പൃഥ്വിരാജ് നായകനായി ഒടുവിലെത്തിയ സിനിമ ‘മാസ്റ്റേഴ്സ്’. നല്ല പടമായിരുന്നു. സമീപകാലത്ത് മലയാളത്തില്‍ റിലീസായ അഴകൊഴമ്പന്‍ സിനിമകളെപ്പോലെയായിരുന്നില്ല മാസ്റ്റേഴ്സ്. നല്ല ഒരു എലമെന്‍റും അതിന്‍റെ മികച്ച രീതിയിലുള്ള എക്സിക്യൂഷനും ഉണ്ടായിരുന്നു.
എന്നാല്‍ ബോക്സോഫീസില്‍ മാസ്റ്റേഴ്സ് അത്ര മികച്ച പ്രകടനമല്ല നടത്തിയത്. അല്‍പ്പം വയലന്‍സ് കൂടിപ്പോയതിനാല്‍ മാസ്റ്റേഴ്സ് കളിക്കുന്ന തിയേറ്ററുകളില്‍ നിന്ന് കുടുംബങ്ങള്‍ അകന്നുനിന്നത് കുഴപ്പമായി. കിംഗ് ആന്‍റ് കമ്മീഷണര്‍, കോബ്ര, മായാമോഹിനി തുടങ്ങിയ വലിയ ചിത്രങ്ങളുടെ സാനിധ്യവും മാസ്റ്റേഴ്സിന്‍റെ പ്രകടനത്തെ ബാധിച്ചു.
എന്നാല്‍ മാസ്റ്റേഴ്സിന്‍റെ ബോക്സോഫീസ് വിധി പൃഥ്വിരാജിന്‍റെ താരമൂല്യത്തെ ബാധിച്ചുവോ? ‘തീരെയില്ല’ എന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘സിംഹാസനം’ എന്ന ചിത്രം ചിത്രീകരണം പൂര്‍ത്തിയായി വരുന്നതേയുള്ളൂ. അതിനുമുമ്പേ സിനിമ ലാഭമായി!
അതെന്തു മാജിക് എന്നാണോ? സിനിമയുടെ അവകാശങ്ങള്‍ വിറ്റ വഴിക്കാണ് സിംഹാസനത്തിന്‍റെ നിര്‍മാതാവ് ചന്ദ്രകുമാറിന് കോടികളുടെ ലാഭം ലഭിച്ചത്. സിംഹാസനത്തിന്‍റെ വിതരണാവകാശം രണ്ടരക്കോടി രൂപയ്ക്കാണ് ഒരു വിതരണക്കമ്പനി സ്വന്തമാക്കിയത്.
മാത്രമല്ല, സിംഹാസനത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് ഒരു ടി വി ചാനല്‍ 2.70 കോടി രൂപ കൊടുത്താണ് വാങ്ങിയത്. സിനിമയുടെ ഇന്ത്യന്‍ വീഡിയോ റൈറ്റും ഓവര്‍സീസ് റൈറ്റും കൂടി 30 ലക്ഷം രൂപയ്ക്ക് മേല്‍ ലഭിക്കും.
മൂന്നരക്കോടി രൂപ ബജറ്റില്‍ സിംഹാസനം പൂര്‍ത്തിയാകുമെന്നാണ് സൂചന. അതായത് റിലീസിന് മുമ്പ് തന്നെ സിംഹാസനം രണ്ടുകോടിയോളം രൂപ ലാഭം നേടിയിരിക്കുന്നു!
ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ മുടക്കുമുതല്‍ തിരിച്ചുപിടിക്കുമെന്നാണ് സൂചന. ആ സിനിമ വേണ്ട രീതിയില്‍ സ്വീകരിക്കപ്പെടാത്തത് ഷാജിക്ക് തിരിച്ചടിയായെങ്കിലും സിംഹാസനത്തിന്‍റെ പുതിയ നേട്ടം ഷാജിക്ക് സന്തോഷം നല്‍കിയിരിക്കുകയാണ്.
‘നാടുവാഴികള്‍’ എന്ന പഴയ സൂപ്പര്‍ഹിറ്റിനെ ആധാരമാക്കിയെടുക്കുന്ന സിംഹാസനത്തിന്‍റെ തിരക്കഥ ഷാജി കൈലാസ് തന്നെയാണ്. രണ്‍ജി പണിക്കരാണ് സംഭാഷണ രചനയ്ക്ക് മേല്‍നോട്ടം വഹിച്ചത്.