Last Modified വ്യാഴം, 18 ഫെബ്രുവരി 2016 (16:07 IST)
മോഹന്‍ലാലിന്റെ പുലിമുരുകന് എന്നും വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രൊജക്ടാണ്. 20 കോടിയിലേറെയാണ് ചിത്രത്തിന്റെ ബജറ്റ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള ആക്ഷന്‍ കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന് ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്.
പുലികളും കടുവകളുമൊത്ത് മോഹന്‍ലാല്‍ നടത്തുന്ന ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രേക്ഷകരുടെ രക്തം ചൂടുപിടിപ്പിക്കുന്ന തരത്തിലുള്ള സംഘട്ടന രംഗങ്ങളാണ് പുലികളുമൊത്ത് മോഹന്‍ലാല്‍ നടത്തിയിരിക്കുന്നതെന്നാണ് വിയറ്റ്നാം വനങ്ങളില്‍ നിന്നുള്ള ലൊക്കേഷന്‍ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.
എന്തായാലും ചിത്രം പുറത്തിറങ്ങാനായി പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും കാത്തിരിക്കുകയാണ്. എന്നാല്‍ അവരെ ആശങ്കപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്. പുലിയുമൊത്തുള്ള ആക്ഷന്‍ രംഗങ്ങള്‍ മോഹന്ലാലിനുമുമ്പേ മമ്മൂട്ടി ചെയ്തിട്ടുള്ളതാണ്. 1989ല്‍ പുറത്തിറങ്ങിയ മൃഗയ എന്ന മെഗാഹിറ്റ് സിനിമയിലാണ് പുലിയും മമ്മൂട്ടിയും ഏറ്റുമുട്ടിയത്.
വളരെ സ്വാഭാവികമായും സാഹസികമായും ചിത്രീകരിച്ചിട്ടുള്ള മൃഗയയിലെ ആക്ഷന്‍ രംഗങ്ങള്‍ ഇന്നും പ്രേക്ഷകരെ ത്രില്ലടിപ്പിക്കും. എന്തായാലും അതിനും മുകളില്‍ നില്ക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ആണെങ്കില്‍ മാത്രമേ പുലി മുരുകനെ പ്രേക്ഷകര്‍ അംഗീകരിക്കൂ എന്നത് വസ്തുതയാണ്.
പുലികളുമൊത്തുള്ള ആക്ഷന്‍ രംഗങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ മോഹന്‍ലാലിനെയും വൈശാഖിനെയും പീറ്റര്‍ ഹെയ്നെയും ആശങ്കപ്പെടുത്തിയതും മൃഗയയില്‍ മമ്മൂട്ടിയും പുലിയും തമ്മില്‍ നടത്തിയ പോരാട്ടം തന്നെയായിരുന്നിരിക്കണം.