അന്നയും റസൂലും കഴിഞ്ഞു, ഫഹദ് ഫാസില്‍ - രാജീവ് രവി കൂട്ടുകെട്ട് വീണ്ടും!

WEBDUNIA|
PRO
മലയാളികളുടെ മനസില്‍ പ്രണയത്തിന്‍റെ പുതിയ മുദ്രകള്‍ ചാര്‍ത്തിയ ‘അന്നയും റസൂലും’ 2013ലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു. രാജീവ് രവി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഫഹദ് ഫാസില്‍ - ആന്‍ഡ്രിയ ജോഡിയുടെ മനോഹരമായ കെമിസ്ട്രി സാധ്യമായ സിനിമ. ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു ആ ചിത്രത്തിന്. എന്തായാലും രാജീവ് രവി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിന്‍റെ സഹോദരന്‍ വച്ചു നായകനാകുന്ന കാര്യമാണല്ലോ മാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുന്ന വാര്‍ത്തകളില്‍ ഒന്ന്.

അതിലും പ്രാധാന്യമുള്ള മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഫഹദ് ഫാസിലും രാജീവ് രവിയും വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ ഇത്തവണ സംവിധാനമല്ല രാജീവ് രവിയുടെ റോള്‍. ഫഹദിന്‍റെ പുതിയ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രാജീവാണ്. നവാഗതനായ നോവിന്‍ വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ടി അരുണ്‍കുമാറാണ് ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്.

ഈ ചിത്രത്തിന്‍റെ എഡിറ്റര്‍ സംവിധായകനായ അരുണ്‍ കുമാര്‍ അരവിന്ദാണ് എന്നതാണ് മറ്റൊരു പ്രത്യേകത. പ്രിയദര്‍ശന്‍റെ ഒട്ടേറെ സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുള്ള അരുണ്‍കുമാര്‍ അരവിന്ദ്, സംവിധായകനായ ശേഷം മറ്റൊരാള്‍ സംവിധാനം ചെയ്യുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് ഇതാദ്യമാണ്. ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണ് പശ്ചാത്തലസംഗീതമൊരുക്കുക. ശബ്ദസംവിധാനത്തിന് അങ്ങേയറ്റം പ്രാധാന്യമുള്ള ചിത്രത്തിന് ലൈവ് സൗണ്ടാവും ഉപയോഗിക്കുക. സഞ്ജയ് ലീലാ ബന്‍സാലിയുടെ രാംലീല ഉള്‍പ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങള്‍ക്ക് ശബ്ദസംവിധാനം നിര്‍വഹിച്ച ജയദേവന്‍ ആണ് ഈ സിനിമയ്ക്കും ശബ്ദസംവിധാനം നിര്‍വഹിക്കുന്നത്.

നിരവധി വ്യത്യസ്ത മാനങ്ങളുള്ള ഒരു കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സമീപകാല ഫഹദ് ഫാസില്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ത്രില്ലറാണ് ഈ ചിത്രം. ഇന്‍ഡോ-നേപ്പാള്‍ ബോര്‍ഡറും കൊച്ചിയുമാണ് പ്രധാന ലൊക്കേഷനുകള്‍. സിലിക്കണ്‍ മീഡിയയുടെ ബാനറില്‍ പ്രകാശ് ബാരെ നിര്‍മ്മിക്കുന്ന ഈ സിനിമയിലെ കുറച്ചുരംഗങ്ങള്‍ ക്രൈമിന്‍റെയും കാസിനോകളുടെയും നഗരമായ ലാസ്‌വെഗാസില്‍ ചിത്രീകരിക്കുമെന്നും അറിയുന്നു. ഒരു പ്രമുഖ സാഹിത്യകാരന്‍റെ ചെറുകഥയെ ആധാരമാക്കിയാണ് ഈ ത്രില്ലര്‍ ഒരുക്കുന്നതെന്നും വിവരമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :