സല്‍മാന്‍റെ ടൈഗര്‍ വന്നപ്പോള്‍ തവിടുപൊടിയായത് നമ്മുടെ ചാക്കോച്ചന്‍റെ ടേക്ക് ഓഫ്!
BIJU|
Last Modified ബുധന്‍, 8 നവംബര്‍ 2017 (15:00 IST)
ടൈഗര്‍ സിന്ദാ ഹൈ. സല്‍മാന്‍ ഖാന്‍ നായകനാകുന്ന പുതിയ സിനിമയാണ്. ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായി പ്രദര്‍ശനത്തിനെത്തും. സല്‍മാന്‍ ആരാധകര്‍ക്കെല്ലാം സന്തോഷം പകരുന്ന വാര്‍ത്ത തന്നെയാണ്. പക്ഷേ, മലയാളികള്‍ക്ക് അത്ര സന്തോഷിക്കാനാകുമെന്ന് തോന്നുന്നില്ല.
കാരണം, മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ‘ടേക്ക് ഓഫ്’ എന്ന സിനിമയുടെ അതേ കഥയാണ് ടൈഗര്‍ സിന്ദാ ഹൈ പറയുന്നത്. അതെങ്ങനെ സംഭവിച്ചു എന്നതിന്‍റെ അണിയറപ്രവര്‍ത്തനങ്ങളൊന്നും ഇനി ചികഞ്ഞിട്ട് കാര്യമില്ല. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫാണ് നായിക.
ഇറാഖില്‍ കുടുങ്ങിപ്പോകുന്ന നഴ്സുമാരെ രക്ഷിക്കുക എന്ന ദൌത്യം തന്നെയാണ് ടൈഗര്‍ സിന്ദാ ഹൈയും പറയുന്നത്. ടേക്ക് ഓഫ് പാര്‍വതിയുടെ കാഴ്ചപ്പാടിലുള്ള സിനിമയായിരുന്നെങ്കില്‍ ഈ ഹിന്ദിച്ചിത്രം പൂര്‍ണമായും ഒരു സല്‍മാന്‍ ഖാന്‍ മൂവിയാണ്.
2012ല്‍ പുറത്തിറങ്ങിയ ഏക് ഥാ ടൈഗര്‍ എന്ന ആക്ഷന്‍ സ്പൈ ത്രില്ലറിന്‍റെ രണ്ടാം ഭാഗമായാണ് ടൈഗര്‍ സിന്ദാ ഹൈ ഒരുക്കുന്നത്. സല്‍മാന്‍ ഖാന് ‘സുല്‍ത്താന്‍’ എന്ന മെഗാഹിറ്റ് ചിത്രം സമ്മാനിച്ച അലി അബ്ബാസ് സഫര്‍ ഈ സിനിമയും ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തം.
സമാനമായ കഥയുമായി ടൈഗര്‍ സിന്ദാ ഹൈ ഇറങ്ങുന്ന പശ്ചാത്തലത്തില്‍ ഇനി ടേക്ക് ഓഫ് ഹിന്ദി റീമേക്ക് ചെയ്യേണ്ടതില്ലെന്നാണ് സംവിധായകന്‍ മഹേഷ് നാരായണനും സംഘവും തീരുമാനിച്ചിരിക്കുന്നത്.
ഇറാഖില്‍ തടവിലായ 25 ഇന്ത്യന്‍ നഴ്സുമാരെ രണ്ട് സ്പൈ ഏജന്‍റുമാര്‍ എങ്ങനെ മോചിപ്പിക്കുന്നു എന്നാണ് ടൈഗര്‍ സിന്ദാ ഹൈ പറയുന്നത്. സല്‍മാനും കത്രീനയും ഏജന്‍റുമാരായി അഭിനയിക്കുന്നു. “ഈ റെസ്ക്യു മിഷന്‍റെ വിവരം പറഞ്ഞപ്പോള്‍ തന്നെ സല്‍മാനും കത്രീനയും എക്സൈറ്റഡായി. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരു ഫിക്ഷന്‍ ക്രിയേറ്റ് ചെയ്തിരിക്കുകയാണ്. ഇന്നത്തെ കാലത്ത് നമ്മളെ ബാധിക്കുന്ന വിഷയത്തെയാണ് ഈ സിനിമയില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ആദ്യചിത്രമായ ഏക് ഥാ ടൈഗറില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്” - സംവിധായകന്‍ അലി അബ്ബാസ് സഫര്‍ വ്യക്തമാക്കുന്നു.