BIJU|
Last Modified ശനി, 16 സെപ്‌റ്റംബര്‍ 2017 (16:25 IST)
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കറും ഉലകനായകന്‍ കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ആദ്യം ഒന്നിച്ച ‘ഇന്ത്യന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് അണിയറയില്‍ രൂപം കൊള്ളുന്നത്.
ഇപ്പോള്‍ രജനികാന്തിനെ നായകനാക്കി എന്തിരന്‍റെ രണ്ടാം ഭാഗമായ ‘2.0’ സംവിധാനം ചെയ്തുവരുന്ന ഷങ്കര്‍ ആ സിനിമ പൂര്‍ത്തിയായതിന് ശേഷം പൂര്‍ണമായും ഇന്ത്യന്‍ 2ന്‍റെ ജോലികളിലേക്ക് കടക്കും.
അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ആ സിനിമ വന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
ഇന്ത്യന്‍റെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു. ആ സൂചന നല്‍കിയ പ്രതീക്ഷയാണ് ഇപ്പോള്‍ ഷങ്കര്‍ സഫലമാക്കാനൊരുങ്ങുന്നത്.
200 കോടിക്ക് മുകളില്‍ ബജറ്റുള്ള ഒരു സിനിമയായിരിക്കും ഇന്ത്യന്‍ 2. എ ആര്‍ റഹ്‌മാന്‍, സാബു സിറിള്‍, പീറ്റര്‍ ഹെയ്ന്‍, രവിവര്‍മന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്ത്യന്‍ 2 പ്രൊജക്ടുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.