ആസിഫ് അലി സെലക്ടീവാണ്. വരുന്ന വേഷങ്ങളെല്ലാം കയറിച്ചെയ്യുന്ന താരമല്ല. വളരെ ശ്രദ്ധിച്ച്, ഒരുപാട് കഥകള്‍ കേട്ട്, അതില്‍ നിന്ന് നല്ല കഥകള്‍ തെരഞ്ഞെടുത്ത്, അതില്‍ തനിക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങളെയാണ് ആസിഫ് അവതരിപ്പിക്കാറുള്ളത്. ബാച്ച്ലര്‍ പാര്‍ട്ടി എന്ന പുതിയ ചിത്രത്തിന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ആസിഫ് അലിയുടെ പ്രകടനത്തെ ഏവരും പ്രശംസിച്ചിരുന്നു.
ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്‍റെ വാര്‍ത്ത വരുന്നു. വയനാട്ടില്‍ നിന്നാണ് വാര്‍ത്ത. അവിടെ ഒരു സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന് പേര് - ‘ബൊളീവിയന്‍ ഡയറി’. പേര് സൂചിപ്പിക്കുന്നതുപോലെ നക്സലിസവും ഒളിപ്പോരുമാണ് ചിത്രത്തിന്‍റെ പ്രമേയം.
തിരുവമ്പാടി തമ്പാന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബൊളീവിയന്‍ ഡയറി. ആസിഫ് അലിയോടൊപ്പം തമിഴകത്തെ നടനും സംവിധായകനുമായ സമുദ്രക്കനിയും ചിത്രത്തില്‍ വേഷമിടുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് സമുദ്രക്കനി എത്തുന്നത്.
നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു യുവാവും അയാളെ പിടികൂടാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ബൊളീവിയന്‍ ഡയറിയുടെ പ്രമേയം. പൂര്‍ണമായും ഒരു ആക്ഷന്‍ ചിത്രമാണിത്.
ഇനി പറയട്ടെ, ഈ സിനിമയുടെ ദൈര്‍ഘ്യം അര മണിക്കൂര്‍ മാത്രമാണ്. ‘ഡി കമ്പനി’ എന സിനിമാ പാക്കേജിലെ ഒരു ലഘുചിത്രമാണ് ബൊളീവിയന്‍ ഡയറി. ഡി കമ്പനിയിലെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് ജോഷി, ഷാജി കൈലാസ്, ദീപന്‍, വിനോദ് വിജയന്‍ എന്നിവരാണ്. ഇതില്‍ ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഗാംഗ്സ് ഓഫ് വടക്കുംനാഥ്’ എന്നാണ് പേര്.