Last Modified വ്യാഴം, 23 ജൂലൈ 2015 (14:47 IST)
പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. ‘മെമ്മറീസ്’ എന്ന മെഗാഹിറ്റ് ത്രില്ലറിനുശേഷം വീണ്ടും ഒരു ത്രില്ലര്‍ സിനിമയ്ക്കായാണ് ഈ ടീം ശ്രമിക്കുന്നത്. ശക്തിയേക്കാള്‍, ബുദ്ധി ഉപയോഗിച്ച് കുറ്റവാളിയെ കീഴടക്കുന്ന രീതിയായിരിക്കും ഈ ചിത്രത്തില്‍ ഉപയോഗിക്കുക.
ഒക്ടോബര്‍ ആദ്യവാരം ബാംഗ്ലൂരില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ആക്ഷന് പ്രാധാന്യം നല്‍കുന്നതാണെങ്കിലും സ്റ്റണ്ട് സീക്വന്‍സുകളുടെ ആധിക്യമുണ്ടാകില്ല. ദിലീപ് ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയുടെ റിലീസിന് ശേഷം പൃഥ്വി - ജീത്തു ജോസഫ് സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും.
ഈ സിനിമയില്‍ പാട്ടുണ്ടാകില്ലെങ്കിലും കഥാഗതിയില്‍ ശക്തമായ വികാരങ്ങള്‍ അനുഭവവേദ്യമാക്കുന്ന പശ്ചാത്തല സംഗീതം ഹൈലൈറ്റായിരിക്കും. മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത രീതിയില്‍ ഒരു കഥപറച്ചിലിനാണ് ജീത്തു ശ്രമിക്കുന്നത്.
അതേസമയം, മെമ്മറീസ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിനെക്കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്. ജീത്തു തന്നെയായിരിക്കും സംവിധായകന്‍ എന്നാണ് സൂചന.