ഒടുവില്‍ ‘ചട്ടക്കാരി’യെ കണ്ടെത്തി!

WEBDUNIA|
PRO
രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി സുരേഷ്കുമാര്‍ ‘ചട്ടക്കാരി’ റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. മുട്ടിറക്കമില്ലാത്ത ഫ്രോക്കണിഞ്ഞെത്തി പ്രേക്ഷകരുടെ മനസില്‍ തിരയിളക്കമുണ്ടാക്കി ലക്ഷ്മി അനശ്വരമാക്കിയ ജൂലി എന്ന കഥാപാത്രത്തെ യുവനായിക പൂര്‍ണ(ഷം‌ന കാസിം) പുനരവതരിപ്പിക്കും. പൂര്‍ണ ഡേറ്റ് നല്‍കിക്കഴിഞ്ഞതായാണ് സൂചന.

മാണിക്യം മൈഥിലി ‘ചട്ടക്കാരി’യില്‍ നായികയാകുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് നിത്യാ മേനോനെ പരിഗണിച്ചു. എന്നാല്‍ സുരേഷ്കുമാറും നിത്യാ മേനോനുമായുണ്ടായ വിവാദങ്ങള്‍ ചിത്രത്തില്‍ നിന്നും നിത്യയെ ഒഴിവാക്കാമെന്ന തീരുമാനത്തിലാണ് എത്തിയത്. ഒടുവില്‍ പൂര്‍ണയ്ക്ക് നറുക്ക് വീണിരിക്കുകയാണ്.

1974ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത് തരംഗം സൃഷ്ടിച്ച ചട്ടക്കാരി റീമേക്ക് ചെയ്യുമ്പോള്‍ സംവിധായകന്‍റെ സ്ഥാനത്ത് സേതുമാധവന്‍റെ മകന്‍ സന്തോഷ് സേതുമാധവനാണ്. ജൂലി എന്ന ആംഗ്ലോ ഇന്ത്യന്‍ യുവതിയുടെ എടുത്തുചാട്ടങ്ങളുടെ കഥയായിരുന്നു ചട്ടക്കാരി. യഥാര്‍ത്ഥ ജീവിതത്തിലും പ്രണയിതാക്കളായിരുന്ന മോഹനും ലക്‍ഷ്മിയും അവതരിപ്പിച്ച ചൂടന്‍ രംഗങ്ങളും ലക്ഷ്മിയുടെ അതിരുകളില്ലാത്ത ശരീരപ്രദര്‍ശനവുമായിരുന്നു ചട്ടക്കാരിയുടെ ഹൈലൈറ്റ്.

ചട്ടക്കാരിയിലൂടെ ലക്ഷ്മി ഒരു തലമുറയുടെ ആവേശമായി. ചട്ടക്കാരി മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്തപ്പോഴും ജൂലിയായി സംവിധായകര്‍ ആദ്യം തേടിയത് ലക്ഷ്മിയെയായിരുന്നു. പമ്മന്‍റെ ചട്ടക്കാരി എന്ന കൃതിയെ അടിസ്ഥാനമാക്കി മഞ്ഞിലാസ് ഒരുക്കിയ ഈ സിനിമയില്‍ സോമന്‍, അടൂര്‍ ഭാസി, സുകുമാരി തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍. അടൂര്‍ ഭാസി അവതരിപ്പിച്ച കഥാപാത്രത്തെ റീമേക്കില്‍ ജഗതി ശ്രീകുമാര്‍ ആയിരിക്കും സ്ക്രീനിലെത്തിക്കുക.

ലക്ഷ്മി ജീവന്‍ നല്‍കിയ ഒരു കഥാപാത്രത്തെ അതിലും ഭംഗിയായി അവതരിപ്പിക്കുക എന്നതാണ് പൂര്‍ണയുടെ മുന്നിലുള്ള വെല്ലുവിളി. അടുത്തിടെ രതിനിര്‍വേദം റീമേക്ക് ചെയ്തപ്പോള്‍ ജയഭാരതിയുടെയും ശ്വേതാ മേനോന്‍റെയും പ്രകടനങ്ങള്‍ പലരും താരതമ്യത്തിന് വിധേയമാക്കിയിരുന്നു. അതേ അവസ്ഥ പൂര്‍ണയ്ക്കും ഉണ്ടാകും എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ചട്ടക്കാരിയെ അവതരിപ്പിക്കാന്‍ ഈ യുവനടിക്ക് ഏറെ തയ്യാറെടുപ്പുകള്‍ വേണ്ടിവരും. മാര്‍ച്ച് ആദ്യവാരം ചിത്രീകരണം ആരംഭിക്കും.

എന്നിട്ടും, ഡിസംബര്‍, പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലിഭായ്, ഫ്ലാഷ്, കോളജ് കുമാരന്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച പൂര്‍ണ തമിഴിലാണ് കൂടുതല്‍ തിളങ്ങിയത്. പൂര്‍ണ അഭിനയിച്ച കന്ദക്കോട്ടൈ, വെല്ലൂ‍ര്‍ മാവട്ടം, വിത്തഗന്‍, ആടുപുലി, കൊടൈക്കനാല്‍ തുടങ്ങിയ തമിഴ് സിനിമകള്‍ വിജയം നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :