ഇളയദളപതി വിജയ് നായകനാകുന്ന ‘തലൈവാ’ സ്വാതന്ത്ര്യദിനത്തില്‍ റിലീസാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ ലൊക്കേഷനാകുന്ന ഈ ചിത്രം വരദരാജ മുതലിയാരുടെ അധോലോക ജീവിതം ഒരിക്കല്‍ കൂടി സിനിമയ്ക്ക് വിഷയമാക്കുകയാണ്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവായുടെ ഓഡിയോ ലോഞ്ച് വിജയുടെ ജന്മദിനമായ ജൂണ്‍ 22ന് നടക്കും.
തലൈവായുടെ തമിഴ്നാട്ടിലെ വിതരണാവകാശം വന്‍ തുകയ്ക്കാണ് വിറ്റിരിക്കുന്നത്. വിജയ്ക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരളത്തിലും വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. ഓവര്‍സീസ് റൈറ്റും വിറ്റുകഴിഞ്ഞു.
മുതലിയാരെപ്പോലെ തന്നെ ഈ വിജയ് കഥാപാത്രവും വെളുത്ത വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കുക. എന്നാല്‍ കമലഹാസന്റെ ‘നായകന്’ എന്ന ചിത്രവുമായി ഈ സിനിമയ്ക്ക് ഒരു സാദൃശ്യവും ഉണ്ടാവില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന സൂചന.
അമല പോള്‍, സന്താനം, സത്യരാജ്, രാജീവ് പിള്ള, മനോബാല തുടങ്ങിയവര്‍ ‘തലൈവാ’യില്‍ അഭിനയിക്കുന്നു. ചന്ദ്രപ്രകാശ് ജെയിന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിരവ് ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ജി വി പ്രകാശ്. എഡിറ്റിംഗ് ആന്റണി.
വിജയുടെ കഴിഞ്ഞ ചിത്രമായ തുപ്പാക്കിയും മുംബൈയില്‍ നടക്കുന്ന കഥയായിരുന്നു പറഞ്ഞത്. തുപ്പാക്കിയുടെ മെഗാവിജയത്തിന്റെ പശ്ചാത്തലത്തില്‍ തലൈവാ വലിയ പ്രതീക്ഷയാണുയര്‍ത്തിയിരിക്കുന്നത്.