Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (16:06 IST)
ആമിര്‍ഖാന്‍റെ മെഗാഹിറ്റ് 'പി കെ' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. സാക്ഷാല്‍ കമല്‍ഹാസന്‍ നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് മലയാളത്തിന്‍റെ സ്വന്തം ജീത്തു ജോസഫ് ആണെന്നത് ഏറ്റവും പുതിയ വാര്‍ത്ത.
ജീത്തു കമലിനെ നായകനാക്കി 'പാപനാശം' പൂര്‍ത്തിയാക്കിയതേയുള്ളൂ. ഇപ്പോള്‍ 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ദിലീപ് ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് ജീത്തു. അതിന് ശേഷം പി കെ തമിഴ് റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കും.
ജെമിനി ഫിലിം സര്‍ക്യൂട്ടാണ് 'പി കെ ' തമിഴില്‍ നിര്‍മ്മിക്കുന്നത്. കമല്‍ഹാസനും ജെമിനി കമ്പനി മേധാവികളും സിനിമയുടെ സംവിധാനം ഏറ്റെടുക്കണമെന്ന് ജീത്തു ജോസഫിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റാണ് പി കെ. ബോക്സോഫീസ് കളക്ഷന്‍റെ അടിസ്ഥാനത്തില്‍ ആ സിനിമയ്ക്ക് മുകളില്‍ മറ്റൊന്നില്ല. മലയാളത്തിലെ, ഒരുപക്ഷേ തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ് ദൃശ്യം. പി കെയുടെ റീമേക്ക് ദൃശ്യത്തിന്‍റെ സംവിധായകന്‍ തന്നെയാണ് ചെയ്യേണ്ടതെന്ന് കമലിനും കൂട്ടര്‍ക്കും തോന്നിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ലല്ലോ!