സോള്‍ട്ട് ആന്‍റ് പെപ്പര്‍: കാളിദാസനായി പ്രകാശ്‌രാജ് !

WEBDUNIA|
PRO
മലയാളത്തില്‍ മെഗാഹിറ്റായ ‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ പ്രകാശ്‌രാജ് തമിഴിലും തെലുങ്കിലും കന്നഡയിലും ഒരുക്കുന്നു. മൂന്നുഭാഷകളിലും പ്രകാശ്‌രാജ് തന്നെ ചിത്രം സംവിധാനം ചെയ്യും. ലാല്‍ അവതരിപ്പിച്ച കാളിദാസന്‍ എന്ന നായക കഥാപാത്രത്തെ പ്രകാശ്‌രാജ് തന്നെ മൂന്നുഭാഷകളിലും അവതരിപ്പിക്കും.

സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രധാനപ്പെട്ട ഒരു റിപ്പോര്‍ട്ട്, സോള്‍ട്ട് ആന്‍റ് പെപ്പറില്‍ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിലും തെലുങ്കിലും കന്നഡയിലും പൃഥ്വിരാജ് അവതരിപ്പിക്കും എന്നതാണ്. മൊഴി, വെള്ളിത്തിരൈ, അഭിയും നാനും, അന്‍‌വര്‍ എന്നീ സിനിമകള്‍ക്ക് ശേഷം പ്രകാശ്‌രാജും പൃഥ്വിരാജും സോള്‍ട്ട് ആന്‍റ് പെപ്പര്‍ റീമേക്കുകളിലൂടെ ഒന്നിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയ പ്രകാശ്‌രാജ് ‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ റീമേക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും സജീവമായിരുന്നു.

പ്രകാശ്‌രാജ് ഇപ്പോള്‍ ഹിന്ദിയിലെയും ഏറ്റവും തിരക്കുള്ള വില്ലന്‍ നടനാണ്. പ്രകാശ് അഭിനയിക്കുന്ന പത്തോളം പ്രൊജക്ടുകളാണ് ഹിന്ദിയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അതേസമയം തമിഴ്, തെലുങ്ക് ഭാഷകളിലും പ്രകാശ്‌രാജ് പറന്നുനടന്ന് അഭിനയിക്കുകയാണ്. ഇതിനൊപ്പം തന്‍റെ നിര്‍മ്മാണക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളും പ്രകാശ് സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നു. രാധാമോഹന്‍ സംവിധാനം ചെയ്യുന്ന ‘ഗൌരവം’ ആണ് പ്രകാശ്‌രാജ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം.

ഈ വര്‍ഷം തന്നെ തമിഴ് സോള്‍ട്ട് ആന്‍റ് പെപ്പറിന്‍റെ ജോലികള്‍ ആരംഭിക്കാനാണ് പ്രകാശ്‌രാജ് ഒരുങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :