നാടുവാഴികളില്‍ മാത്രമല്ല, തൃഷ്ണയിലും പൃഥ്വി!

WEBDUNIA|
PRO
ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് റീമേക്കുകളിലൂടെ വാര്‍ത്തകളില്‍ വീണ്ടും നിറയുകയാണ്. മോഹന്‍ലാലിന്‍റെ മെഗാഹിറ്റായ ‘നാടുവാഴികള്‍’ ഷാജി കൈലാസ് റീമേക്ക് ചെയ്യുമ്പോള്‍ പൃഥ്വിരാജാണ് നായകന്‍. ഇപ്പോഴിതാ, മമ്മൂട്ടിയുടെ ആദ്യകാല ഹിറ്റായ തൃഷ്ണയും റീമേക്ക് ചെയ്യുന്നു - നായകന്‍ പൃഥ്വി തന്നെ!

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത തൃഷ്ണ 1981ലാണ് റിലീസായത്. കൃഷ്ണദാസ് എന്ന കഥാപാത്രത്തെയാണ് ആ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. “ഞാന്‍ അഭിനയിച്ച സിനിമകളില്‍ ഏതെങ്കിലും റീമേക്ക് ചെയ്ത് വീണ്ടും നായകവേഷം അവതരിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുള്ളത് തൃഷ്ണയും അരപ്പട്ട കെട്ടിയ ഗ്രാമത്തിലുമാണ്” - എന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇടയ്ക്കിടെ ആഗ്രഹം പ്രകടിപ്പിക്കാറുള്ളതാണ്. എന്നാല്‍ പൃഥ്വി ആ കഥാപാത്രത്തെ പുനരവതരിപ്പിക്കുന്നതിലൂടെ മമ്മൂട്ടിയുടെ ആ ആഗ്രഹം പൊലിയുകയാണ്.

എം ടി തന്നെ ‘തൃഷ്ണ’യുടെ റീമേക്കിനും തിരക്കഥ രചിക്കും(എം ടിയുടെ ‘നീലത്താമര’ സമീപകാലത്ത് റീമേക്ക് ചെയ്തത് ഓര്‍ക്കുക). ‘ജനകന്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സുധീര്‍ ആണ് ഈ സിനിമ നിര്‍മ്മിക്കുക. ഐ വി ശശി തന്നെ സംവിധാനം ചെയ്യുമെന്നും സൂചനകളുണ്ട്. തൃഷ്ണയിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളായ ‘മൈനാകം കടലില്‍ നിന്നുയരുന്നുവോ...’, ‘ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളേ...’ എന്നിവ റീമിക്സ് ചെയ്ത് അവതരിപ്പിക്കാനും ആലോചനയുണ്ട്.

എം ടിയുടെ രചനയില്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുക എന്ന പൃഥ്വിയുടെ മോഹം കൂടിയാണ് തൃഷ്ണയുടെ റീമേക്കിലൂടെ സാധ്യമാകുക. എന്തായാലും തൃഷ്ണ റീമേക്ക് ഒരു ചരിത്രവിജയമാക്കാനുള്ള ശ്രമത്തിലാണ് ബിഗ്സ്റ്റാറും ടീമും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :