‘ലാല്‍ മാജിക്’ എന്നു കേട്ടിട്ടില്ലേ? മോഹന്‍ലാലിന്‍റെ അപാരമായ അഭിനയ നൈപുണ്യത്തിന് ഏവരും വിശേഷിപ്പിച്ചിരുന്നത് ലാല്‍ മാജിക് എന്നായിരുന്നു. ഇപ്പോഴിതാ ശരിക്കും ഒരു മാജിക് നടത്തേണ്ട അവസ്ഥയിലോ ഗതികേടിലോ ആണ് മലയാളത്തിന്‍റെ പ്രിയതാരം. ‘301’ എന്ന നമ്പറിനെ ‘300’ ആക്കുക എന്നതാണ് മോഹന്‍ലാലിന്‍റെ മുന്നിലുള്ള വെല്ലുവിളി.
അതെന്തു കാര്യം എന്നാണോ? പറയാം. മോഹന്‍ലാലിന്‍റെ മുന്നൂറാം ചിത്രമായ ‘പ്രണയം’ ഓണത്തിന് റിലീസ് ചെയ്യുകയാണെന്ന് അറിയാമല്ലോ. എവിടെയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും വന്‍ പ്രചരണം നടത്തുകയുമൊക്കെ ചെയ്തുകഴിഞ്ഞ കാര്യമാണ്. എന്നാല്‍, പ്രണയത്തെ മുന്നൂറാം ചിത്രമായി അംഗീകരിക്കില്ലെന്നാണ് ലാല്‍ ഫാന്‍സ് പറയുന്നത്.
മുന്നൂറാം ചിത്രത്തെ മുന്നൂറാം ചിത്രമായല്ലാതെ മറ്റേതു രീതിയില്‍ പരിഗണിക്കും എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ഫാന്‍സ് പറയുന്നത് അനുസരിച്ചാല്‍ മാത്രം മതി. ഫാന്‍സ് പറയുന്നത് ഇങ്ങനെയാണ് - വെറും 40 മിനിറ്റ് സമയം മാത്രം മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന പ്രണയം എന്ന ചിത്രത്തെ ലാലിന്‍റെ മുന്നൂറാം ചിത്രം എന്ന് അംഗീകരിച്ച് ആഘോഷിക്കാനാവില്ല. സത്യന്‍ അന്തിക്കാടിന്‍റെ മോഹന്‍ലാല്‍ ചിത്രത്തെ മുന്നൂറാം ചിത്രമായി അംഗീകരിക്കാം.
മോഹന്‍ലാലിന്‍റെ 299 ചിത്രങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇനി റിലീസാകാന്‍ പോകുന്ന ‘പ്രണയം’ സ്വാഭാവികമായും മുന്നൂറാം ചിത്രമാകും. പക്ഷേ അതൊക്കെ ഫാന്‍സിനോട് പറഞ്ഞാല്‍ നടക്കുമോ? പ്രണയം റിലീസായിക്കഴിഞ്ഞ് ഒരു മാസത്തിന് ശേഷമേ ലാല്‍ - സത്യന്‍ ചിത്രം റിലീസാകൂ. അത് യഥാര്‍ത്ഥത്തില്‍ മുന്നൂറ്റൊന്നാം ചിത്രമാണ്. പക്ഷേ, അത് മുന്നൂറാം ചിത്രമായി മനസില്‍ കരുതി ആഘോഷിച്ച് ആനയിക്കണമെന്നാണ് ഫാന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആന്‍റണി പെരുമ്പാവൂരും മോഹന്‍ലാലും ഫാന്‍സിന്‍റെ ഈ സമ്മര്‍ദ്ദത്തിന് വഴങ്ങുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ 299നും 300നും ഇടയ്ക്ക് എവിടെയോ ഒരു നമ്പരില്‍, മോഹന്‍ലാലിന്‍റെ മുന്നൂറ് സിനിമകളില്‍ ഇടം പിടിക്കാത്ത ഒരു സൃഷ്ടിയായി ‘പ്രണയം’ മാറും. ബ്ലെസിയുടെ ഒരു സിനിമയ്ക്ക് അതാണ് വിധിയെങ്കില്‍ ലാലിനോ ആന്‍റണിക്കോ അത് തടയാനാകുമോ? വിധിയെഴുതുന്നത് ഫാന്‍സ് ആയിപ്പോയില്ലേ?