ്പര്‍താരം അഭിനയിക്കുന്നതെന്നാണ് സൂചന. കാര്‍ വാങ്ങി മറിച്ചുവില്‍ക്കുന്ന കഥാപാത്രം. അതും ബെന്‍സ് ഉള്‍പ്പടെയുള്ള കാറുകളാണത്രേ മറിച്ചുവില്‍ക്കുന്നത്. ചിത്രത്തിന് ‘ബെന്‍സ് വാസു’ എന്ന് പേരിട്ടതായും വാര്‍ത്തകളുണ്ട്.
‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന മെഗാഹിറ്റ് ചിത്രം സംവിധാനം ചെയ്ത ജി പ്രജിത്ത് ആണ് ബെന്‍സ് വാസു സംവിധാനം ചെയ്യുന്നത്. രജപുത്ര രഞ്ജിത് ആണ് നിര്‍മ്മാണം.
ചിത്രം ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറായിരിക്കും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഒപ്പം’ എന്ന ത്രില്ലറിന് ശേഷം ഈ പ്രൊജക്ട് ആരംഭിക്കും.
അവിചാരിതമായാണ് പ്രജിത്ത് ഈ പ്രൊജക്ടിലേക്ക് വരുന്നത്. ‘ഉട്ടോപ്യയിലെ രാജാവ്’ എന്ന സിനിമയ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യാനിരുന്ന പ്രൊജക്ടാണിത്. എന്നാല്‍ ചില കാരണങ്ങളാല്‍ ഈ പ്രൊജക്ട് പ്രജിത്തിലേക്ക് വരികയായിരുന്നു.
‘2 കണ്‍ട്രീസ്’ എന്ന മെഗാഹിറ്റിന് ശേഷം രജപുത്ര രഞ്ജിത് നിര്‍മ്മിക്കുന്ന ചിത്രമാണ് ബെന്‍സ് വാസു.
ഒടുവിലാന്‍: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജയന്‍ നായകനായ ഒരു ഹിറ്റ് ചിത്രത്തിന് ‘ബെന്‍സ് വാസു’ എന്നായിരുന്നു പേര്. 1980 ഏപ്രില്‍ 11നാണ് ജയന്‍ നായകനായ ബെന്‍സ് വാസു റിലീസാകുന്നത്. ഹസന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി. സീമ, ശ്രീലത നമ്പൂതിരി, ശങ്കരാടി, പട്ടം സദന്‍, കുതിരവട്ടം പപ്പു, കൊച്ചിന്‍ ഹനീഫ, പ്രതാപചന്ദ്രന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. ആ സിനിമയുടെ പേര് പുതിയ മോഹന്‍ലാല്‍ ചിത്രത്തിന് വരുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ ഇരട്ടിയാകുകയാണ്.