“വീണാല്‍ എന്നെ താങ്ങാന്‍ ഞാന്‍ മാത്രമേയുള്ളൂ...” - അഞ്ച് വമ്പന്‍ ചിത്രങ്ങള്‍ വേണ്ടെന്നുവച്ച് ജയസൂര്യ !

ജയസൂര്യ, അമര്‍ അക്ബര്‍ അന്തോണി, ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി, പൃഥ്വിരാജ്
Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (15:02 IST)
ആകെ മാറുകയാണ്. ഇനി വാരിക്കോരി ഡേറ്റൊന്നും ആര്‍ക്കും നല്‍കില്ല. അത് വലിയ സംവിധായകനായാലും വലിയ ബാനറായാലും. കഥയും കഥാപത്രവും പ്രൊജക്ടുമൊക്കെ നോക്കി മാത്രം ചിത്രങ്ങള്‍ തെരഞ്ഞെടുത്താല്‍ മതിയെന്നാണ് താരത്തിന്‍റെ തീരുമാനം. ജയസൂര്യയെ തേടിയെത്തിയ അഞ്ച് ബിഗ് പ്രൊജക്ടുകളാണ് അദ്ദേഹം വേണ്ടെന്നുവച്ചത്. നടനെന്ന നിലയില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സമയമായെന്ന തിരിച്ചറിവാണ് ജയസൂര്യയെ ഇത്തരം കടുത്ത തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിച്ചത്.

“സിനിമകളില്‍ പരാജയങ്ങളും പിഴവുകളും ഉണ്ടായിട്ടുണ്ട്. അത് സ്വാഭാവികമാണ്. ഇനിയതുണ്ടാകരുതെന്നാണ് ആഗ്രഹം. സിനിമകള്‍ വേണ്ടെന്നു വയ്ക്കുന്നത് അഹങ്കാരംകൊണ്ടല്ല, തിരിച്ചറിവുകൊണ്ടാണ്” - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ജയസൂര്യ വ്യക്തമാക്കുന്നു. അമര്‍ അക്ബര്‍ അന്തോണിയാണ് ജയസൂര്യയുടെ പുതിയ റിലീസ്. സു... സു... സുധി വാത്മീകമാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പുതിയ പ്രൊജക്ടുകളൊന്നും ജയസൂര്യ ഏറ്റെടുത്തിട്ടില്ല.

“സിനിമയെ ഗൗരവത്തോടെ മാത്രമേ സമീപിച്ചിട്ടുള്ളൂ. ഇപ്പോഴന്നല്ല എപ്പോഴും. സിനിമയില്‍ എനിക്ക് ഗോഡ്ഫാദറില്ല. വീണാല്‍ എന്നെ താങ്ങാന്‍ ഞാന്‍ മാത്രമേയുള്ളൂ. അപ്പോള്‍ സൂക്ഷിച്ചു വേണം മുന്നോട്ടുപോകാന്‍. ജയസൂര്യ എന്ന നടനില്‍ നിന്ന് ജനങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നുവോ അതിനും ഒരുപടി മുകളിലായി തിരികെക്കൊടുക്കണം എന്നാണ് ആഗ്രഹം. എന്നിലെ നടനോടും എല്ലാം തന്ന സിനിമയോടും നീതി പുലര്‍ത്തണം” - ജയസൂര്യ പറയുന്നു.

“തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം. ആക്ടര്‍ എന്നാല്‍ ഹീറോ അല്ലല്ലോ. നടനെന്ന നിലയില്‍ ഞാനേറെ ആഗ്രഹിക്കുന്നു. കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ക്കായി. കേരളത്തിനു പുറത്ത് മലയാള സിനിമയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജയസൂര്യയുടെയും ഇന്‍ഡസ്ട്രിയല്ലേ എന്ന് ചോദിക്കുന്ന കാലത്തിനായി” - ജയസൂര്യ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :