തുമ്പി ഏബ്രഹാം|
Last Modified വെള്ളി, 22 നവംബര്‍ 2019 (09:53 IST)
നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ വീണ്ടും പരാതി. നിര്‍മാതാവ് ജോബി ജോര്‍ജാണ് പരാതി നല്‍കിയിരിക്കുന്നത്. വെയില്‍ എന്ന സിനിമയുമായി സഹകരിക്കാന്‍ ഷെയ്ന്‍ നിഗം തയ്യാറാവുന്നില്ലെന്നാണ് പരാതി.
ഷെയ്നും ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വിവാദമായ ചിത്രമായിരുന്നു വെയില്‍. അതേസമയം, ഇനിയുള്ള സിനിമകളില്‍ ഷെയ്നെ സഹകരിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അമ്മയെ അറിയിച്ചു. അങ്ങനെയെങ്കില്‍ ഷെയ്നിന് വിലക്ക് വരാനുള്ള സാധ്യതയുണ്ട്.
നേരത്തെ ഇരുവരും തമ്മിലുള്ള തര്‍ക്കം സംഘടനകള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെ വെയില്‍ സിനിമയുടെ ചിത്രീകരണത്തിനായി വരാമെന്ന് ഷെയ്ന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ഷെയ്ന്‍ ഷൂട്ടിംഗ് സ്ഥലത്ത് എത്തുന്നില്ലെന്നാണ് ജോബി ജോര്‍ജ് പരാതിയില്‍ ഉന്നയിക്കുന്നത്.
ഷെയ്ന് സഹകരിക്കത്തതിനെ തുടര്‍ന്ന് തുടര്‍ന്ന് വെയില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്. സംവിധായകന്‍ ശരതിന് ഷെയ്ന്‍ അയച്ചു നല്‍കിയ വോയിസ് മെസേജും പുറത്തുവന്നിട്ടുണ്ട്. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമെന്നും ഷെയ്ന്‍ പറയുന്ന വോയിസ് മെസേജാണ് പുറത്തുവന്നിരിക്കുന്നത്.