Last Modified വെള്ളി, 24 ഏപ്രില്‍ 2015 (15:12 IST)
മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ‘രാജശില്‍പ്പി’ എന്ന ചിത്രത്തിലെ ശംഭു. ശില്‍പ്പിയായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമ. ഒരു ശില്‍പ്പിയുടെ ജീവിതം പ്രമേയമാക്കി മറ്റൊരു സിനിമ മലയാളത്തില്‍ ഒരുങ്ങുകയാണ്. നായകന്‍ മോഹന്‍ലാല്‍ അല്ല, സാക്ഷാല്‍ മമ്മൂട്ടി.
കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ശില്‍പ്പിയാകുന്നത്. എന്നാല്‍ രാജശില്‍പ്പി പോലെ ഒരു സീരിയസ് സിനിമ ആയിരിക്കില്ല ഈ കമല്‍ചിത്രം എന്നാണ് റിപ്പോര്‍ട്ട്. ‘ഉട്ടോപ്യയിലെ രാജാവ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പേരില്‍ നിന്നുതനെ ഇതൊരു ഫണ്‍ ഫിലിമാണെന്ന് വ്യക്തമാണ്.
‘ആമേന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം രചിച്ച പി എസ് റഫീക്ക് ആണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. ജ്യുവല്‍ മേരിയാണ് നായിക. ചിത്രീകരണം ഏകദേശം പൂര്‍ത്തിയായ ‘പത്തേമാരി’ എന്ന സിനിമയിലും മമ്മൂട്ടിക്ക് നായിക ജ്യുവല്‍ മേരിയായിരുന്നു. ഔസേപ്പച്ചനാണ് സംഗീതം. നീല്‍ ഡി കുഞയാണ് ഛായാഗ്രഹണം. ജോയ്മാത്യു, നന്ദു, സുനില്‍ സുഖദ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൊടുപുഴയാണ് പ്രധാന ലൊക്കേഷന്‍. അടുത്ത മാസം മധ്യത്തോടെ ചിത്രീകരണം ആരംഭിക്കും.
ഒമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമലും മമ്മൂട്ടിയും ഒത്തുചേരുന്നത്. 2006ല്‍ പുറത്തിറങ്ങിയ കറുത്ത പക്ഷികള്‍ ആണ് ഇവരുടെ അവസാന ചിത്രം. ഒമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മെഗാഹിറ്റ് ലക്‍ഷ്യമാക്കിയാണ് ഈ ടീം വീണ്ടും വരുന്നത്.
മമ്മൂട്ടിയെ നായകനാക്കി നാലു ചിത്രങ്ങളാണ് കമല്‍ ഒരുക്കിയിട്ടുള്ളത്. മഴയെത്തും മുന്‍പേ, അഴകിയ രാവണന്‍, രാപ്പകല്‍, കറുത്തപക്ഷികള്‍ എന്നീ സിനിമകള്‍ കലാപരമായും ബോക്സോഫീസിലും നേട്ടമായിരുന്നു.