Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (15:48 IST)
‘ഇവന്‍ മര്യാദരാമന്‍’ ഒരു ദിലീപ് ചിത്രമാണല്ലോ എന്ന് കരുതി തിയേറ്ററില്‍ കാണാന്‍ പോയ പ്രേക്ഷകര്‍ വല്ലാത്ത ഒരവസ്ഥയിലാണ് എത്തിപ്പെട്ടത്. കാണാന്‍ വന്നത് ദിലീപ് ചിത്രം. കണ്ടത് ദിലീപ് അഭിനയിക്കുന്ന ഒരു തെലുങ്ക് സിനിമ. എന്തായാലും ആ സിനിമയ്ക്കേറ്റ കനത്ത പരാജയം ദിലീപിനെ ഒരു വലിയ തീരുമാനത്തിലെത്തിച്ചിരിക്കുകയാണ് - ഇനി റീമേക്ക് ചിത്രം ചെയ്യില്ല.
‘മര്യാദരാമണ്ണ’ എന്ന തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കായിരുന്നു ഇവന്‍ മര്യാദരാമന്‍. തെലുങ്കിലും ഹിന്ദിയിലും വന്‍ വിജയമായ സിനിമ മലയാളത്തില്‍ എട്ടുനിലയില്‍ പൊട്ടി. മലയാളികളുടെ ടേസ്റ്റ് മനസിലാക്കാതെ, അവരുടെ സെന്‍സിബിലിറ്റി ഉള്‍ക്കൊള്ളാതെ പടം റീമേക്ക് ചെയ്തതാണ് വിനയായത്. ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റായ ‘വിക്കി ഡോണര്‍’ എന്ന സിനിമയുടെ അവകാശം വാങ്ങി കൈയില്‍ വച്ചിട്ടുണ്ടെങ്കിലും അത് റീമേക്ക് ചെയ്യേണ്ടെന്ന നിലപാടിലാണ് ഇപ്പോള്‍ ദിലീപ്.
മലയാളികള്‍ എല്ലാ ഭാഷകളിലുമുള്ള സിനിമകള്‍ കാണുന്നവരാണ്. അവര്‍ക്കുമുമ്പിലേക്ക് തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളുടെ ടീമേക്കുകള്‍ അവതരിപ്പിച്ചാല്‍ ഏല്‍ക്കില്ലെന്നാണ് ദിലീപ് തിരിച്ചറിഞ്ഞിരിക്കുന്നത്. റീമേക്കുകള്‍ക്ക് പകരം മലയാളത്തിലെ ഒറിജിനല്‍ സ്ക്രിപ്ടുകള്‍ കേള്‍ക്കാന്‍ കൂടുതല്‍ സമയം മാറ്റിവയ്ക്കുകയാണ് ഇപ്പോള്‍ ദിലീപ്.
പൃഥ്വി എന്ന് നിന്‍റെ മൊയ്തീന്‍ തെരഞ്ഞെടുത്തതില്‍ കാണിച്ച മിടുക്ക് ദിലീപില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.