ചട്ടക്കാരി വരികയാണ്. 38 വര്‍ഷം മുമ്പ് ലക്ഷ്മിയാണ് മലയാള സിനിമയെ ജൂലി എന്ന കഥാപാത്രത്തിലൂടെ ഇളക്കിമറിച്ചതെങ്കില്‍ ഇപ്പോള്‍ പൂര്‍ണയാണ്(ഷംന കാസിം) ജൂലിയാകുന്നത്. സിനിമയുടെ സ്റ്റില്ലുകള്‍ പുറത്തുവരുമ്പോള്‍ പ്രേക്ഷകപ്രതീക്ഷ ഏറുകയാണ്. ഒന്നരക്കോടി രൂപയ്ക്കുള്ളില്‍ ചിത്രത്തിന്‍റെ ചെലവ് ഒതുക്കി മാസ്റ്റര്‍ പ്രൊഡ്യൂസര്‍ ജി സുരേഷ്കുമാര്‍ വീണ്ടും മാതൃകയാകുന്നു.
നീലത്താമരയും രതിനിര്‍വേദവും ഒന്നരക്കോടിയ്ക്കുള്ളില്‍ ബജറ്റ് ഒതുക്കിയ ചെറിയ പടങ്ങളായിരുന്നു. അവ രണ്ടും മെഗാഹിറ്റുകളായി മാറി. അതുകൊണ്ടുതന്നെ ചട്ടക്കാരിയുടെ വിജയത്തിലും സുരേഷ്കുമാറിന് സംശയമൊന്നുമില്ല.
“ചെറിയ പടമാകുമ്പോള്‍ റിസ്ക് കുറഞ്ഞിരിക്കും. പടം പരാജയപ്പെട്ടാല്‍ പോലും പത്തുനിലയുടെ മുകളില്‍ നിന്നു വീഴുന്നതും ചവിട്ടുപടിയില്‍ നിന്നു വീഴുന്നതും പോലുള്ള വ്യത്യാസമുണ്ട്. നല്ല പ്രണയകഥയാണ് ചട്ടക്കാരി. എക്കാലത്തും വില്‍ക്കാവുന്ന നല്ലൊരു പ്രമേയം ഇതിനുണ്ട്. അതാണ് ചട്ടക്കാരി റീമേക്ക് ചെയ്യാന്‍ കാരണം” - ഒരഭിമുഖത്തില്‍ സുരേഷ്കുമാര്‍ പറയുന്നു.
കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്‌ത 'ചട്ടക്കാരി' റീമേക്ക് ചെയ്യുമ്പോള്‍ സംവിധാനം മകന്‍ സന്തോഷ് സേതുമാധവനാണ്. ഹേമന്താണ് നായകന്‍. ഗ്രാന്‍റ്മാസ്റ്റര്‍ എന്ന സൂപ്പര്‍ഹിറ്റിലൂടെ ശ്രദ്ധേയനായ വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ.