അപർണ|
Last Modified ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (09:48 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെ മലയാള
സിനിമ പ്രതിസന്ധിയിലായതാണ്. ഇതുവരെ വിവാദങ്ങളിൽ നിന്നും കരകയറാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. അടുത്തിടെ താരസംഘടനയായ അമ്മയ്ക്കെതിരെ ഡബ്ല്യുസിസി രംഗത്തെത്തുകയും കൂടി ചെയ്തതോടെ അത് പൂർത്തിയായിരിക്കുകയാണ്.
ദിലീപ് കേസുമായി ബന്ധപ്പെട്ട് താരത്തെ അമ്മയിൽ നിന്നും പുറത്താക്കണമെന്ന് ശക്തമായ നിലപാടെടുത്തവരിൽ മുൻപന്തിയിൽ പൃഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശൻ എന്നിവരുണ്ടായിരുന്നു. ഡബ്ല്യുസിസിക്കൊപ്പമായിരുന്നു അന്ന് പൃഥ്വി നിലയുറപ്പിച്ചത്. മമ്മൂട്ടി സെക്രട്ടറി ആയിരുന്നപ്പോഴായിരുന്നു സംഭവം. പൃഥ്വിയുടെ ശക്തമായ ആവശ്യത്തെ തുടർന്നാണ് മമ്മൂട്ടി അടക്കമുള്ളവർക്ക് അന്ന് ദിലീപിനെ പുറത്താക്കേണ്ടി വന്നതെന്ന് ആരോപണം ഉയർന്നിരുന്നു.
എന്നാൽ, ദിലീപ് അകത്താണോ പുറത്താണോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്ത സാഹചര്യത്തിലായിരുന്നു നടിമാരായ റിമ കല്ലിങ്കൽ, ഭാവന, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവർ അമ്മയിൽ നിന്നും രാജിവെച്ചത്. അന്നും നടിമാർക്ക് പൂർണ പിന്തുണ നൽകി പൃഥ്വി രംഗത്തെത്തിയിരുന്നു. ഡബ്ല്യുസിസിയും അമ്മയും തമ്മിലുണ്ടായ സ്വരച്ചേർച്ചയിലൊക്കെ പൃഥ്വി തന്റെ നിലപാട് പരസ്യമായി പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു.
എന്നാൽ, സംഘടനകൾ തമ്മിൽ ഇതാദ്യമായാണ് ഒരു തുറന്ന പോര് ഉണ്ടാകുന്നത്. ഡബ്ല്യുസിസിലെ അംഗങ്ങൾ
വാർത്താസമ്മേളനത്തിൽ അമ്മയുടെ പ്രസിഡന്റ് മോഹൻലാലിനെതിരെ രൂക്ഷ വിമർശനങ്ങളാണുയർത്തിയത്. ശേഷം സിദ്ദിഖ് നടിമാർക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നൽ, ഈ വിഷയത്തിൽ പൃഥ്വി ഇതുവരെ തന്റെ നിലപാട് അറിയിച്ചിട്ടില്ല.
സിദ്ദിഖ്, കെപിഎസി ലളിത എന്നിവരുടെ പ്രതികരണത്തിന് ശേഷം നടന്‍ പൃഥ്വിരാജിന്‍ അസാന്നിധ്യം കൂടി ചിലരെ നിരാശരാക്കിയിരിക്കുകയാണ്. നടിയുടെ ഭാഗത്ത് നിന്ന് സംസാരിക്കാനെത്തിയ വനിതാ സംഘനടയിലെ നടിമാരെ അമ്മ അധിഷേപിച്ചതോടെ അവർക്ക് വേണ്ടി സംസാരിക്കാൻ പൃഥ്വിക്ക് മാത്രമേ കഴിയൂ എന്ന് ചിലർ പറയുന്നുണ്ട്.
എന്തുകൊണ്ടാണ് പൃഥ്വി നിലപാട് അറിയിക്കാത്തതെന്ന ചോദ്യത്തിന് സോഷ്യൽ മീഡിയ കണ്ടുപിടിച്ച ഉത്തരമാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കവേ മോഹൻലാലിനെതിരെ പൃഥ്വി എന്തെങ്കിലും പ്രതികരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതണ്ട എന്ന് സോഷ്യൽ മീഡിയ പറയുന്നു.
മമ്മൂട്ടി സെക്രട്ടറി ആയിരുന്ന സമയത്ത് പൃഥ്വി കാണിച്ച ചൂടും ആവേശവും ഇപ്പോൾ മോഹൻലാൽ പ്രസിഡന്റ് ആയിരിക്കുന്ന സമയത്ത് ഇല്ലെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.