Last Updated:
ചൊവ്വ, 1 ജൂലൈ 2014 (22:01 IST)
പിക്കറ്റ് 43 എന്ന സിനിമയുമായാണ് മേജര്‍ രവി ഇനി വരുന്നത്. പട്ടാളച്ചിത്രം തന്നെയാണ് ഇതും. മോഹന്‍ലാല്‍ ഈ സിനിമയില്‍ ഇല്ല. പൃഥ്വിരാജാണ് നായകന്‍. യുദ്ധവും സംഘര്‍ഷവുമൊക്കെയായിരുന്നു മേജര്‍ രവി സംവിധാനം ചെയ്ത മറ്റ് പട്ടാളക്കഥകളിലെങ്കില്‍ ഈ സിനിമയില്‍ സ്നേഹവും കരുണയുമാണ് പറയുന്നത്.
"വിസ്മയിപ്പിക്കുന്ന ഒരു വിഷ്വല്‍ ട്രീറ്റാണ് ഈ സിനിമ. ഞങ്ങള്‍ വ്യത്യസ്ത സീസണുകളില്‍ ഷൂട്ട് ചെയ്തു. നിങ്ങള്‍ ചിലപ്പോള്‍ പാകിസ്ഥാന്‍ പട്ടാളക്കാരെ ശത്രുക്കള്‍ എന്ന് വിളിച്ചേക്കാം. യഥാര്‍ത്ഥത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാകുമ്പോള്‍ മാത്രമാണ് അവര്‍ ശത്രുക്കള്‍. അങ്ങനെയല്ലെങ്കില്‍ അവര്‍ സുഹൃത്തുക്കളാണ്. പരസ്പരം നിറയൊഴിക്കാനും കൊല്ലാനുമുള്ള ഉത്തരവിനായി അവര്‍ കാത്തിരിക്കുന്നു" - മേജര്‍ രവി വ്യക്തമാക്കി.
കശ്മീരില്‍ 22 ദിവസത്തെ ചിത്രീകരണം പിക്കറ്റ് 43 ടീം പൂര്‍ത്തിയാക്കി. ഇന്ത്യാ - പാക് അതിര്‍ത്തിയില്‍ ഒറ്റപ്പെട്ട് കുടുങ്ങിപ്പോകുന്ന ഒരു പട്ടാളക്കാരന്‍റെ ജീവിതാവസ്ഥയാണ് പിക്കറ്റ് 43യില്‍ മേജര്‍ രവി ചിത്രീകരിക്കുന്നത്. പ്രശസ്ത ഹിന്ദി താരം ജാവേദ് ജഫ്രി ഈ സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ആദ്യം ഈ സിനിമ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് നായകനായി പൃഥ്വിരാജിനെ നിശ്ചയിക്കുകയായിരുന്നു. ഒരു ഇന്ത്യന്‍ പട്ടാളക്കാരനും അയാളെ സഹായിക്കാനെത്തുന്ന ഒരു പാകിസ്ഥാന്‍ പട്ടാളക്കാരനും തമ്മിലുള്ള സൌഹൃദത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥയാണ് പിക്കറ്റ് 43.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങിയ വമ്പന്‍ പട്ടാളച്ചിത്രങ്ങള്‍ക്ക് ശേഷം മേജര്‍ രവി ഒരുക്കുന്ന സിനിമ എന്ന നിലയില്‍ പിക്കറ്റ് 43 വലിയ പ്രതീക്ഷയുണര്‍ത്തിയിരിക്കുകയാണ്.