‘തലപ്പാവ്’ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു

WEBDUNIA|
PRO
“ഞങ്ങള്‍ വധിച്ചവരൊന്നും ജീവിച്ചിരിക്കാന്‍ അര്‍ഹതയുള്ളവരായിരുന്നില്ല” - ഗര്‍ജ്ജനം പോലുള്ള സഖാവ് ജോസഫിന്‍റെ ശബ്ദം പ്രേക്ഷകരുടെ നെഞ്ചിലേക്ക് ഇടിഞ്ഞിറങ്ങി. തലപ്പാവ് എന്ന ചിത്രത്തില്‍ ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് അവതരിപ്പിച്ച ആ കഥാപാത്രവും ലാല്‍ അനശ്വരമാക്കിയ രവീന്ദ്രന്‍ പിള്ള എന്ന കഥാപാത്രവും ഇന്ന്, ഒക്ടോബര്‍ 28ന് പ്രേക്ഷകരുടെ ഉള്ളില്‍ വീണ്ടും ഓടിയെത്തുകയാണ്. നക്സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഐജി ലക്ഷ്മണയ്ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നു.

ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണര്‍ന്നപ്പോള്‍ നടനും എഴുത്തുകാരനുമായ മധുപാല്‍ നക്സല്‍ വര്‍ഗീസിന്‍റെ വധത്തേക്കുറിച്ചാണ് ആദ്യം ചിന്തിച്ചത്. ആ കഥ സിനിമയാക്കാമെന്ന് തീരുമാനിക്കുകയും തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനനെ കാണുകയുമായിരുന്നു. 1970കളില്‍ വയനാട്ടിലെ തിരുനെല്ലിയിലും പരിസരത്തും നടന്ന വിപ്ലവപ്രവര്‍ത്തനങ്ങളെപ്പറ്റി ബാബു ഗവേഷണം നടത്തി. ഒരു കെട്ടുറപ്പുള്ള തിരക്കഥ തയ്യാറാക്കുകയും ചെയ്തു.

‘തലപ്പാവ്’ 2008ലാണ് റിലീസായത്. പൃഥ്വിയുടെയും ലാലിന്‍റെയും ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരുന്നു ആ സിനിമ. കേരളത്തിലെ നക്സല്‍ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വയനാട്ടിലെ ജന്‍‌മി - കുടിയാന്‍ സംഘര്‍ഷങ്ങളെപ്പറ്റിയുമൊക്കെ യുവതലമുറയെ ബോധവത്കരിക്കുന്നതായിരുന്നു ആ ചിത്രം.

മികച്ച നടനായി ലാലിനെയും മികച്ച നവാഗത സംവിധായകനായി മധുപാലിനെയും സംസ്ഥാന സര്‍ക്കാര്‍ ആ വര്‍ഷം പുരസ്കാരം നല്‍കി ആദരിച്ചു. ഇതുള്‍പ്പടെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ തലപ്പാവ് പല വിദേശമേളകളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

നക്സല്‍ വര്‍ഗീസും രാമചന്ദ്രന്‍ നായരും ഐ ജി ലക്ഷ്മണയും വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ‘തലപ്പാവ്’ എന്ന സിനിമയും ചര്‍ച്ച ചെയ്യപ്പെടുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :