BIJU|
Last Modified വ്യാഴം, 20 ഡിസംബര്‍ 2018 (15:38 IST)
2018ല്‍ ഏഴ് ചിത്രങ്ങളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സ്ട്രീറ്റ് ലൈറ്റ്സ്, പരോള്‍, അങ്കിള്‍, അബ്രഹാമിന്‍റെ സന്തതികള്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നിവയാണ് മമ്മൂട്ടി നായകനായ ചിത്രങ്ങള്‍, ‘ക്യാപ്ടന്‍’ എന്ന സിനിമയില്‍ അതിഥിവേഷത്തില്‍ മമ്മൂട്ടിയെത്തി. ഒടിയനില്‍ മമ്മൂട്ടി ശബ്ദ സാന്നിധ്യവുമായിരുന്നു.
എന്നാല്‍ 2019 മമ്മൂട്ടിയെ സംബന്ധിച്ച് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്ന വര്‍ഷമായിരിക്കും. ഫെബ്രുവരിയില്‍ തന്നെ രണ്ട് മമ്മൂട്ടിച്ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പ്, മഹി രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ‘യാത്ര’ എന്നിവയാണ് ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തുക.
ഫെബ്രുവരി എട്ടിനാണ് ‘യാത്ര’ റിലീസ് ചെയ്യുന്നത്. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വൈ എസ് ആര്‍ ആയി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന ചിത്രം ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്യും. മലയാളം, തമിഴ് പതിപ്പുകളും വരുന്നുണ്ട്.
പേരന്‍പ് അതിന് ദിവസങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്യും. ഇതിനോടകം തന്നെ പ്രദര്‍ശിപ്പിച്ച ഫെസ്റ്റിവലുകളിലെല്ലാം പേരന്‍പ് പേരെടുത്തിട്ടുണ്ട്. മമ്മൂട്ടിയുടെ അടുത്ത ദേശീയ അവാര്‍ഡ് പ്രതീക്ഷയാണ് പേരന്‍പ്.