തനിക്ക് വഴക്കുകൂടാന്‍ സമയമില്ലെന്ന് മോഹന്‍ലാല്‍ ചിത്രത്തിലെ സെക്കന്‍റ് ഹീറോ, അപ്പോള്‍ ‘പോക്കിരിരാജ’യുടെ സെറ്റില്‍ സംഭവിച്ചതെന്ത്? !
Last Updated:
ശനി, 20 ഫെബ്രുവരി 2016 (16:17 IST)
‘കീര്‍ത്തിചക്ര’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സെക്കന്‍റ് ഹീറോ ആയിരുന്നു തമിഴ് നടന്‍ ജീവ. തമിഴില്‍ ജീവയുടെ പല ചിത്രങ്ങളും മികച്ച വിജയം നേടിയിട്ടുണ്ട്. ‘കോ’ തന്നെ ഏറ്റവും മികച്ച ഉദാഹരണം. എന്നാല്‍ കുറച്ചുകാലമായി ജീവയുടെ സമയം അത്ര നല്ലതല്ല. ചെയ്യുന്ന സിനിമകളൊന്നും വിജയം കാണുന്നില്ല.
അതിനാല്‍ തന്നെ കഴിഞ്ഞ രണ്ടുവര്‍ഷമായി സിനിമയില്‍ നിന്ന് അല്‍പ്പം വിട്ടുനില്‍ക്കുകയായിരുന്നു ജീവ. ഇപ്പോള്‍ മടങ്ങിവരവിന് ഒരുങ്ങുകയാണ്. മടങ്ങിവരുമ്പോള്‍ ഒന്നാന്തരം ആക്ഷന്‍ മസാല ചിത്രങ്ങളുമായാണ് ജീവയുടെ വരവ്. പോക്കിരിരാജ, ജമിനി ഗണേശന്‍, തിരുനാള്‍ തുടങ്ങിയവയാണ് ചിത്രങ്ങള്‍.
പോക്കിരിരാജയില്‍ ജീവയോളം പ്രാധാന്യമുള്ള മറ്റൊരു വേഷം ചെയ്തിരിക്കുന്നത് സിബി രാജാണ്. ചിത്രത്തിന്‍റെ സെറ്റില്‍ സിബിരാജും ജീവയും തമ്മില്‍ പൊരിഞ്ഞ വഴക്കായിരുന്നു എന്നാണ് കോടമ്പാക്കത്ത് പ്രചരിച്ച ഗോസിപ്പ്. എന്നാല്‍ സിബി രാജുമായി തനിക്ക് പ്രശ്നമൊന്നുമില്ലായിരുന്നു എന്നാണ് ജീവ പറയുന്നത്.
“അതെല്ലാം വെറും റൂമറാണ്. ഞങ്ങള്‍ നല്ല ഫ്രണ്ട്‌സാണ്. ഞാന്‍ ഒരുപാട് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ മറ്റൊരു ഹീറോയ്ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ അദ്ദേഹവുമായി നല്ല സൌഹൃദത്തില്‍ മുന്നോട്ടുപോകാനാണ് ശ്രമിക്കാറ്. ഞങ്ങള്‍ പരസ്പരം വഴക്കുകൂടാറില്ല. എനിക്ക് വഴക്കുകൂടാന്‍ സമയമില്ല എന്നതാണ് ശരി” - ജീവ പറയുന്നു.
രാംപ്രകാശ് രായപ്പ സംവിധാനം ചെയ്യുന്ന പോക്കിരിരാജയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മികച്ച അഭിപ്രായമാണ് ട്രെയിലറിനെക്കുറിച്ച് ഉള്ളത്. ഹന്‍സിക മൊട്‌വാണി നായികയാകുന്ന ചിത്രം 28ന് പുറത്തിറങ്ങും.