ഇക്കണ്ട പണിയെല്ലാം തന്നിട്ടും മനസിലായില്ലേ ഇയാള്‍ മലയാളിയാണെന്ന്?!

Panchavarna Thatha, Jayaram, Kunchacko Boban, Ramesh Pisharody, പഞ്ചവര്‍ണ്ണതത്ത, രമേഷ് പിഷാരടി, ജയറാം, കുഞ്ചാക്കോ ബോബന്‍
BIJU| Last Modified ചൊവ്വ, 3 ഏപ്രില്‍ 2018 (19:16 IST)
കരിയറില്‍ വലിയ കയറ്റിറക്കങ്ങള്‍ കണ്ട നടനാണ് ജയറാം. ഏറെ വര്‍ഷങ്ങളായി അദ്ദേഹം നായകനാകുന്ന ചിത്രങ്ങള്‍ മികച്ച വിജയം കരസ്ഥമാക്കുന്നതില്‍ പിന്നാക്കം പോകുന്നുണ്ട്. എന്തായാലും ഇപ്പോള്‍ തിരിച്ചറിവിന്‍റെ പാതയിലാണ് മലയാളത്തിന്‍റെ പ്രിയനടന്‍. അഭിനയപ്രാധാന്യമുള്ള മികച്ച വേഷങ്ങള്‍ക്കാണ് ഇപ്പോള്‍ അദ്ദേഹം പ്രാധാന്യം നല്‍കുന്നത്.

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ‘പഞ്ചവര്‍ണതത്ത’ എന്ന ചിത്രം അത്തരത്തില്‍ ജയറാമിന്‍റെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായതാണ്. കുഞ്ചാക്കോ ബോബനും ഈ സിനിമയില്‍ നായകനാണ്. നര്‍മ്മമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ് ഈ ചിത്രം.

ജയറാമിന്‍റെ പതിവ് രീതികളും രൂപവുമൊന്നും ഈ സിനിമയില്‍ ഉണ്ടാവില്ല. തല മൊട്ടയടിച്ച, കുടവയറുള്ള രൂപത്തിലാണ് ജയറാം ഈ സിനിമയില്‍. മാത്രമല്ല, ഈ കഥാപാത്രം പാലക്കാടന്‍ ഭാഷയാണ് സംസാരിക്കുന്നത്. ഒട്ടേറെ പക്ഷിമൃഗാദികളുടെ സാന്നിധ്യവും ചിത്രത്തിന്‍റെ ഹൈലൈറ്റായിരിക്കും.

കുഞ്ചാക്കോ ബോബന്‍ കലേഷ് എം എല്‍ എ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അനുശ്രീ നായികയാകുന്ന ചിത്രത്തില്‍ പ്രേംകുമാര്‍, അശോകന്‍, ബാലാജി ശര്‍മ, ധര്‍മ്മജന്‍, മണിയന്‍‌പിള്ള രാജു, സലിം കുമാര്‍ തുടങ്ങിയവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രമേഷ് പിഷാരടി തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. എം ജയചന്ദ്രനാണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. പശ്ചാത്തല സംഗീതം ഔസേപ്പച്ചന്‍. മണിയന്‍‌പിള്ള രാജുവാണ് നിര്‍മ്മാണം.

ചിത്രത്തിന്‍റെ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. പഞ്ചവര്‍ണതത്ത ജയറാമിന്‍റെ ഗംഭീര തിരിച്ചുവരവിന് കാരണമാകുമെന്ന് കരുതാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :