‘ആഗസ്റ്റ് 1’ എന്ന സിനിമ മലയാളത്തിന് സമ്മാനിച്ചത് മമ്മൂട്ടിയുടെ അതുവരെ കണ്ടിട്ടില്ലാത്ത മാനറിസങ്ങളാണ്. 1988ല്‍ റിലീസായി സൂപ്പര്‍ഹിറ്റായ ആ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച ഡി സി പി പെരുമാള്‍ എന്ന കഥാപാത്രത്തിന്‍റെ രീതികള്‍ അന്നത്തെ യുവത്വം ഒരുപാടുകാലം അനുകരിച്ചിരുന്നു. മുടി ഇടത്തോട്ടു പരത്തിച്ചീകുക, നല്ല സ്റ്റൈലില്‍ ഇന്‍ ചെയ്ത് നടക്കുക, ചാര്‍മിനാര്‍ വലിച്ച് ആസ്വദിച്ച് പുകയൂതുക തുടങ്ങിയ മാനറിസങ്ങളൊക്കെ ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം ആഗസ്റ്റ് 1ന് ‘ആഗസ്റ്റ് 15’ എന്ന പേരില്‍ രണ്ടാം ഭാഗമൊരുങ്ങുമ്പോള്‍ അതേ മാനറിസങ്ങള്‍ മമ്മൂട്ടി ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ ഒരു മാറ്റമുണ്ടാകും. ക്രൈംബ്രാഞ്ച് ഡി സി പി പെരുമാള്‍ പുകവലിക്കുന്നത് ഇത്തവണ കാണാനാകില്ല. ചാര്‍മിനാര്‍ സിഗരറ്റിന്‍റെ ആരാധകനായ പെരുമാള്‍ നിയമത്തിന് വിധേയമായി സിഗരറ്റ് വലി അവസാനിപ്പിച്ചിരിക്കുകയാണെന്ന് സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും അറിയിച്ചു.
എന്നാല്‍ ഷാജിയുടെയോ സ്വാമിയുടെയോ തീരുമാനപ്രകാരമല്ല പെരുമാള്‍ സിഗരറ്റ് ഉപേക്ഷിച്ചത് എന്നതാണ് വസ്തുത. ജീവിതത്തിലും സിനിമയിലും പുകവലിക്കില്ലെന്ന തീരുമാനമാനമെടുത്തിരിക്കുന്ന മമ്മൂട്ടിയുടെ നിര്‍ബന്ധപ്രകാരമാണ് പെരുമാള്‍ ഇത്തവണ പുകവലി ഉപേക്ഷിക്കുന്നതത്രെ. പുകവലിച്ചില്ലെങ്കിലും പെരുമാളിന്‍റെ ‘കൂള്‍ ആന്‍റ് ഷാര്‍പ്പ്’ പെരുമാറ്റത്തിന് ഒരു മാറ്റവും ഉണ്ടാവില്ല. പഴയതിലും കൂടുതല്‍ ബുദ്ധികൂര്‍മ്മതയും ശൌര്യവും പുതിയ പെരുമാള്‍ പ്രകടിപ്പിക്കും.
മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ വധശ്രമത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കാനാണ് ഇത്തവണ പെരുമാള്‍ ചുമതലപ്പെട്ടിരിക്കുന്നത്. ചുണ്ടില്‍ സിഗരറ്റിനുപകരം നേര്‍ത്തൊരു മന്ദഹാസവുമായി വളരെ കൂളായിത്തന്നെ ഈ കേസിന് പെരുമാള്‍ തുമ്പുണ്ടാക്കുമെന്ന് ഉറപ്പിക്കാം.